അടൂര്‍ : നോക്കു കൂലിക്കെതിരെ യൂണിയന്‍ നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും പ്രമേയം പാസ്സാക്കിയാലും, അതൊന്നും ബാധകമല്ലെന്നാണ് തൊഴിലാളികളുടെ ഭാഷ്യം. ആനയെക്കൊണ്ട് ലോറിയില്‍ മരം കയറ്റി, അതിനു നോക്കുകൂലി വാങ്ങിയാണ് അവര്‍ ഇത് ഒന്നു കൂടെ വ്യക്തമാക്കിയത്.
അടൂര്‍ മേലൂട് ലക്ഷ്മിശ്രീയില്‍ സുരേന്ദ്രന്‍ വീടു പണിക്കായി വാങ്ങിയ തേക്ക്, ലോറിയില്‍ കയറ്റിയത് ആനയെ കൊണ്ടു വന്നാണ്. ലോറിയില്‍ കയറ്റുവാന്‍ അല്പം ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്തായിരുന്നു തടി കിടന്നിരുന്നത്. തങ്ങള്‍ക്ക് ഈ തടി ലോറിയില്‍ കയറ്റുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ആനയെ കൊണ്ടു വന്നത്. എന്നാല്‍ ലോറിയില്‍ മരം കയറ്റി പുറപ്പെട്ടപ്പോള്‍ സി. ഐ. ടി. യു. ഉള്‍പ്പെടെ പ്രമുഖ യൂണിയനില്‍ പെട്ട തൊഴിലാളികള്‍ ലോറി തടഞ്ഞു നോക്കു കൂലി ആവശ്യപ്പെട്ടു. ആദ്യം പണം നല്‍കുവാന്‍ വിസമ്മതിച്ചെങ്കിലും തന്റെ കയ്യില്‍ നിന്നും നിര്‍ബന്ധമായി 1500 രൂപ നോക്കുകൂലി യായി വാങ്ങിയെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇതിനിടയില്‍ ലോറിയില്‍ നിന്നും താഴെ വീണ ചെറിയ തടി കയറ്റുവാന്‍ അവര്‍ തയ്യാറായതുമില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോക്കു കൂലി ഇപ്പോഴും പിരിക്കുന്നുണ്ടെന്ന ആരോപണത്തെ ശരി വെക്കുന്നതാണ് ഈ സംഭവം. ജെ. സി. ബി., ടിപ്പര്‍ ലോറി എന്നിവ ഉപയോഗിച്ച് നടത്തുന്ന ജോലികള്‍ക്ക് പോലും നോക്കുകൂലി വാങ്ങി പൊതുജനത്തെ ചൂഷണം ചെയ്യുവാന്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിനു യാതൊരു മടിയുമില്ല. ഭീഷണി ഭയന്ന് പലപ്പോഴും സാധാരണക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കേണ്ടി വരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ക്രമസമാധാനം, തൊഴിലാളി
ആനക്കും നീക്ക് കൂലികൊടുത്താല്‍ പ്രശ്നം തീരുമോ?!