എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു

July 26th, 2012

endosulfan-victim-epathram

കാസർഗോഡ് : എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാര്‍ നടത്തി വരുന്ന സത്യാഗ്രഹ സമരം നൂറ് ദിവസം പിന്നിടുകയാണ്. സത്യാഗ്രഹത്തിന്റെ നൂറാം (ജൂലൈ 28നു) ദിനത്തില്‍ 100ഓളം അമ്മമാര്‍ സമരപ്പന്തലില്‍ ഉപവസിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഒന്നൊന്നായി മരിച്ചു കൊണ്ടിരിക്കുമ്പോഴും അധികാരികള്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയെയും പ്രതീക്ഷിച്ചു നിന്ന നൂറു കണക്കിനാളുകളെ അവഗണിച്ചു കൊണ്ട് സത്യാഗ്രഹികളെ സന്ദര്‍ശിക്കാതെയാണ് കാസറഗോഡ് സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി സമരപ്പന്തലിനു മുന്നിലൂടെ കടന്നു പോയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ അതേ പടി നടപ്പിലാക്കുക, മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള ദുരിത ബാധിതരായ ആളുകളെ കൂടി ദുരിതാശ്വാസം നല്‍കുന്നതിനായി പരിഗണിക്കുക, സമഗ്രമായ ആരോഗ്യ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങി 18ഓളം ആവശ്യങ്ങളാണ് സമര സമിതി ഉന്നയിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിങ്ങള്‍ക്ക് ഏതൊക്കെവിധത്തില്‍ സഹായിക്കാന്‍ കഴിയും?

എഴുന്നേറ്റു നില്‍ക്കുവാനോ പ്രാഥമിക കൃത്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കുവാനോ കഴിവില്ലാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങളാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായി കാസറഗോഡുള്ളത്. അത്തരം കുഞ്ഞുങ്ങളെ വീട്ടിലിരുത്തി ക്കൊണ്ടാണ് ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിനു വേണ്ടി വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചു കൊണ്ട് അമ്മമാര്‍ സമരത്തിനെത്തുന്നത്. അവരെ നിങ്ങള്‍ക്ക് പല രീതീയില്‍ സഹായിക്കാം.

  1. സമര സമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക.
  2. നിങ്ങളുടെ പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങളോട് ആഭിമുഖ്യം പ്രഖ്യാപിച്ചുകൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുക.
  3. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സമരത്തെക്കുറിച്ച് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
  4. കാസറഗോഡുള്ള സമരപ്പന്തല്‍ സന്ദര്‍ശിക്കുക, അവരോടൊപ്പം സത്യാഗ്രഹത്തില്‍ പങ്കാളികളാകുക.
  5. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വളരെയധികം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. രോഗ ബാധിതര്‍ക്ക് അടിയന്തിരമായി ചികിത്സ ലഭിക്കേണ്ടതുണ്ട്, സത്യാഗ്രഹത്തിനെത്തുന്ന അമ്മമാര്‍ അവരുടെ ദൈനംദിന ജോലികള്‍ പോലും ഉപേക്ഷിച്ചാണ് സമരത്തിനെത്തുന്നത് അവരെ സഹായിക്കേണ്ടതുണ്ട്. ഇതിനായി സമര സമിതിയെ സാമ്പത്തികമായി സഹായിക്കാം. താഴെക്കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് തുകകള്‍ അയക്കാം. നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്ന് കൊച്ചു കൊച്ചു തുകകള്‍ സംഭാവനയായി പിരിച്ച് എത്തിക്കാം.

സംഭാവനകള്‍ താഴെ പറയുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കാം:
ഇന്ത്യന്‍ ബാങ്ക്, കാഞ്ഞങ്ങാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ – 6045874087 (RTGS കോഡ്: IDID000N106)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും

July 24th, 2012

endosulfan-abdul-nasser-epathram

ന്യൂഡല്‍ഹി: ഉത്പാദകരുടെ കൈവശം ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കേരളം, കര്‍ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിറ്റ്‌ തീര്‍ക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര കൃഷി മന്ത്രാലയമാണ് സത്യവാങ്മൂലത്തിലൂടെ ഇങ്ങനെ ഒരാവശ്യം മുന്നോട്ട് വെച്ചത്. കീടനാശിനി കമ്പനികളെ അനുകൂലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി തീര്‍ത്തും തെറ്റായി പോയെന്നും, ഈ തീരുമാനം കീടനാശിനി കമ്പനികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും വി. എം. സുധീരന്‍ പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഉത്പാദകര്‍ കോടതിയെ അറിയിച്ചു. ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. 2011 ഒക്ടോബറിലാണ് രാജ്യത്ത്‌ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം പൂര്‍ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്‌ സുപ്രീം കോടതി പുറപ്പെടുവിച്ചത്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപെട്ടു ഡി. വൈ. എഫ്. ഐ. നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയത്‌. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം എൻ. സി. പി. യുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പരിഹരിക്കാനുള്ള തന്ത്രമാണ് എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന എൻ. സി. പി. യും കൃഷി മന്ത്രി ശരത്‌ പവാറും മുമ്പും കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ മടി കാണിച്ചിരുന്നില്ല. കേന്ദ്ര കൃഷി വകുപ്പ്‌ സഹമന്ത്രി കെ. വി. തോമസിന്റെ വിവാദ പ്രസ്താവനയാണ് ഈ വിഷയത്തില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കാന്‍ കാരണമായത്. അദ്ദേഹം ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ നിന്നും മാറിയിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്ത്‌ വായിക്കേണ്ടതാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം

July 14th, 2012

kerala-wetlands-epathram

തിരുവനന്തപുരം : തണ്ണീര്‍ത്തടം നികത്തല്‍ തീരുമാനം നടപ്പിലായാല്‍ പ്രതിവര്‍ഷം കേരളത്തിന് 1,22,868 കോടി രൂപക്ക് തുല്യമായ നഷ്ടമുണ്ടാകുമെന്നു റിപ്പോര്‍ട്ട്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും തൃശൂരിലെ സലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. വി. എസ്. വിജയന്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് ഈ വിവരം പുറത്ത് കൊണ്ടു വന്നത്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തണ്ണീര്‍ത്തടങ്ങളെ പറ്റി നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്. ഈ നിയമം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ 1.61 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങൾ ഇല്ലാതാകാന്‍ സാധ്യത ഏറെയാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2011ല്‍ ദി ഇക്കണോമിക്സ് ഓഫ് ഇക്കോ സിസ്റ്റംസ് ആന്‍ഡ് ബയോ ഡൈവേഴ്സിറ്റി (‘ടീബ്’) എന്ന സ്ഥാപനം രാജ്യത്തെ തണ്ണീര്‍ത്തടങ്ങളുടെ പാരിസ്ഥിതിക മൂല്യത്തെപ്പറ്റി വിശദ പഠനം നടത്തിയിരുന്നു. തണ്ണീര്‍ത്തടങ്ങളുടെ നാശം ‍കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതാക്കും. ഇതോടെ കടുത്ത കുടിവെള്ള ക്ഷാമവും കൃഷി ആവശ്യത്തിന് വെള്ളം ഇല്ലാതാവുകയും ചെയ്യും. കാലാവസ്ഥാ ക്രമീകരണം, മണ്ണ് സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, ഭൂജല നിരപ്പ് സംരക്ഷണം തുടങ്ങിവയും തണ്ണീര്‍ത്തടങ്ങളുടെ സംഭാവനകളാണ്. ഈ തണ്ണീര്‍തടങ്ങള്‍ നികത്തിയാല്‍ സംഭവിക്കുന്ന ഭയാനക നഷ്ടത്തിന്റെ സാമ്പത്തിക മൂല്യം മാത്രം 1,22,868 കോടി രൂപയോളം വരും. ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടം നികത്തിയാല്‍ പ്രതിവര്‍ഷം 22,24,380 രൂപക്ക് തുല്യമായ നഷ്ടമുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ ഏറെ സമ്പുഷ്ടമാണ്. അതുകൊണ്ട് യഥാര്‍ത്ഥ നഷ്ടം ഇതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാകുമെന്ന് സലിം അലി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു .

റിപ്പോര്‍ട്ട് നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറിയിരുന്നു. ഈ പഠനം കൈയിലിരിക്കെയാണ് ഏറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ 2005 വരെ അനധികൃതമായി നികത്തിയതടക്കമുള്ള തണ്ണീര്‍ത്തടങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഇപ്പോള്‍ തന്നെ പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരി ആവശ്യമുള്ള കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് വെറും 6 ലക്ഷം ടണ്‍ മാത്രം. നെല്‍കൃഷിയിടത്തിന്റെ വിസ്തൃതി ആപത്കരമാംവിധം കുറയുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് 2,34,000 ഹെക്ടര്‍ വയലും 1,60,590 ഹെക്ടര്‍ തണ്ണീര്‍ത്തടവും മാത്രമാണ് ഉള്ളത്. കേരളത്തിലെ കോള്‍നിലങ്ങള്‍ ഒട്ടുമിക്കവയും റാംസര്‍ സൈറ്റ് ആയി പ്രഖ്യാപിച്ചതാണ്. എന്നിട്ടും വയല്‍ നികത്തല്‍ വര്‍ദ്ധിച്ചു വരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. എന്നാൽ നീര്‍ത്തടം നികത്തലിന് നിയമ സാധുത നല്‍കാന്‍ നിലവിലുള്ള നിയമമനുസരിച്ച് സംസ്ഥാന മന്ത്രിസഭക്ക് പോലും അധികാരമില്ലെന്ന് നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

July 12th, 2012

dow-chemicals-criminals-epathram

ലണ്ടൻ : ഭോപ്പാൽ ദുരന്തത്തിന്റെ ഇരകളോട് മനുഷ്യത്വ രഹിതമായ സമീപനം സ്വീകരിച്ച് കുപ്രസിദ്ധി നേടിയ ദോ കെമിക്കൽസിന്റെ പണം സ്വീകരിച്ചത് ലണ്ടൻ ഒളിമ്പിക്സിനും അപകീർത്തികരമായി എന്ന് ലണ്ടനിലെ രാഷ്ട്രീയ നേതൃത്വം പ്രസ്താവിച്ചു. അന്താരാഷ്ട്ര ഒളിമ്പിൿ സമിതിയും, ലണ്ടൻ ഒളിമ്പിക്സ് സംഘാടകരും കമ്പനികളുമായി ഇടപാടുകൾ നടത്തുന്നതിന് മുൻപ് അവരുടെ പാരിസ്ഥിതികവും, സാമൂഹികവും, നൈതികവുമായ ചരിത്ര പശ്ചാത്തലം കൂടി കണക്കിലെടുക്കണം എന്ന് ലണ്ടൻ അസംബ്ലി അംഗങ്ങൾ നിർദ്ദേശിച്ചു. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിൽ ലണ്ടനിലെ ജനങ്ങൾ ആവേശഭരിതരാണ്. എന്നാൽ ദോ കെമിക്കൽസ് പോലുള്ള കമ്പനികൾ ഒളിമ്പിക്സുമായി ബന്ധപ്പെടുന്നത് ഇതിനെ പ്രതികൂലമായി ബാധിക്കും. ഇത്തരം തെറ്റുകൾ ഇനിയും ആവർത്തിക്കാതിരിക്കാൻ നിയമങ്ങൾ കർശനമാക്കേണ്ടതുണ്ട്.

1984 ഡിസംബര്‍ മൂന്നിനു പുലര്‍ച്ചെയാണ് ദുരന്തതിനാസ്പദമായ വാതക ചോര്‍ച്ച യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയില്‍ ഉണ്ടായത്. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

സംഭവത്തെ കുറിച്ച് നടന്ന സി. ബി. ഐ. അന്വേഷണത്തില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ ഇതിനിടെ മരണമടഞ്ഞു.

പ്രതിയായ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി ഇപ്പോള്‍ നിലവില്‍ ഇല്ല. 2001ല്‍ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയെ അമേരിക്കയിലെ ദോ കെമിക്കല്‍സ്‌ എന്ന സ്ഥാപനം വിലയ്ക്ക് വാങ്ങി. 1989ല്‍ ഇന്ത്യന്‍ സര്‍ക്കാരുമായി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി 470 മില്യന്‍ ഡോളറിനു കേസ്‌ ഒത്തുതീര്‍പ്പാക്കി യതാണ് എന്നും അതിനാല്‍ തങ്ങള്‍ക്കു ഇതില്‍ യാതൊരു ബാധ്യതയുമില്ല എന്നുമാണ് ദോ കെമിക്കല്‍സിന്റെ നിലപാട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ പശ്‌ചിമഘട്ട പര്‍വതനിരയും

July 4th, 2012
Western_Ghats-epathram
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇന്ത്യയിലെ പശ്‌ചിമഘട്ട പര്‍വതനിരയും. ലോകത്ത് നിലനില്‍ക്കുന്ന വളരെ പ്രധാനപ്പെട്ട എട്ടു പാരിസ്ഥിതിക പ്രദേശങ്ങളുടെ ലിസ്റ്റിലാണ് ഇന്ത്യയിലെ പശ്‌ചിമഘട്ട പര്‍വതനിര ഉള്‍പ്പെട്ടത്.  ജൈവ വൈവിധ്യം കൊണ്ടും  വനസമ്പത്ത് കൊണ്ടും അതീവ പ്രാധാന്യമുള്ള പ്രദേശമാണ് പശ്‌ചിമഘട്ടം എന്നതിനാല്‍ ഈ മേഖല  നശീകരണ ഭീഷണിയില്‍ നിന്നു സംരക്ഷിക്കപ്പെടണമെന്നതു ലോകത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. മണ്‍സൂണ്‍ മഴകളെ നിയന്ത്രിക്കുന്നതു തന്നെ ഈ  മലനിരകളെന്നതാണ്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പശ്‌ചിമഘട്ടത്തിന്റെ അഥവാ സഹ്യപര്‍വതത്തിന്റെ  പാരിസ്ഥിതിക പ്രാധാന്യം. കേരളം, തമിഴ്‌നാട്‌, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ  സംസ്‌ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് പശ്‌ചിമഘട്ട പര്‍വതനിര. ഏകദേശം ഈ മേഖലക്ക്  45 മുതല്‍ 65 വരെ ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്നുണ്ട്.   പശ്‌ചിമഘട്ടം 1,60,000 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുകയാണ്‌.
പശ്‌ചിമഘട്ടത്തിനൊപ്പം നിശബ്‌ദതയുടെ താഴ്‌വര(സൈലന്റ്‌വാലി)യും വിനോദസഞ്ചാര കേന്ദ്രവും വാണി മൃഗ സംരക്ഷണ കേന്ദ്രവുമായ  തേക്കടിയും ലോക പൈതൃക പദവിയിലേക്കു വരുന്നതോടെ ഈ മേഖലയെ സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകത വര്‍ദ്ധിക്കും അതോടെ അതിരപിള്ളി പദ്ധതിയും, കുന്തിപുഴയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചു കെ. എസ്. ഇ. ബി. അവതരിപ്പിച്ച  പാത്രക്കടവ് പദ്ധതിയും പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരും.  ഈ ആവശ്യങ്ങള്‍ ഏറെ കാലമായി കേരളത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതാണ് ഇത് അവര്‍ക്കുള്ള  അംഗീകാരമാണ്‌.

യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍  പശ്‌ചിമഘട്ട പര്‍വതനിരയും   യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇന്ത്യയിലെ പശ്‌ചിമഘട്ട പര്‍വതനിരയും. ലോകത്ത് നിലനില്‍ക്കുന്ന വളരെ പ്രധാനപ്പെട്ട എട്ടു പാരിസ്ഥിതിക പ്രദേശങ്ങളുടെ ലിസ്റ്റിലാണ് ഇന്ത്യയിലെ പശ്‌ചിമഘട്ട പര്‍വതനിര ഉള്‍പ്പെട്ടത്.  ജൈവ വൈവിധ്യം കൊണ്ടും  വനസമ്പത്ത് കൊണ്ടും അതീവ പ്രാധാന്യമുള്ള പ്രദേശമാണ് പശ്‌ചിമഘട്ടം എന്നതിനാല്‍ ഈ മേഖല  നശീകരണ ഭീഷണിയില്‍ നിന്നു സംരക്ഷിക്കപ്പെടണമെന്നതു ലോകത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. മണ്‍സൂണ്‍ മഴകളെ നിയന്ത്രിക്കുന്നതു തന്നെ ഈ  മലനിരകളെന്നതാണ്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പശ്‌ചിമഘട്ടത്തിന്റെ അഥവാ സഹ്യപര്‍വതത്തിന്റെ  പാരിസ്ഥിതിക പ്രാധാന്യം. കേരളം, തമിഴ്‌നാട്‌, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ  സംസ്‌ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് പശ്‌ചിമഘട്ട പര്‍വതനിര. ഏകദേശം ഈ മേഖലക്ക്  45 മുതല്‍ 65 വരെ ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്നുണ്ട്.   പശ്‌ചിമഘട്ടം 1,60,000 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുകയാണ്‌.
പശ്‌ചിമഘട്ടത്തിനൊപ്പം നിശബ്‌ദതയുടെ താഴ്‌വര(സൈലന്റ്‌വാലി)യും വിനോദസഞ്ചാര കേന്ദ്രവും വാണി മൃഗ സംരക്ഷണ കേന്ദ്രവുമായ  തേക്കടിയും ലോക പൈതൃക പദവിയിലേക്കു വരുന്നതോടെ ഈ മേഖലയെ സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകത വര്‍ദ്ധിക്കും അതോടെ അതിരപിള്ളി പദ്ധതിയും, കുന്തിപുഴയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചു കെ. എസ്. ഇ. ബി. അവതരിപ്പിച്ച  പാത്രക്കടവ് പദ്ധതിയും പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരും.  ഈ ആവശ്യങ്ങള്‍ ഏറെ കാലമായി കേരളത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതാണ് ഇത് അവര്‍ക്കുള്ള  അംഗീകാരമാണ്‌.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ പശ്‌ചിമഘട്ട പര്‍വതനിരയും

4 of 13« First...345...10...Last »

« Previous Page« Previous « നെല്ലിയാമ്പതിയെ രക്ഷിക്കൂ കാമ്പയിന്‍ ഉല്‍ഘാടനം ജൂണ്‍ മാസം 30-ന്
Next »Next Page » ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010