കണ്ണൂർ: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയ ഈ. കെ. വിഭാഗം സമസ്ത നേതാവും എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി അറസ്റ്റിൽ. ഒരു പൊതു യോഗത്തിലാണ് മന്ത്രി ആര്യാടന്റെ കൈ വെട്ടുമെന്ന് ഫൈസി വിവാദപരമായ പരാമര്‍ശം നടത്തിയത്. സ്വന്തം വകുപ്പില്‍ ഒരു ടയര്‍ പോലും വാങ്ങിക്കൊടുക്കുവാന്‍ കഴിയാത്ത ആര്യാടന്‍ മുഹമ്മദ് കാന്തപുരത്തിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി സമസ്തയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും, അങ്ങിനെ ചെയ്യുന്ന ആര്യാടന്റെ കൈ വെട്ടുമെന്നുമാണ് നാസര്‍ ഫൈസി പറഞ്ഞത്.
ഇതേ തുടര്‍ന്ന് ഞായറാഴ്ച ഫൈസിയെ തളിപ്പറമ്പ് എസ്. ഐ. അനില്‍ കുമാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. ഫൈസിയുടെ പ്രസംഗത്തിന്റെ റിക്കോര്‍ഡുകള്‍ പോലീസിന്റെ പക്കല്‍ ഉണ്ടെന്നാണ് സൂചന. ഭീഷണിപ്പെടുത്തൽ, അനുവാദമില്ലാതെ പൊതു യോഗം സംഘടിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ഏതാനും എസ്. കെ. എസ്. എസ്. എഫ്. പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, പോലീസ്, മതം, വിവാദം