കൊല്ലൂര്‍ : കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന ആ പതിവ് ഇത്തവണയും കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ അരങ്ങേറി. ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷന്‍ ഡോ. കെ. ജെ യേശുദാസ് തന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച മൂകാംബികാ ക്ഷേത്രത്തില്‍ സംഗീത ദേവത സരസ്വതി ദേവിയുടെ കീര്‍ത്തനങ്ങള്‍ ആലപിച്ചു. തന്റെ സംഗീത ജീവിതത്തിന്റെ 50ആം വാര്‍ഷികം ആഘോഷിക്കാന്‍ കലാ കേരളം തയ്യാറെടുക്കുന്ന വേളയില്‍ മലയാളിയുടെ പ്രിയ ഗായകന്‍ ഇന്നലെ തന്റെ 72ആം ജന്മദിനം ആഘോഷിക്കാന്‍ കൊല്ലൂര്‍ എത്തിയത് കുടുംബ സമേതമാണ്.
കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ 5:30ക്ക് ക്ഷേത്ര പരിസരത്തെ സരസ്വതീ മണ്ഡപത്തില്‍ ആരംഭിച്ച പ്രത്യേക സംഗീത കച്ചേരി യേശുദാസിന്റെ ആരോഗ്യത്തിനും സൌഭാഗ്യത്തിനും വേണ്ടി കഴിഞ്ഞ 12 വര്‍ഷമായി സംഘടിപ്പിച്ചു വരുന്നതാണ്. രാവിലെ 7:30യോടെ ക്ഷേത്ര നടയില്‍ ദര്‍ശനത്തിന് എത്തിയ യേശുദാസ് മണ്ഡപത്തിലെത്തി സരസ്വതീ കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ നൂറിലേറെ ഗായകര്‍ ആദരവോടെ ഈ മാസ്മരിക രംഗത്തിന് സാക്ഷികളായി.
ദക്ഷിണാമൂര്‍ത്തി സ്വാമി, വിദ്യാധരന്‍ മാസ്റ്റര്‍, കോവൈ സുരേഷ്, തൃശൂര്‍ രാജേന്ദ്രന്‍, കെ. പി. എന്‍, പിള്ള, എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത സംഗീതജ്ഞര്‍ മലയാളത്തിന്റെ അഭിമാനമായ സുരലോക ഗായകന് ജന്മദിന ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു.
തിരക്ക് പിടിച്ച ദിവസത്തിനിടയില്‍ 300 ഓളം കുട്ടികളെ മടിയിലിരുത്തി വിദ്യാരംഭം കുറിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി.