ജല കാൽപ്പാട് കുറയ്ക്കുക

March 22nd, 2012

world water day 2011 epathram

പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുമായി കാർബൺ കാൽപ്പാട് കുറയ്ക്കുവാനുള്ള പദ്ധതികളുമായി വ്യാവസായിക ലോകം ഊർജ്ജിതമായി പരിശ്രമിക്കുന്ന വേളയിൽ ഈ ജല ദിനത്തിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന ഒരു കാമ്പെയിൻ ആണ് ഐക്യ രാഷ്ട്ര സഭ മുന്നോട്ട് വെച്ചിരിക്കുന്നത്. ജല കാൽപ്പാട് കുറയ്ക്കുക എന്നതാണ് ഇത്.

ജല കാൽപ്പാട് എന്നാൽ ഒരാൾ ഉപയോഗിക്കുന്ന ജലത്തിന്റെ അളവാണ്. ഇതെങ്ങനെ കുറയ്ക്കാം? കേവലം ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് മാത്രമല്ല ഇത്. നമ്മൾ ജലം മറ്റു പല രൂപത്തിലും ഉപയോഗിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ഇത്തരം എല്ലാ രീതിയിലുമുള്ള ജല ഉപയോഗവും കുറയ്ക്കുക എന്നതാണ് ജല കാൽപാട് കുറയ്ക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

മുകളിലുള്ള ലോക ജല ദിനത്തിന്റെ ലോഗോയുടെ അടിക്കുറിപ്പ് ശ്രദ്ധിക്കുക. ലോകത്തിന് ദാഹിക്കുന്നത് നമുക്ക് വിശക്കുന്നത് കൊണ്ടാണ് എന്നാണ് അത്. ലോക ജനസംഖ്യ ഇന്ന് എഴുന്നൂറ് കോടിയാണ്. അതായത് എഴുന്നൂറ് കോടി ആളുകളുടെ ഭക്ഷണ ആവശ്യമാണ് ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്. 2050 ആകുമ്പോഴേക്കും ഇത് തൊള്ളായിരം കോടി കവിയും എന്നാണ് കണക്ക് കൂട്ടൽ. ശരാശരി മനുഷ്യൻ പ്രതിദിനം രണ്ട് മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കും. എന്നാൽ നമ്മൾ അകത്താക്കുന്ന ജലത്തിന്റെ ഏറിയ പങ്ക്‍ ഇതല്ല എന്നതാണ് ശ്രദ്ധേയം. ഈ ജലം ഭക്ഷണത്തിലൂടെയാണ് നമ്മൾ ഉപയോഗിക്കുന്നത്. ഒരു കിലോ പോത്തിറച്ചി ഉണ്ടാക്കാൻ ഒരു ലക്ഷം ലിറ്റർ ജലം വേണം. അറക്കുന്നത് വരെ ഈ മാടിന് വേണ്ട ജലമാണ് ഇത്. ഇതും ഈ മാട് ജല രൂപത്തിൽ കുടിക്കുന്നതല്ല. മാടിന് നൽകുന്ന വൈക്കോലിന് വളരാൻ വേണ്ട ജലവും, കാലിത്തീറ്റ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ജലവും, കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജലവും എല്ലാം കൂടെ ചേർത്ത് ലഭിച്ചതാണ് ഈ കണക്ക്. അതായത് ഒരു കിലോ മാട്ടിറച്ചി നിർമ്മിക്കാൻ ഉപയോഗിക്കപ്പെടുന്ന ജലം ഒരു ലക്ഷം ലിറ്റർ വരും എന്നർത്ഥം. എന്നാൽ ഒരു കിലോ ഗോതമ്പ് ഉണ്ടാക്കാൻ വെറും 1500 ലിറ്റർ ജലം മാത്രം മതി.

നിങ്ങളുടെ തീൻ മേശയിൽ ഇരിക്കുന്ന ബീഫ് ബിരിയാണി സ്വാദോടെ കഴിക്കുന്നതിന് മുൻപ് ഒരു നിമിഷം ഈ കാര്യം ഒന്ന് മനസ്സിൽ ചിന്തിക്കുക. നിങ്ങൾ ഒരു ലക്ഷം ലിറ്റർ ജലമാണ് അകത്താക്കാൻ പോകുന്നത്.

ലോകം തീവ്രമായ ഭക്ഷ്യ ദൌർലഭ്യവും ജല ക്ഷാമവും നേരിടുന്ന അവസരത്തിൽ പ്രശ്നം മറ്റെവിടെയോ ആണെന്ന് ഇനിയും നമുക്ക് നടിക്കാൻ ആവില്ല. അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ലോക ജനസംഖ്യയ്ക്കൊപ്പം എല്ലാവർക്കും പോഷകാഹാരം ലഭ്യമാക്കുവാൻ നാം ചില കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചേ മതിയാവൂ :

  • ആരോഗ്യ പൂർണ്ണവും പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതുമായ ഭക്ഷണരീതി പിന്തുടരുക
  • ജലം കൂടുതൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക
  • ഭക്ഷണം പാഴാക്കാതിരിക്കുക. ഇന്ന് ലോകത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് നാം കഴിക്കാതെയും ബാക്കി വെച്ചും പാഴാവുന്നു എന്നാണ് കണക്ക്. ഈ പാഴായ ഭക്ഷണത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ട ഭീമമായ അളവ് ജലവും പാഴാവുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
  • കുറച്ച് ജലം ഉപയോഗിച്ച് കൂടുതൽ ഗുണമേന്മയുള്ള മെച്ചപ്പെട്ട ഭക്ഷണം നിർമ്മിക്കുക.

ഭക്ഷണ ഉൽപ്പാദനം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ജല സംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തി എല്ലാവർക്കും ഭക്ഷണവും ജലവും ലഭിക്കുന്നു എന്ന് നമുക്ക് ഉറപ്പ് വരുത്തുവാനാവും.

തങ്ങളുടെ ഭക്ഷണ രീതിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി നമുക്ക് ഒരോരുത്തർക്കും നമ്മുടെ ജല കാൽപ്പാട് കുറയ്ക്കുവാൻ കഴിയും എന്ന് കൂടി ഈ ലോക ജല ദിനത്തിൽ ഐക്യ രാഷ്ട്ര സഭ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?

March 21st, 2012

boy-drinking-dirty-water-epathram

“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട് ” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഈ ജലദിനത്തില്‍ ഏറ്റവും പ്രസക്തമായ വരികളാണ് ഇത്. ജീവന്റെ നിലനില്‍പ്പു തന്നെ ജലമാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.

world-water-day-2012-a-epathram

“ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ” (Water and Food Security) എന്നതാണ് ഇത്തവണത്തെ ജലദിനത്തിന്റെ മുദ്രാവാക്യം വരും കാല യുദ്ധങ്ങള്‍ ജലത്തിനും ഭക്ഷണത്തിനും വേണ്ടിയാകും എന്നത് ഇന്ന് യാഥാര്‍ത്ഥ്യമായി തുടങ്ങിയിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന് സായുധ രൂപം ഉണ്ടായതോടെ  ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങുകയാണ്. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. ജലം ഇല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യ നല്ലൊരു ജല വിപണിയാണ് എന്ന് തിരിച്ചറിഞ്ഞ കച്ചവടക്കൂട്ടം ഭരണകൂടങ്ങളെ സ്വാധീനിച്ച് ജല സ്രോതസ്സ് സ്വന്തമാക്കികൊണ്ടിരിക്കുന്നു. വരും കാലങ്ങളില്‍ ജലസ്രോതസ്സുകള്‍ സ്വകാര്യ കമ്പനികളുടെ കൈകളില്‍ ഒതുങ്ങിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ജലം ലോകത്തിന്റെ പൊതു പൈതൃകമാണ്. ജല സംരക്ഷണവും ജല മിത വ്യയവും പാലിച്ചാല്‍ മാത്രമേ നമ്മുക്ക് ഈ പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് അടുത്ത തലമുറക്ക്‌ കൈ മാറേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്ഷ്യം.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

Comments Off on ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?

നദീസംയോജനം : കേരളം നിയമോപദേശം തേടി

March 4th, 2012

supremecourt-epathram

രാജ്യത്തെ നദീസംയോജന പദ്ധതിക്ക് അനുമതി നല്‍കിയ സുപ്രീംകോടതി വിധി കേരളത്തെ ബാധിക്കില്ലെന്നും ആവശ്യം വരികയാണെങ്കില്‍ ഉന്നതാധികാര സമിതിയെ സമീപിച്ചാല്‍ മതിയെന്നും വി. ഗിരി നിയമോപദേശം നല്‍കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്  കേരളം നിയമോപദേശം തേടിയത്. രാജ്യത്തെ കാര്‍ഷിക അഭിവൃദ്ധിക്കും ജലദൌര്‍ലഭ്യത്തിന് തടയിടാനുമാണ് കേന്ദ്രം നദീസംയോജന പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത് പദ്ധതി പ്രാവര്‍ത്തികമായാല്‍ പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളും ഈ ഇതില്‍  ഉള്‍പ്പെടും അങ്ങിനെ വന്നാല്‍ ഈ നദികള്‍ തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുമായി സംയോജിപ്പിക്കണം.വാജ്പേയുടെ ഭരണകാലത്ത് തയ്യാറാക്കിയ ഈ പദ്ധതിക്കെതിരെ അന്നുതന്നെ  ഒട്ടേറെ പാരിസ്ഥിതിക പ്രത്യാഖാതങ്ങള്‍ക്ക് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്‌ വന്നിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ലാച്ചിമട സമരക്കാര്‍ ജയിലിനകത്ത് നിരാഹാര സമരത്തില്‍

December 21st, 2011

plachimada-struggle-epathram

പ്ലാച്ചിമട: കൊക്കക്കോള കമ്പനിക്കുള്ളില്‍ പ്രവേശിച്ച് കൊക്കക്കോള കമ്പനിയുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതിന് പോലീസ് അറസ്റ്റു ചെയ്ത 20 പ്ലാച്ചിമട സമര സമിതി -ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകര്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്നു. വിളയോടി വേണുഗോപാലന്‍, കെ. സഹദേവന്‍, കന്നിയമ്മ, തങ്കമണിയമ്മ, മുത്തുലക്ഷ്മി അമ്മ, പാപ്പമ്മ, ടി. കെ. വാസു. എന്‍. സുബ്രമണ്യന്‍, വി. സി. ജെന്നി, എന്‍. പി. ജോണ്‍സണ്‍, പുതുശ്ശേരി ശ്രീനിവാസന്‍, പി. എ. അശോകന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, കെ. വി. ബിജു, സുദേവന്‍, അഗസ്റ്റിന്‍ ഒലിപ്പാറ, സുബിദ് കെ. എസ്., ശക്തിവേല്‍, പളനിച്ചാമി, മുത്തുച്ചാമി തുടങ്ങിയവരാണ് വിയ്യൂര്‍ ജയിലിനകത്ത് നിരാഹാര സമരം നടത്തുന്നത്.

പ്ലാച്ചിമട സമര സമിതി -ഐക്യദാര്‍ഢ്യ സമിതി മുന്നോട്ട് വെച്ച നാല് ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് ഇവര്‍ അറിയിച്ചു. പ്ലാച്ചിമടയുടെ ആവാസ വ്യവസ്ഥയെ നശിപ്പിച്ച കൊക്കകോളാ കമ്പനി തദ്ദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കി പുറത്തു പോവുക, പ്ലാച്ചിമടയെ വിഷമയമാക്കിയ കോളാ കമ്പനിയെ കുറ്റവിചാരണ ചെയ്യുക. ജലം ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് ഗ്രാമ സഭകള്‍ക്ക് നിയമ പരിരക്ഷയോടു കൂടിയ പരമാധികാരം നല്‍കുക, പ്ലാച്ചിമടകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മലിനീകരണ നിയന്ത്രണ നിയമങ്ങളിലും പഞ്ചായത്ത് രാജ് നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്‌. ഇവര്‍ക്ക് പിന്തുണയേകി കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകരും കലാ സാംസ്കാരിക സംഘടനകളും നിരാഹാര സമരങ്ങള്‍ നടത്തുന്നുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമരത്തിന്‌ ആവേശം പകര്‍ന്ന് മേധാപട്കര്‍ മുല്ലപ്പെരിയാറില്‍

December 12th, 2011

medha patkar-epathram

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാറില്‍ നിരാഹാരം അനുഷ്ഠിക്കുന്നവരെ അഭിവാദ്യം ചെയ്യാനായി പ്രമുഖ പരിസ്ഥിതി – സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ സമരപന്തലില്‍ എത്തി. മേധയുടെ സന്ദര്‍ശനം സമരപന്തലില്‍ ആവേശം പകര്‍ന്നു. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രശ്‌നപരിഹാരമാകണം കേന്ദ്രസര്‍ക്കാര്‍ മുല്ലപ്പെരിയാറില്‍ നടത്തേണ്ടതെന്നും, അതിനുള്ള ശ്രമങ്ങള്‍ തുടരണമെന്നും, വ്യക്തമായ നിലപാടിന് ഇനി വൈകരുത് എന്നും മേധ പട്കര്‍ പറഞ്ഞു. കേരളത്തിന്‍റെ സുരക്ഷക്കും തമിഴ്നാടിന് വെള്ളത്തിനുമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടെ തീരൂ‍. ജീവന്‍ രക്ഷിക്കാനുള്ള ചര്‍ച്ചയില്‍നിന്ന് തമിഴ്നാട് വിട്ടുനില്‍ക്കരുത്. സുപ്രീംകോടതിക്കോ ജസ്റ്റിസ് ആനന്ദ് കമ്മിറ്റിക്കോ പരിഹാരം കാണാവുന്ന സാഹചര്യം സൃഷ്ടിക്കാന്‍ നിയമ യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങാതിരിക്കുന്നത് നല്ലതാണെന്നും, രാഷ്ട്രീയ നിലപാടുകളും മറ്റ് താല്‍പ്പര്യങ്ങളും മാറ്റിവെച്ച് ഇരു സംസ്ഥാനങ്ങളും ഒരുമിച്ചിരിക്കേണ്ട ഘട്ടമാണിതെന്നും മേധാ പറഞ്ഞു. സി.ആര്‍. നീലകണ്ഠന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. നാഷനല്‍ അലയന്‍സ് പീപ്പിള്‍സ് മൂവ്മെന്‍റ് സംസ്ഥാന കോ ഓഡിനേറ്റര്‍ ജിയോ ജോസും മേധയോടൊപ്പമുണ്ടായിരുന്നു. മേധയുടെ വരവ് പ്രതീക്ഷിച്ച് വന്‍ മാധ്യമപട തന്നെ എത്തിയിരുന്നു. എം. എല്‍. എമാരായ ഇ. എസ്. ബിജിമോള്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റ്യന്‍, പി. പ്രസാദ്, സി. പി. ഐ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന്‍, സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍ എന്നിവര്‍ മേധാ പട്കറെ സമരപ്പന്തലില്‍ സ്വീകരിച്ചു.

-

വായിക്കുക: , , , ,

Comments Off on സമരത്തിന്‌ ആവേശം പകര്‍ന്ന് മേധാപട്കര്‍ മുല്ലപ്പെരിയാറില്‍

2 of 5123...Last »

« Previous Page« Previous « തീരുമാനമാകാതെ ഡര്‍ബന്‍ ഉച്ചകോടി സമാപിച്ചു
Next »Next Page » പരിസ്ഥിതി ക്യാമ്പ് ഡിസം. 30 ന് ദുബായില്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010