ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി കാര്‍ബണ്‍ നിയന്ത്രണത്തെ സംബന്ധിച്ച് തീരുമാനമാകാതെ സമാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ മുഖ്യ കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടിയുടെ കാലാവധി അടുത്ത വര്‍ഷത്തോടെ അവസാനിക്കാനിരിക്കെ 194 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ കാര്‍ബണ്‍ നിയന്ത്രണത്തെ സംബന്ധിച്ച പുതിയ നിയമത്തിന് പ്രാഥമിക ധാരണ മാത്രമാണ് ഉണ്ടായ ഏക പുരോഗതി. പുതിയ നിയമത്തിന് രൂപം നല്‍കുകയായിരുന്നു ഡര്‍ബന്‍ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
സമ്മേളനത്തിന്‍റെ തുടക്കം മുതല്‍ അമേരിക്ക, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിച്ച കടുത്ത നിലപാട് മൂലമാണ് നിയമത്തിന്റെ കരട് രൂപം മാത്രം ഉണ്ടാകാന്‍ കാരണം. ഇപ്പോഴുണ്ടായിട്ടുള്ള ധാരണയനുസരിച്ച് 2015ഓടെ കരട് നിയമം തയാറാക്കി 2020ഓടെ നടപ്പില്‍ വരുത്താനാവുകയുള്ളൂ. യൂറോപ്യന്‍ യൂനിയന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിലാണ് ഇത് പറയുന്നത്. ഇതനുസരിച്ച്, ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പരിധി നിശ്ചയിക്കും. സമ്മേളനത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പ്രതിനിധികള്‍ കരട് നിയമം വിതരണം ചെയ്തു. എന്നാല്‍ കരട് നിയമത്തിനു പോലും അഞ്ചു വര്ഷം കാത്തിരിക്കുക എന്നത് ഏറെ ദുരിതത്തിന് കാരണമാകുമെന്നും ഉടന്‍ ഒരു പരിഹാര മാര്‍ഗത്തെ പറ്റി ലോക രാജ്യങ്ങള്‍ നിസ്സംഗത കൈവെടിഞ്ഞില്ലെകില്‍ മാലി ദ്വീപ് പോലുള്ള തൊണ്ണൂറോളം ചെറു ദ്വീപുകള്‍ ഇല്ലാതാകുമെന്ന് മാലദ്വീപ് പരിസ്ഥിതി വകുപ്പ് മന്ത്രി മുഹമ്മദ് അസ്ലം തുറന്നടിക്കുകയും ചെയ്തു.
ലോകത്തെ 90 ചെറു ദ്വീപ് രാഷ്ട്രങ്ങളെങ്കിലും മാലദ്വീപിന്‍റെ ഇതേ ആശങ്ക പങ്കുവെക്കുന്നവരാണ്. ഈ രാജ്യങ്ങളുടെ കൂട്ടായ്മയായ അലയന്‍സ് ഒഫ് സ്മാള്‍ ഐലന്‍ഡ് സ്റ്റേറ്റ്സ് (അയോസിസ്) പ്രതിനിധികളില്‍ പലരും സമ്മേളനത്തില്‍ രോഷ പ്രകടനം നടത്തുകയും ചെയ്തു.
അതിനിടെ, പുതിയ കാര്‍ബണ്‍ നിയന്ത്രണ നിയമം നടപ്പിലാക്കുന്നതില്‍ ഇന്ത്യ തടസ്സം നില്‍ക്കുന്നുവെന്ന യൂറോപ്യന്‍ യൂനിയന്‍െറ വാദം ഇന്ത്യ നിഷേധിച്ചു കൊണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ സമാപന സമ്മേളനത്തില്‍ പുതിയ നിയമത്തെ സംബന്ധിച്ച ഇന്ത്യന്‍ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കാനഡ പുലര്‍ത്തുന്ന നിഷേധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ജയന്തി നടരാജന്‍ ഇന്ത്യ താരതമ്യേന കുറച്ചു മാത്രമാണ് കാര്‍ബണ്‍ പുറത്തുവിടുന്നതെന്ന് അറിയിച്ചു. 120 കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് പ്രതിവര്‍ഷം 1.7 ടണ്‍ കാര്‍ബണ്‍ മാത്രമാണ് പുറംതള്ളുന്നത്. എന്നാല്‍, നിലവിലുള്ള കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ പിന്നീട് തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.