തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന് കെ. ശശികുമാറിന് നല്‍കും. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 19 ന് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് എന്‍. എസ്. മാധവന്‍ എഴുതിയ ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’ എന്ന കഥയെ അടിസ്ഥാനമാക്കി എടുത്ത കായാതരണ്‍ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം. ഈ ചിത്രത്തിന് 2004 ലെ ജി. അരവിന്ദന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. പി. രവീന്ദ്രന്റെ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’ ജയരാജിന്‍റെ ‘ലൌഡ്‌സ്പീക്കര്‍’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി എംപവേര്‍ഡ് കമ്മറ്റിയംഗമാണ്. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരാണ് ജന്മദേശം. ലയോള കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.