എ മൈനസ് ബി വായിച്ചതിനു ശേഷമാണ് ഞാന്‍ കോവിലനുമായി പരിചയത്തിലാകുന്നത്. എന്റെ കോളേജ് പഠന കാലം “കോളേജെല്ലാം കുന്നിന്മേല്‍, കുട്ടികളെല്ലാം കൂനിന്മേല്‍” എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ഉള്ളിലിട്ടലിയിച്ച് ചരല്‍ നിരത്തിലൂടെ പറങ്കിമാവിന്‍ തണലുകള്‍ കടന്ന് കുന്നു കയറിച്ചെല്ലുമ്പോള്‍ പിരിയുന്ന വഴികല്‍ വലത്തോട്ടു തിരിഞ്ഞു കുത്തനെ കയറി കുറെ ദൂരം നടന്ന്, മഹാ ശിലാ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങള്‍ പിന്നിട്ട് വീണ്ടും വലത്തോട്ട് തിരിഞ്ഞ് നേരെ നടന്നാല്‍ വലതു ഭാഗത്തായി ‘ഗിരി’ കോവിലന്റെ വസതി. മുന്നില്‍ മുനിമട. പുരാവസ്തു വകുപ്പിന്റെ കമ്പിവേലി സംരക്ഷണ ത്തിലാണെങ്കിലും ഇടയ്ക്കിടെ ഞങ്ങള്‍ അതിനുള്ളിലേ ക്കിറങ്ങിയിരിക്കും. ജ്ഞാന വൃദ്ധന്മാരുടെ ഗന്ധത്തിനായി മൂക്കു വിടര്‍ത്തും.
സമയം നീക്കണമല്ലോ. നാലു മണി കഴിയണം. കോവിലന്‍ ഉച്ച മയക്കത്തില്‍ നിന്നെണീക്കാന്‍. ഒട്ടു നേരം മുനിമടയില്‍. പിന്നെ തൊട്ടപ്പുറത്തെ പറങ്കി മാവിന്റെ ശിഖരങ്ങളില്‍ സൂര്യന്‍ പടിഞ്ഞാട്ടു ചായുനതും നോക്കി അസ്തമനച്ചുവപ്പും ആസ്വദിച്ച് കുന്നിന്മുകളിലെ പക്ഷികളുടെ ചിലപ്പും ചിറകടിയും കേട്ട് അങ്ങനെ നേരം നീക്കും. എന്റെയൊപ്പം ഒന്നു രണ്ടു ചങ്ങാതിമാരും കാണും. ഒറ്റക്കു ആദ്യമൊന്നും കാണാന്‍ പോകാറില്ലായിരുന്നു. ഒറ്റക്കു കോവിലനെ നേരിടുവാനുള്ള ഉള്‍ഭയവും, പൊതുവെ സംസാര വിമുഖനായ എനിക്കു സാഹിത്യ സംഭാഷണങ്ങളെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാതിരിക്കുമോ എന്ന പേടിയും തന്നെ കാരണം.
എന്നാല്‍ അത്തരം കൊച്ചു കൊച്ചു പേടികളൊക്കെ വളരെ വേഗം ഇല്ലാതായി. നാലും മണി നേരത്ത് തൊടിയിലെ പോക്കുവെയിലിലേക്കും തൊട്ടു മുമ്പില്‍ റോഡിനപ്പുറത്തെ ലക്ഷം വീടു കോളനിയിലേക്കും ഇടയ്കിടെ കണ്‍വെട്ടിച്ച് കോവിലന്‍ സംഭാഷണം തുടങ്ങും. അതു സാഹിത്യമാകാം, സംസ്കാരമാകാം, സയന്‍സാകാം, രാഷ്ടീയമാകാം, പട്ടാളത്തിലെ അനുഭവ കഥനങ്ങളാകാം. എന്തായാലും കേട്ടിരുന്നാല്‍ സമയം നീങ്ങുന്നതറിയില്ല. കോവിലന്‍ സ്റ്റൈലില്‍ ഭാഷയുടെ മുന കൂര്‍പ്പിച്ച്, നിര്‍ത്തി നിര്‍ത്തി, സ്പഷ്ടമായ് ഉച്ചാരണത്തോടെയുള്ള അനര്‍ഘള പ്രവാഹം. അതിനിടെ ടീച്ചര്‍ ചായയുമായി വരും. വീണ്ടും തുടരും സംഭാഷണങ്ങള്‍. ആരോടാണീ സംഭാഷണങ്ങള്‍? പ്രായം കൊണ്ട് നാല്പതു വര്‍ഷങ്ങളുടെ വ്യത്യാസം ഉള്ളവരുമായാണ് ഒരു ജനറേഷന്‍ ഗ്യാപ്പുമില്ലാതെ ഈ സംഭാഷണങ്ങള്‍. സൂര്യനു കീഴിലുള്ള എന്തിനെ കുറിച്ചും ചോദിക്കാം. സംഭാഷണത്തിനിടെ ചില നിശ്ചല നിമിഷങ്ങളുണ്ടാകും. അപ്പോള്‍ അദ്ദേഹം ചിന്തിച്ചു കൊണ്ടിരിക്കുകയാകും. ഭാരതത്തിന്റെ എത്രയോ പ്രദേശങ്ങളില്‍ സഞ്ചരിച്ച ആളാണ്… ഓര്‍ക്കുകയാകും… ഓര്‍ത്തെടുക്കുകയാകും….
കവിതയുടെ രൌദ്ര സംഗീതം കടമ്മനിട്ടയിലൂടെ നാം ആസ്വദിച്ചിട്ടുണ്ട്. ഒരപൂര്‍വ്വ അനുഭവമായിരുന്നല്ലോ ആ ചൊല്‍ക്കാഴ്ച. റെക്കോര്‍ഡ് ചെയ്തു വച്ചിട്ടുള്ളതിനാല്‍ ഇന്നും നമുക്കതു ആസ്വദിക്കാം. കോവിലന്റെ സംഭാഷണങ്ങളും അതിന്റെ നാട്ടു തനിമകള്‍ കൊണ്ട് വേറിട്ടോരു അനുഭവം തന്നെയായിരുന്നു. ആരെങ്കിലും അതു റെക്കോര്‍ഡ് ചെയ്തു വച്ചിട്ടുണ്ടാകുമോ? ഉണ്ടെന്ന് തോന്നുന്നില്ല. ഇന്ന് അക്കാര്യത്തില്‍ ഒരു നഷ്ടബോധം തോന്നുന്നു. കോവിലന്‍ രചനകളിലെ വാക്യ ഘടനകള്‍ പോലെത്തന്നെ ഏറെ വ്യത്യസ്ഥമായിരുന്നു ആ സംഭാഷണ രീതികളും.
“തന്റെ വാക്കുകള്‍ പരുഷമാക്കി ത്തീര്‍ക്കുവാനും, തന്റെ വാക്കു ചടുലമാക്കി ത്തീര്‍ക്കുവാനും ക്രിയയകള്‍ക്കു പ്രാധാന്യം കൊടുക്കുവാനും തന്റെ വിശേഷങ്ങള്‍ വേര്‍പ്പെടുത്തി പ്പറയുവാനും ഉള്ള ശൈലീ വിജ്ഞാനീയം കോവിലനു ജീവിതത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. ‘അയാള്‍ക്കൊരു മീശയുണ്ട് ‘ എന്നല്ല അദ്ദേഹം പറയുന്നത്, ‘അയാള്‍ക്കൊരു കൊമ്പന്‍ മീശയുണ്ട് ‘ എന്നുമല്ല പറയുന്നത്, മറിച്ച് അയാള്‍ക്കൊരു ‘മീശയുണ്ട്, കൊമ്പന്‍’ എന്നാണ്… അതിന്റെ സാമാന്യമായ അര്‍ഥം കൊമ്പന്‍ എന്നുള്ളത് നിങ്ങള്‍ വിഴുങ്ങിക്കളയരുത് എന്നാണ്… അദ്ദേഹം ഭാഷയുടെ ഘടന മാറ്റിത്തീര്‍ക്കുകയും നിങ്ങളുടെ തലച്ചോറിലേക്ക് തന്റെ ആഗ്രഹം, തന്റെ ഇച്ഛ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു” എം. എന്‍. വിജയന്‍.
സൌഹൃദത്തെ കുറിച്ച് പറഞ്ഞപ്പോളാണ്, അത്ര എളുപ്പത്തിലൊന്നും കോവിലനുമായി സൌഹൃദത്തിലാവുക സാധ്യമല്ല. എന്നാല്‍ എങ്ങനെയതു എളുപ്പത്തിലാക്കും എന്നും എനിക്കു പറയാനൊക്കില്ല. പലരും പരാതി പറഞ്ഞു കേട്ടിട്ടുണ്ട്. കോവിലനെ കാണാന്‍ ചെന്നു, പറ്റിയില്ല. പുസ്തകം കൊടുക്കാന്‍ പോയി, കഴിഞ്ഞില്ല. എന്നൊക്കെ. പലപ്പോഴും ഈ സന്ദര്‍ശകരുടെ സമയം കോവിലനുമായി യോജിച്ചിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. ഉച്ചയുറക്കത്തിനുള്ള തയ്യാറെടുപ്പിലാകും ചിലപ്പോള്‍ മേല്‍പ്പറഞ്ഞ സന്ദര്‍ശകരുടെ വരവ്. അതു കോവിലനിഷ്ടപ്പെട്ടു കാണില്ല. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ. ആര്‍. വിനയന്‍ അടുത്ത സുഹൃത്തായിട്ടു കൂടി ഒരിക്കല്‍ “ഗിരി”യില്‍ ചെന്നപ്പോള്‍ മടങ്ങി പ്പോരേണ്ടി വന്നതായി എഴുതിയിട്ടുണ്ട്.
എണ്‍പതുകളുടെ ആദ്യ പാദത്തില്‍ ഒരിക്കല്‍ ഞങ്ങളുടെ സുഹൃദ്സംഘം തൃശ്ശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍ മഹാകവി വൈലോപ്പിള്ളിയെ കണ്ടുമുട്ടിയ കഥ ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. സൈക്കിളുരുട്ടി നടക്കുകയാണ് മഹാകവി. കിട്ടിയ സന്ദര്‍ഭം മുതലെടുക്കാന്‍ ഞങ്ങള്‍ കവി പോകുന്നിടത്തൊക്കെ ഒപ്പം നടന്നു. ഗുരുവായൂരിലാണു വീടെന്നും, കോവിലനെ പരിചയമുണ്ടെന്നും പറഞ്ഞപ്പോള്‍ മഹാകവി ഞങ്ങളെ ഉപദേശിച്ചത്, ഇടയ്ക്കിടെ ചെന്ന് ബുദ്ധിമുട്ടിക്കരുത്, കോവിലന്‍ ആലോചനകളില്‍ മുഴുകിയിരിക്കുകയോ എഴുതുകയോ ആകും, ശല്യം ചെയ്യരുത് എന്നായിരുന്നു. എന്റെ കഥകള്‍ കോവിലന് വായിക്കുവാന്‍ കൊടുക്കുമായിരുന്നു. വായിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തി അദ്ദേഹമതു മടക്കിത്തരും. പെട്ടെന്നൊന്നും കിട്ടില്ല. ദിവസങ്ങളെടുത്താണ് വായനയും തിരുത്തും. പക്ഷെ അതു പിന്നീട് വായിക്കുമ്പോഴാണ് എങ്ങനെയാണ് വാക്കുകളെ ചെത്തിക്കൂര്‍പ്പിക്കുന്നത് എന്ന് അല്‍ഭുതപ്പെടുക!
കഥ ആരുടേതായാലും വായിക്കാന്‍ സാവകാശവും ഏകാന്തതയും വേണം. എല്ലാ കഥകള്‍ക്കുമുണ്ട് അകം പുറം; ഏതു കരിയിലയ്ക്കും. അകം പുറമായാല്‍ രൂപമാകില്ല. കഥയുടെ അരികുകള്‍ കാണണം, നട്ടെല്ലു കാണണം, നട്ടെല്ലില്‍ നിന്നുയര്‍ത്ത ഞരമ്പുകള്‍ കാണണം, കഥയും കരിയിലയും തിരിച്ചറിയാന്‍. ഒരിലയില്‍ നിന്നും വൃക്ഷം തിരിച്ചറിയുന്നു. കഥ രൂപപ്പെട്ടതെങ്ങിനെ? ഇതു ജൈവ സമസ്യയാകുന്നു – കോവിലന്‍. (അമ്മയായോരമ്മ എന്ന കഥാ സമാഹാരത്തിന്റെ മുഖക്കുറിപ്പ് 1994)
നിര്‍ഭയനായ ഒരു ഗ്രാമീണന്‍, കോവിലന്റെ പീഡിത സത്തയുടെ ഭാഗം തന്നെയായിരുന്നു. ദാരിദ്രത്തിന്റേയു, സ്വാതന്ത്ര്യ വാഞ്ചയുടേയും തീവ്രാനുഭവങ്ങള്‍ പീഢിത ജനകോടികളോട് താദാത്മ്യം പ്രാപിക്കുന്ന ഒരു മനസ്സു സൂക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗാന്ധിജി ജയിലില്‍ കിടക്കുമ്പോള്‍ തനിക്കു പഠിക്കാന്‍ വയ്യെന്നു പറഞ്ഞ് സംസ്കൃത കോളേജിന്റെ പടികളിറങ്ങിപ്പോന്നു. ആ പോക്ക് കോവിലനെ പട്ടാളത്തിലെത്തിച്ചു. പിന്നീടുണ്ടായ വൈദ്യുതാഘാതങ്ങള്‍ നിറഞ്ഞ അനുഭവങ്ങള്‍, ജീവിതത്തിലുടനീളം ഒരു നിഷേധിയുടെ എതിര്‍പ്പ് ഉള്ളിലുറപ്പിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. സാഹിത്യത്തി നപ്പുറത്തേക്ക് മാനവിക സംസ്കാരത്തിലേക്കും, ഹരിത രാഷ്ടീയത്തിലേക്കും അങ്ങിനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലേക്കും ഉണര്‍ന്നിരിക്കാന്‍ ആ മനസ്സ് പ്രാപ്തമായി. അതിനാല്‍ ഒരു പ്രലോഭനത്തിനു മുന്നിലും അദ്ദേഹം നട്ടെല്ലു വളച്ചില്ല. സാഹിത്യ തമ്പുരാക്കന്മാര്‍ ഏറെക്കാലം കോവിലനെ അവഗണിച്ചു കൊണ്ടിരുന്നതിന്റെ കാരണമതായിരുന്നു. കോവിലന്‍ അവര്‍ക്കു അനാദരണീയനായിരുന്നു. എന്തു കൊണ്ടെന്നാല്‍ യാഥാസ്ഥിതികത്വവുമായി എന്നും അദ്ദേഹം ശത്രുതയിലായിരുനു. എഴുത്തു കോവിലനു അക്ഷീണ പ്രയത്നം തന്നെയായിരുന്നു. എളുപ്പ വഴിയിലൂടെ രചിക്കപ്പെട്ട കൃതികളായിരുന്നില്ല അത്. ഇന്നത്തെ പല എഴുത്തുകാര്‍ക്കും കോവിലന്റെ അനുഭവ കഥനം ചിലപ്പോല്‍ അല്‍ഭുതമായേക്കും.
“എഴുത്ത് എനിക്കെന്നും സാഹസമാകുന്നു. സുഖകരമായ ഭക്ഷണം പാടില്ല. നിറച്ചുണ്ണാന്‍ വയ്യ. ധാരാളം വെള്ളം കുടിക്കുന്നതു കൊണ്ട് ഉറക്കം കിട്ടില്ല. ഉറക്കം പിടിച്ചാല്‍ മൂത്ര ശങ്കയായി. ഉറങ്ങാന്‍ പാടില്ല. എഴുതാനുള്ളത് തീര്‍ത്തല്ലാതെ നേരെ ചൊവ്വെ ഉറക്കമില്ല. എന്റെ തലയില്‍ നിലാവാകുന്നു. എനിക്കു ഭ്രാന്താകുന്നു. എന്നും ഞാനെഴുതിയത് ഭ്രാന്തന്റെ ജല്പനം മാത്രമാകുന്നു. ഓരോ കഥ തീരുമ്പോഴും ആത്മ വിശ്വാസം തിരിച്ചു കിട്ടുന്നു” (കഥയുടെ കഥകള്‍ – കോവിലന്‍)
പ്രസിദ്ധീകരണങ്ങളില്‍ പ്രകാശനം ചെയ്തതിനു ശേഷവും പലതും വീണ്ടും തിരുത്തിയെഴുതിയിട്ടുണ്ടെന്ന് കോവിലന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അതൊരു പീഡനമായി അദ്ദേഹത്തില്‍ നിറഞ്ഞിരുന്നു എന്ന് അനുമാനിക്കാം. “വീട്ടില്‍ വെച്ച് ‘തറവാട്’ എന്ന കൊച്ചു നോവല്‍ എഴുതിത്തുടങ്ങും മുമ്പ് പത്തു മാസത്തോളം ഞാന്‍ അലഞ്ഞു നടന്നു. എപ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുക എന്നു നിശ്ചയമില്ല. ഒരു ലക്കിന് ഇറങ്ങി നടക്കും. ആറേഴു നാഴികയകലെ പെരുമലയുടെ മുകളില്‍ കയറി, ഈ വിശാലമായ ലോകത്തേക്ക് ഒന്നെത്തി നോക്കും. എത്ര മധുരമായ പ്രകൃതി ദൃശ്യമാണെന്നോ! എന്റെ തലയൊന്നു തണുക്കും. വീട്ടിലേക്ക് തിരിച്ചു നടക്കുകയായി. ഒരു പച്ച ഈര്‍ക്കിലിയോ, ഇല്ലിയോ വിരലിട്ട് തുടരെ ചുഴറ്റി കൊണ്ട് ചരല്‍പാതയിലൂടെ നടക്കാറുള്ളപ്പോള്‍ എന്റെ നല്ല ചങ്ങാതിമാര്‍ എന്നോട് മിണ്ടാറില്ല. തലയ്ക്കകത്ത് എന്തോ കറങ്ങുന്നുണ്ടെന്ന് അവര്‍ക്കറിയാം.”
എഴുത്തില്‍ നൂറു ശതമാനവും ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്നതു കൊണ്ടാണ് ഇന്നും ആ രചനകള്‍ നമ്മെ കൊളുത്തി വലിക്കുന്നത്. ജീവിതത്തിന്റെ ഊഷര ഭൂമികളിലെ തീവ്രമായ അനുഭവങ്ങള്‍ സ്വയമനുഭവിച്ച് അത് ഭാഷയില്‍ ആവിഷ്ക്കരിക്കുമ്പോള്‍ വായനക്കാരെ അതു പൊള്ളിക്കാതെ വയ്യല്ലോ. അടിസ്ഥാന ജീവിത സമസ്യകളോടുള്ള തീവ്രമായ പ്രതികരണം തന്റെ സമകാലികരായ എഴുത്തുകാരനില്‍ നിന്ന് കോവിലനെ വ്യതിരിക്തനാക്കുന്നു. പട്ടാള കാഥികന്‍ എന്ന കള്ളിയില്‍ അദ്ദേഹത്തെ തളച്ചിടാന്‍ ശ്രമിച്ചെങ്കിലും, ഭാഷയെ ഒരു യുദ്ധോപകരണ മാക്കിത്തീര്‍ത്ത കോവിലന്‍ ഭാവിയുടെയും എഴുത്തുകാരനായി വളരുക തന്നെയായിരുന്നു.
മണ്ണില്‍ വേരുകള്‍ പടര്‍ത്തുന്ന രാഷ്ട്രീയ അവബോധമായിരുന്നു കോവിലന്റെത്. നശിച്ച കക്ഷി രാഷ്ട്രീയ പരിഗണന കളായിരുന്നില്ല അവിടെ നാം കണ്ടത്. ഒരു സോഷ്യോളജിസ്റ്റിന്റെയോ, തത്വ ശാസ്ത്രജ്ഞന്റെയോ, മികവാര്‍ന്ന അവബോധം ആ വാക്കുകളിലും രചനകളിലും നമുക്കു ദര്‍ശിക്കാം. മലയാളത്തിലെ പല എഴുത്തുകാര്‍ക്കും ഇല്ലാത്ത രാഷ്ട്രീയാവബോധത്തിന്റെ ഒരു പുതിയ ദിശാസൂചി നമുക്കദ്ദേഹത്തില്‍ കാണാം. ഇന്ത്യന്‍ ജീവിതാനുഭവങ്ങളുടെ അടരുകളെ ലോകാനുഭവങ്ങളുമായി ഇഴ ചേര്‍ത്ത് ഉരുവപ്പെടുത്തിയ ജീവിത ദര്‍ശനത്തിന്റെ തിളക്കമാര്‍ന്ന മുഖമാണത്.
കോവിലന്‍ ഇങ്ങനെ എഴുതി: ” മനുഷ്യ പുരോഗതിയുടെ മൗലിക ഘടകം കുടുംബമാത്രേ. കുടുംബ സംവിധാനം മനുഷ്യനെ ലോക യുദ്ധങ്ങളിലേക്കും ത്രിലോകാന്തക പദവിക്കു വേണ്ടിയുള്ള മത്സരത്തിലേക്കും വളര്‍ത്തി. ഭസ്മാസുരന്റെ കൈ സ്വന്തം തലയ്ക്കു മുകളില്‍ തയ്യാര്‍! എന്നാല്‍ മറക്കരുത്, മനുഷ്യന്‍ ചന്ദ്രനിലുമെത്തി. അവന്റെ ഗോളാന്തര യാത്രയിലും മനുഷ്യനാധാരം മണ്ണാകുന്നു, ഈ മണ്ണ്, ഈ ഭൂമി, ഈ ഭൂമിയില്‍ ഊര്‍ജ്ജം…” (ബഷീര്‍ ഓര്‍മ്മകളില്‍ – കോവിലന്‍)
സമകാലിക അവസ്ഥയില്‍ പ്രസക്തമായ ഇത്തരം ദര്‍ശനങ്ങള്‍ കോവിലന്‍ സ്വന്തം ജീവിതാനുഭാവങ്ങളില്‍ നിന്നും സ്വായത്തമാക്കിയതാണ്. തന്മൂലം അതു തന്റെ ജീവിതത്തിലും കലയിലും പകര്‍ത്താതിരിക്കാന്‍ അദ്ദേഹത്തിനാവില്ല. കേരളീയവും ഭാരതീയവുമായ ജീവിതാവസ്ഥകളെ ലോകാനുഭവ ങ്ങളിലേക്കുയര്‍ത്തി ഭാഷയുടെ (ഓര്‍മ്മയുടെയും) അസ്ഥികളില്‍ സൂക്ഷിക്കുന്ന എഴുത്തനുഭവം. അതു കൊണ്ടാണ് പുനര്‍ വായനകളില്‍ ആ രചനകള്‍ അനുവാചകരില്‍ പുതിയ തിളക്കത്തോടെ സവിശേഷാനുഭവങ്ങളുടെ പച്ചപ്പുകള്‍ പകരുന്നത്. മലയാളത്തില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രം അവകാശ പ്പെടാവുന്നതാണ് ഇത്. വരും കാലം അതു വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തി ക്കൊണ്ടിരിക്കുകയും ചെയ്യും.
ഇതിവൃത്തം എന്ന വളയത്തില്‍ നിന്നു ചെറുകഥയെ ഊരിയെടുത്ത വൈക്കം മുഹമ്മദ് ബഷീര്‍ ഒരിക്കല്‍ ചോദിച്ചു
“നീ എന്തുകൊണ്ടെഴുതുന്നു? ”
മിഴിച്ചു നിന്നു പോയി. ബഷീര്‍ വിശദീകരിക്കുന്നു.
“വാല്മീകി മുതല്‍ ബഷീര്‍ വരെയുള്ളവര്‍ എഴുതുയിട്ടുണ്ട്. നീ ഒരുത്തന്‍ എഴുതാതിരുന്നാല്‍ സാഹിത്യത്തിന് എന്തു നഷ്ടം?” (കോവിലന്‍- പുതിയ ചക്രവാളങ്ങള്‍)
– ബഷീര്‍ മേച്ചേരി
- സ്വന്തം ലേഖകന്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം