ചെന്നൈ: ലോകത്ത് ആണവ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ആണവ നിലയങ്ങളെ പറ്റി ഒരു പുനര്‍ചിന്തനത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാല്‍ ജൈതാപൂരും കൂടംകുളത്തും ഉയരുന്ന പ്രതിഷേധങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ തൃണവല്‍ക്കരിക്കുകയാണ്. കൂടങ്കുളം ആണവനിലയത്തിനെതിരെയുള്ള തദ്ദേശവാസികളുടെ സമരം ശക്തമാവുന്നു. ബുധനാഴ്ച ആയിരക്കണക്കിന് നാട്ടുകാരാണ് ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യാഗ്രഹം നടത്തിയത്. ആണവനിലയം അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ വരും ദിനങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച കൂടങ്കുളത്തും ഒരു ബന്ദിന്റെ പ്രതീതിയായിരുന്നു പരിസരങ്ങളിലുമുള്ള കടകളൊന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. മത്സ്യതൊഴിലാളികളും കര്‍ഷകരുമെല്ലാം തൊഴിലില്‍ നിന്നു വിട്ടുനിന്നു കൊണ്ട് പ്രതിഷേധിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പോകാതെ സമരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ച് കൂടങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസ്സാക്കിയിരുന്നു. വരുംതലമുറകളെപ്പോലും ദോഷകരമായി ബാധിക്കുന്ന ആണവനിലയങ്ങള്‍ എന്നന്നേക്കുമായി ഉപേക്ഷിക്കണമെന്ന് കൂടങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ഏഴിലരസ് ആവശ്യപ്പെട്ടു. റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ് കൂടങ്കുളം ആണവനിലയത്തിന്റെ നിര്‍മ്മാണം. ആദ്യ യൂണിറ്റ് വരുന്ന ഒക്‌ടോബറോടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പറയുന്നത്. ആയിരം മെഗാവാട്ട് വൈദ്യുതി വീതം ഉത്പാദിപ്പിക്കുന്ന രണ്ട് യൂണിറ്റുകളാണ് ഇവിടെ നിര്‍മിക്കുന്നത്. കൂടങ്കുളത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 925 മെഗാവാട്ട് തമിഴ്‌നാടിനും 442 മെഗാവാട്ട് കര്‍ണാടകയ്ക്കും 266 മെഗാവാട്ട് കേരളത്തിനും 67 മെഗാവാട്ട് പുതുച്ചേരിക്കും നല്‍കുമെന്ന് പറയുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eco-system, nature, nuclear, pollution, struggle