തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനു നിരോധിത മത മൌലിക വാദ സംഘടനയുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുമെന്ന് സൂചന. കോഴിക്കോട് കാറില്‍ സഞ്ചരിച്ചിരുന്ന പ്രസന്നന്‍ എന്ന യാത്രക്കാരനെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി പണവും സ്വര്‍ണ്ണവും പിടിച്ചു പറിക്കുവാനും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി സലിം രാജിനേയും സംഘത്തേയും പോലീസില്‍ ഏല്പിച്ചിരിന്നു. ഈ സംഘത്തില്‍ അംഗമായ ഇര്‍ഷാദിനു കൊല്ലത്തെ നിരോധിത മത മൌലിക വാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഹവാല ഇടപാടുകാരുമായും സലിം രാജിനു ബന്ധമുണ്ടെന്ന സൂചനയുണ്ട്. അതേ കുറിച്ചും അന്വേഷണം നടത്തുവാന്‍ ആലോചിക്കുന്നു. ഇന്നലെ കോടതിയില്‍ സലിം രാജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹവാല ഇടപാട് കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ സലിം രാജിന്റെ അഭിഭാഷകനെ കാണാന്‍ എത്തിയിരുന്നു. പിടികിട്ടാപ്പുള്ളിയായ റിജോയും സലിമിനൊപ്പം കോഴിക്കോട്ടെ കൊട്ടേഷന്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സലിം രാജിനു പോലീസില്‍ വലിയ പിടിപാടാണ് ഉള്ളതെന്നും ആരോപണമുണ്ട്. സസ്പെന്‍ഷനില്‍ ആയിട്ടും പോലീസിന്റെ ഐഡന്റിറ്റി കാര്‍ഡ് ഇയാള്‍ കൈവശം വെയ്ക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍ ശ്രമം തടയാനെത്തിയ നാട്ടുകാരോട് ഇയാള്‍ പോലീസുകാരനാണെന്ന് പറഞ്ഞ് ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിരുന്നു.
സോളാര്‍ തട്ടിപ്പ് കേസ് ഉള്‍പ്പെടെ നിരവധി തട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയനാണ് സലിം രാജ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സലിം രാജിനു ദുരൂഹതയുള്ള ബന്ധങ്ങളും ഉള്ളതായി പറയപ്പെടുന്നുണ്ട്. സലിം രാജ് ഉള്‍പ്പെട്ട കേസില്‍ അയാളുടെ മൊബൈല്‍ ടെലിഫോണിന്റെ കോള്‍ ലിസ്റ്റുകള്‍ പരിശോധിക്കുന്നതിനെതിരെ സര്‍ക്കാര്‍ തന്നെ കോടതിയില്‍ എതിര്‍ വാദം ഉന്നയിച്ചത് അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, വിവാദം