ഡെങ്കിപ്പനിക്കെതിരെ ജനിതക കൊതുക്

October 12th, 2010

aedes-aegypti-mosquitoകൊലാലമ്പൂര്‍ : നിയന്ത്രണാതീതമായി പെരുകുന്ന ഡെങ്കിപ്പനിയെ നേരിടാന്‍ ഒരു നവീന തന്ത്രം പയറ്റാന്‍ ഒരുങ്ങുകയാണ് മലേഷ്യ. ഈഡിസ്‌ ഈജിപ്റ്റി വര്‍ഗ്ഗത്തിലെ പെണ്‍ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവയെ നേരിടാന്‍ ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഈഡിസ്‌ ഈജിപ്റ്റി വര്‍ഗ്ഗത്തിലെ ആണ്‍ കൊതുകുകളെ ഉപയോഗിക്കുവാനാണ് പുതിയ പദ്ധതി. ഈ ആണ്‍ കൊതുകുകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ആയുസ് വളരെ കുറവാണ് എന്നതാണ് ഇവയുടെ പ്രത്യേകത. അങ്ങനെ അല്‍പ നാളുകള്‍ കൊണ്ട് കൊതുകുകളുടെ പുതിയ തലമുറ നശിക്കും എന്നാണ് കണക്ക് കൂട്ടല്‍.

ഈ വര്‍ഷം ഡെങ്കിപ്പനി മൂലമുള്ള മരണത്തില്‍ 53 ശതമാനം വര്‍ദ്ധനവാണ് മലേഷ്യയില്‍ രേഖപ്പെടുത്തിയത്‌.

ആദ്യ ഘട്ടത്തില്‍, ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട മൂവായിരം ആണ്‍ കൊതുകുകളെയാണ് പുറത്തിറക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രി അറിയിച്ചു.

എന്നാല്‍ ജനിതക പരിവര്‍ത്തനം ചെയ്യപ്പെട്ട കൊതുകുകള്‍ ഉണ്ടാക്കിയേക്കാവുന്ന വിപത്തുകളെ പറ്റി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കകള്‍ ഉണ്ട്. ഇനിയും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതും അറിയപ്പെടാത്ത അപകടങ്ങള്‍ പതിയിരിക്കുന്നതുമായ ഒരു സാങ്കേതിക വിദ്യയാണ് ജനിതക പരിവര്‍ത്തനം എന്നിരിക്കെ അനേക വര്‍ഷങ്ങളുടെ നിരീക്ഷണവും പഠനവും ഇല്ലാതെ ഇത്തരം കൊതുകുകളെ തുറന്നു വിടുന്നത് അത്യന്തം ആപല്‍ക്കരം ആയിരിക്കും എന്ന് ഇവര്‍ വെളിപ്പെടുത്തി. മാത്രമല്ല ഈ കൊതുകുകളുടെ ലാര്‍വകള്‍ “ടെട്രാസൈക്ലിന്‍” എന്ന ആന്റിബയോട്ടിക്കിന്റെ സാന്നിധ്യത്തില്‍ നശിക്കുകയില്ല എന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മൃഗങ്ങളിലും മനുഷ്യരിലും സര്‍വ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒരു ആന്റിബയോട്ടിക് ആണ് “ടെട്രാസൈക്ലിന്‍” എന്നത് ഈ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ ജനിതക അരി മലിനീകരണം

July 22nd, 2010

genetically-modified-rice-china-epathramഹൂബെ: ജനിതക പരിവര്‍ത്തനം നടത്തിയ അരിയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഔദ്യോഗികമായി അനുവദിച്ചിട്ടില്ലാത്ത ചൈനയില്‍ ഇത്തരം അരി അനൌദ്യോഗികമായി വ്യാപിക്കുന്നതായി അന്താരാഷ്‌ട്ര പരിസ്ഥിതി സംഘമായ ഗ്രീന്‍ പീസ്‌ കണ്ടെത്തി. ചൈനയിലെ ഹൂബെ പ്രവിശ്യയില്‍ നിന്നുമാണ് ഈ അരി വിപണിയിലെത്തുന്നത് എന്ന് കരുതപ്പെടുന്നു.

ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട അരിയുടെ ഉപയോഗം സുരക്ഷിതമല്ല എന്ന കാരണത്താല്‍ പൊതു ജന ഉപയോഗത്തിന് ചൈന വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം അരിയുടെ ഉല്‍പ്പാദനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഹൂബെ പ്രവിശ്യ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. Bt63 എന്ന ജീന്‍ കലര്‍ന്ന അരിയാണ് ഇവിടെ നിന്നും വിപണിയില്‍ എത്തുന്നതായി കണ്ടെത്തിയത്. കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതാണ് ഈ അരി.

ചൈനയിലെ അരി ഉല്‍പ്പാദനത്തിന്റെ പ്രമുഖ കേന്ദ്രങ്ങളില്‍ ഒന്നാണ് ഹൂബെ. ദേശീയ ദുരന്തങ്ങളെ തുടര്‍ന്നുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള അരി ഇവിടെ നിന്നും പൊതു വിപണിയിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ഇതോടെ ഈ മലിനമായ അരി ചൈനയില്‍ ഉടനീളം വ്യാപിക്കുകയും ചെയ്യും എന്നതാണ് ഭീതിദമായ അവസ്ഥ. ഇപ്പോള്‍ തന്നെ ഇത്തരം അരി പല പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്.

അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യയുള്ള ചൈനയിലെ നഗരങ്ങളില്‍ ആവശ്യത്തിനുള്ള ധാന്യം എത്തിക്കുന്നതിനു പാട് പെടുന്ന ചൈന പക്ഷെ ജനിതക വിത്തുകള്‍ ഉളവാക്കിയേക്കാവുന്ന അജ്ഞാതമായ ആരോഗ്യ, ജൈവ വൈവിദ്ധ്യ പ്രശ്നങ്ങളെ ഗുരുതരമായി തന്നെ കണ്ട് ഇത്തരം വിത്തുകള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.

എന്നാല്‍ ഈ വിലക്കിനെ മാറി കടക്കാന്‍ ചില ജൈവ സാങ്കേതിക കമ്പനികള്‍ ഈ വിത്തുകള്‍ മനപൂര്‍വം വിപണിയില്‍ പ്രചരിപ്പിച്ചു ഇവയെ സാര്‍വത്രികമാക്കി അംഗീകാരം ലഭ്യമാക്കാനുള്ള ഗൂഡ തന്ത്രം പ്രയോഗിക്കുകയാണ് എന്നാണു സംശയിക്കപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബി.ടി. വഴുതന : എതിര്‍ത്തവരോട് മന്ത്രി ജയറാം രമേശ്‌ കയര്‍ത്തു

February 6th, 2010

jayaram-ramesh-bt-brinjalബാംഗ്ലൂര്‍ : ജനിതക പരിവര്‍ത്തനം നടത്തിയ വഴുതനയെ എതിര്‍ത്ത് സംസാരിച്ച ആയുര്‍വേദ ഡോക്ടറോട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചര്‍ച്ചയ്ക്കിടയില്‍ കോപാകുലനായി. ബാംഗളൂരില്‍ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടയിലാണ് മന്ത്രിക്ക്‌ തന്റെ സമചിത്തത നഷ്ടപ്പെട്ടത്‌. ആദ്യം മുതല്‍ക്കു തന്നെ വാദ പ്രതിവാദങ്ങള്‍ ചൂട്‌ പിടിപ്പിച്ച ചര്‍ച്ചയില്‍ മന്ത്രി കയര്‍ത്ത്‌ സംസാരിക്കുകയായിരുന്നു. ബി. ടി. വഴുതനയ്ക്ക് എതിരെയുള്ള വാദങ്ങള്‍ ശക്തി പ്രാപിച്ചതോടെ നില്‍ക്കക്കള്ളി ഇല്ലാതായ മന്ത്രി ഇത് പാര്‍ലമെന്റ് അല്ല എന്നും അതിനാല്‍ ഇവിടെ ബഹളം വെക്കാന്‍ ആവില്ല എന്നൊക്കെ വിളിച്ചു പറഞ്ഞു. പാര്‍ലമെന്റ്‌ നടപടികള്‍ ടി.വി. യില്‍ കാണിക്കുന്നത് നിര്‍ത്തലാക്കണം എന്നും മന്ത്രി പറഞ്ഞു. ടി.വി. യില്‍ പാര്‍ലമെന്റിലെ ബഹളം കണ്ടാണ് ഇവിടെയും ചര്‍ച്ചയ്ക്കിടയില്‍ ബഹളം വെയ്ക്കുന്നത് എന്നായി മന്ത്രി.

കുത്തക കമ്പനികള്‍ക്ക്‌ വഴങ്ങിയ മന്ത്രി അവരുടെ സമ്മര്‍ദ്ദത്തില്‍ ആണ് ജനിതക വഴുതനയ്ക്ക് രാജ്യത്ത്‌ അനുമതി നല്‍കുന്നത് എന്ന ആരോപണം മന്ത്രി നിഷേധിച്ചു. ശാസ്ത്രജ്ഞര്‍ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ശകാരിച്ച മന്ത്രി കര്‍ഷകര്‍ ബി.ടി. വഴുതനയെ എതിര്‍ക്കുന്നത് എന്തിന് എന്ന ഒരു ശാസ്ത്രജ്ഞന്റെ ചോദ്യത്തിന് മറുപടി പറയാന്‍ വിസമ്മതിച്ചു. താന്‍ കുത്തക ബയോ ടെക്നോളജി കമ്പനിയുടെ ഏജന്റാണ് എന്ന ഒരു ആയുര്‍വേദ ഡോക്ടറുടെ പരാമര്‍ശത്തോടെ മന്ത്രിയുടെ നിയന്ത്രണം പൂര്‍ണമായ് നഷ്ടപ്പെട്ടു. ഡോക്ടറെ അധിക്ഷേപിച്ച മന്ത്രി അയാള്‍ക്ക് ചികില്‍സ ആവശ്യമുണ്ട് എന്ന് ആക്രോശിച്ചു. ഇനി ഈ കാര്യത്തില്‍ ചര്‍ച്ച ഇല്ലെന്ന് പറഞ്ഞ മന്ത്രി തീരുമാനം താന്‍ സ്വയം എടുക്കും എന്ന് അറിയിച്ച് ചര്‍ച്ച അവസാനിപ്പിച്ചു.


Jayaram Ramesh Loses His Cool During Discussion on Bt Brinjal

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ബീഹാറില്‍ ബി.ടി. വഴുതന നിരോധിച്ചു

January 7th, 2010

Bt-Brinjalജനിതക പരിവര്‍ത്തനം നടത്തിയ ബി.ടി. വഴുതനയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ബീഹാര്‍ തടഞ്ഞു. ഇത്തരം നടപടി സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ബീഹാര്‍. കര്‍ഷകരും, കൃഷി ശാസ്ത്രജ്ഞരും, കാര്‍ഷിക ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചക ള്‍ക്കൊടുവില്‍ രാജ്യ കിസാന്‍ ആയോഗ് എത്തിച്ചേര്‍ന്ന തീരുമാന പ്രകാരമാണ് ഈ നടപടി എന്ന് മുഖ്യ മന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ബീഹാറിലെ കാലാവസ്ഥയിലും കാര്‍ഷിക സാഹചര്യങ്ങളിലും ബി.ടി. വഴുതനയുടെ ദൂഷ്യ ഫലങ്ങള്‍ കണ്ടെത്താന്‍ വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്തി ബോധ്യപ്പെടണം എന്നായിരുന്നു പഠനം നടത്തിയ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം. സംസ്ഥാനത്തെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇത്തരം പരീക്ഷണങ്ങള്‍ നടത്തണം എന്ന് രാജ്യ കിസാന്‍ ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ടി. വഴുതനയുടെ വ്യാവസായിക ഉല്‍പ്പാദനത്തെ സംബന്ധിച്ച മതിയായ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല എന്നും രാജ്യ കിസാന്‍ ആയോഗ് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് അയച്ച എഴുത്തില്‍ വ്യക്തമാ‍ക്കിയിട്ടുണ്ട്.


Bihar rejects commercial cultivation of Bt brinjal

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൃത്രിമ വഴുതനക്ക് അനുമതി

October 15th, 2009

Bt-Brinjalജനിതകമായി മാറ്റം വരുത്തിയ വഴുതന വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ജെനറ്റിക് എഞ്ചിനിയറിംഗ് അപ്പ്രൂവല്‍ കമ്മിറ്റി അനുവാദം നല്‍കി. രാജ്യത്തെ ജൈവ സാങ്കേതിക രംഗത്തെ നിയന്ത്രണത്തിന് അധികാരമുള്ള സമിതിയാണിത്. സര്‍ക്കാരിന്റെ അനുമതി കൂടെ ലഭിക്കുന്നതോടെ ജനിതക മാറ്റം വരുത്തിയ രാജ്യത്തെ ആദ്യ ഭക്ഷ്യ വിളയാകും കൃത്രിമ വഴുതന.

ബി.ടി. വഴുതന എന്നാണ് ഇതിനെ വിളിക്കുന്നത്. മണ്ണില്‍ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ബസിലസ് തുറിംഗ്യെന്‍സിസ് (Bacillus Thuringiensis – Bt). ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ചില വിഷാംശങ്ങള്‍ കീടങ്ങളെ വിളകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ചില തരം കീടനാശിനികള്‍ ഉണ്ടാക്കുവാന്‍ ഈ വിഷം ഉപയോഗിക്കുന്നുണ്ട്. ഈ വിഷാംശം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ഈ ബാക്ടീരിയയുടെ ഡി.എന്‍. എ. യില്‍ നിന്നും ഈ ശേഷിയുള്ള ജീനുകളെ വേര്‍ തിരിച്ചെടുത്ത് ഇതിനെ വഴുതന ചെടിയുടെ ഡി. എന്‍. എ. വ്യവസ്ഥയിലേക്ക് കടത്തി വിടുന്നു. ഇതോടെ വഴുതന ചെടിക്കും കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള വിഷം സ്വയം നിര്‍മ്മിക്കാനുള്ള ശേഷി കൈ വരുന്നു. അപ്പോള്‍ പിന്നെ കൃത്രിമമായി കീട നാശിനികള്‍ ഉപയോഗിക്കേണ്ടി വരില്ല എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ഗുണമായി പറയുന്നത്.

ഇങ്ങനെ വികസിപ്പിക്കുന്ന വഴുതനയ്ക്ക് കീട നാശിനികളെ അപേക്ഷിച്ച് ആയിരം ഇരട്ടിയോളം വിഷ വീര്യം കൂടും. ബി.ടി. വിഷം മനുഷ്യന് ദോഷം ചെയ്യില്ലെന്ന് ഉറപ്പു തരാന്‍ ശാസ്ത്രത്തിന് കഴിയാത്ത സ്ഥിതിക്ക് നമ്മുടെ ഭക്ഷണ ചങ്ങലയിലേക്ക് ഈ വിഷം ആയിരം മടങ്ങ് ശക്തിയോടെ കടന്നു കയറും എന്നതാണ് ഇതിനെതിരെ നില നില്‍ക്കുന്ന ഭീതിക്ക് അടിസ്ഥാനം.

ലോകം പകര്‍ച്ച വ്യാധികളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ കാലത്ത് ഏറെ ഭീതിദമായ മറ്റൊരു ഭീഷണിയും ബി.ടി. വഴുതന ഉളവാക്കുന്നുണ്ട്. ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഒരു പ്രോട്ടീന്‍ ബി.ടി. വഴുതന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത് ഭക്ഷണമാക്കുന്നതോടെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ഫലിക്കാതെ വരും എന്നത് ആരോഗ്യ വിദഗ്ദ്ധര്‍ ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.


Commercial release of Genetically Modified Bt Brinjal approved in India

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ദീപ് ജോഷിക്ക് മാഗ്സസെ പുരസ്കാരം
Next » എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കണം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010