തൃശ്ശൂര്‍: ദുബായിലുള്ള ആനപ്രേമികളുടെ കൂട്ടായ്മയായ ദുബായ് ആനപ്രേമി സംഘം പരിക്കേറ്റു കിടക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ ആന പാപ്പാന്‍ പ്രജീഷിന് സഹായ ധനം നല്‍കി. തൃശ്ശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തിനു സമീപം വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ദുബായ് ആനപ്രേമി സംഘം പ്രതിനിധി ബിനു ആനയുടമ ആന ഡേവീസിനു തുക കൈമാറി. ഡോ. രാജീവും ഏതാനും ആന പാപ്പാന്മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദുബായ് ആനപ്രേമി സംഘം പ്രധിനിധി ബിനുവില്‍ നിന്നും ആന ഡേവീസ് സഹായധനം സ്വീകരിക്കുന്നു. നടുവില്‍ ഡോ രാജീവ്,
പുറകില്‍ പാറമേക്കാവ് പത്മനാഭന്‍ (ആന)
കോഴിക്കോട് സ്വദേശിയായ പ്രജീഷ് ഗുരുവായൂര്‍ രവികൃഷ്ണന്‍ എന്ന ആനയുടെ പാപ്പാനായിരിക്കെ പട്ട വെട്ടുവാന്‍ പനയില്‍ കയറിയപ്പോള്‍ താഴെ വീണ് നട്ടെല്ലിനു സാരമായ പരിക്കേല്‍ക്കു കയായിരുന്നു. ആനപ്പണി ആയിരുന്നു ദരിദ്രമായ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം. ഗുരുവായൂര്‍ ദേവസ്വവും സഹ പ്രവര്‍ത്തകരും പ്രജീഷിനെ സഹായിച്ചിരുന്നുവെങ്കിലും വലിയ തുകയാണ് ചികിത്സയ്ക്കായി വേണ്ടി വരിക. ഫിസിയോ തെറാപ്പി ചെയ്താല്‍ തന്റെ ആരോഗ്യ സ്ഥിതിയില്‍ കൂടുതല്‍ മാറ്റമുണ്ടാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത് എന്നും അവശത അനുഭവിക്കുന്ന ആന പാപ്പാന്മാരിലേക്ക് ദുബായ് ആനപ്രേമി സംഘത്തിന്റെ സഹായ ഹസ്തം എത്തുന്നതില്‍ സന്തോഷമുണ്ടെന്നും പ്രജീഷ് സംഘം പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്തിനെ അറിയിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, തൊഴിലാളി, സാമൂഹ്യക്ഷേമം