ഹൂബെ: ജനിതക പരിവര്‍ത്തനം നടത്തിയ അരിയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഔദ്യോഗികമായി അനുവദിച്ചിട്ടില്ലാത്ത ചൈനയില്‍ ഇത്തരം അരി അനൌദ്യോഗികമായി വ്യാപിക്കുന്നതായി അന്താരാഷ്‌ട്ര പരിസ്ഥിതി സംഘമായ ഗ്രീന്‍ പീസ് കണ്ടെത്തി. ചൈനയിലെ ഹൂബെ പ്രവിശ്യയില്‍ നിന്നുമാണ് ഈ അരി വിപണിയിലെത്തുന്നത് എന്ന് കരുതപ്പെടുന്നു.
ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട അരിയുടെ ഉപയോഗം സുരക്ഷിതമല്ല എന്ന കാരണത്താല്‍ പൊതു ജന ഉപയോഗത്തിന് ചൈന വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം അരിയുടെ ഉല്‍പ്പാദനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഹൂബെ പ്രവിശ്യ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. Bt63 എന്ന ജീന്‍ കലര്‍ന്ന അരിയാണ് ഇവിടെ നിന്നും വിപണിയില്‍ എത്തുന്നതായി കണ്ടെത്തിയത്. കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതാണ് ഈ അരി.
ചൈനയിലെ അരി ഉല്‍പ്പാദനത്തിന്റെ പ്രമുഖ കേന്ദ്രങ്ങളില്‍ ഒന്നാണ് ഹൂബെ. ദേശീയ ദുരന്തങ്ങളെ തുടര്‍ന്നുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള അരി ഇവിടെ നിന്നും പൊതു വിപണിയിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ഇതോടെ ഈ മലിനമായ അരി ചൈനയില്‍ ഉടനീളം വ്യാപിക്കുകയും ചെയ്യും എന്നതാണ് ഭീതിദമായ അവസ്ഥ. ഇപ്പോള്‍ തന്നെ ഇത്തരം അരി പല പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്.
അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യയുള്ള ചൈനയിലെ നഗരങ്ങളില്‍ ആവശ്യത്തിനുള്ള ധാന്യം എത്തിക്കുന്നതിനു പാട് പെടുന്ന ചൈന പക്ഷെ ജനിതക വിത്തുകള്‍ ഉളവാക്കിയേക്കാവുന്ന അജ്ഞാതമായ ആരോഗ്യ, ജൈവ വൈവിദ്ധ്യ പ്രശ്നങ്ങളെ ഗുരുതരമായി തന്നെ കണ്ട് ഇത്തരം വിത്തുകള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.
എന്നാല്‍ ഈ വിലക്കിനെ മാറി കടക്കാന്‍ ചില ജൈവ സാങ്കേതിക കമ്പനികള്‍ ഈ വിത്തുകള്‍ മനപൂര്‍വം വിപണിയില്‍ പ്രചരിപ്പിച്ചു ഇവയെ സാര്‍വത്രികമാക്കി അംഗീകാരം ലഭ്യമാക്കാനുള്ള ഗൂഡ തന്ത്രം പ്രയോഗിക്കുകയാണ് എന്നാണു സംശയിക്കപ്പെടുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gm-crops