ജനിതകമായി മാറ്റം വരുത്തിയ വഴുതന വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ജെനറ്റിക് എഞ്ചിനിയറിംഗ് അപ്പ്രൂവല്‍ കമ്മിറ്റി അനുവാദം നല്‍കി. രാജ്യത്തെ ജൈവ സാങ്കേതിക രംഗത്തെ നിയന്ത്രണത്തിന് അധികാരമുള്ള സമിതിയാണിത്. സര്‍ക്കാരിന്റെ അനുമതി കൂടെ ലഭിക്കുന്നതോടെ ജനിതക മാറ്റം വരുത്തിയ രാജ്യത്തെ ആദ്യ ഭക്ഷ്യ വിളയാകും കൃത്രിമ വഴുതന.
ബി.ടി. വഴുതന എന്നാണ് ഇതിനെ വിളിക്കുന്നത്. മണ്ണില്‍ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ബസിലസ് തുറിംഗ്യെന്‍സിസ് (Bacillus Thuringiensis – Bt). ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ചില വിഷാംശങ്ങള്‍ കീടങ്ങളെ വിളകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ചില തരം കീടനാശിനികള്‍ ഉണ്ടാക്കുവാന്‍ ഈ വിഷം ഉപയോഗിക്കുന്നുണ്ട്. ഈ വിഷാംശം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ഈ ബാക്ടീരിയയുടെ ഡി.എന്‍. എ. യില്‍ നിന്നും ഈ ശേഷിയുള്ള ജീനുകളെ വേര്‍ തിരിച്ചെടുത്ത് ഇതിനെ വഴുതന ചെടിയുടെ ഡി. എന്‍. എ. വ്യവസ്ഥയിലേക്ക് കടത്തി വിടുന്നു. ഇതോടെ വഴുതന ചെടിക്കും കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള വിഷം സ്വയം നിര്‍മ്മിക്കാനുള്ള ശേഷി കൈ വരുന്നു. അപ്പോള്‍ പിന്നെ കൃത്രിമമായി കീട നാശിനികള്‍ ഉപയോഗിക്കേണ്ടി വരില്ല എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ഗുണമായി പറയുന്നത്.
ഇങ്ങനെ വികസിപ്പിക്കുന്ന വഴുതനയ്ക്ക് കീട നാശിനികളെ അപേക്ഷിച്ച് ആയിരം ഇരട്ടിയോളം വിഷ വീര്യം കൂടും. ബി.ടി. വിഷം മനുഷ്യന് ദോഷം ചെയ്യില്ലെന്ന് ഉറപ്പു തരാന്‍ ശാസ്ത്രത്തിന് കഴിയാത്ത സ്ഥിതിക്ക് നമ്മുടെ ഭക്ഷണ ചങ്ങലയിലേക്ക് ഈ വിഷം ആയിരം മടങ്ങ് ശക്തിയോടെ കടന്നു കയറും എന്നതാണ് ഇതിനെതിരെ നില നില്‍ക്കുന്ന ഭീതിക്ക് അടിസ്ഥാനം.
ലോകം പകര്‍ച്ച വ്യാധികളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ കാലത്ത് ഏറെ ഭീതിദമായ മറ്റൊരു ഭീഷണിയും ബി.ടി. വഴുതന ഉളവാക്കുന്നുണ്ട്. ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഒരു പ്രോട്ടീന്‍ ബി.ടി. വഴുതന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത് ഭക്ഷണമാക്കുന്നതോടെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ഫലിക്കാതെ വരും എന്നത് ആരോഗ്യ വിദഗ്ദ്ധര്‍ ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: agriculture, gm-crops