ഞാന്‍ ഡല്‍ഹിയില്‍ ചെന്നപ്പോഴാണ് ആദ്യമായി രാജ്മ മസാല കഴിക്കുന്നത്. രാജ്മ ചാവല്‍ അവിടെ പ്രസിദ്ധമാണ്. ഇത് ഒരു പഞ്ചാബി ഭക്ഷണമാണ്. ബസ്മതി ചോറിന്റെ കൂടെ രാജ്മയും തയിരും എന്റെ ഒരു ഇഷ്ട കോമ്പിനേഷന്‍ ആണ്. :-) അല്പം അച്ചാറും പപ്പടവും കൂടി ഉണ്ടെങ്കില്‍ പിന്നെ കാര്യം കുശാലായി.
എന്റെ വീട്ടില്‍ എല്ലാര്‍ക്കും രാജ്മ ചപ്പാത്തിയുടെ കൂടെയാണ് ഇഷ്ടം. അത് കൊണ്ട് ഇത് ഒരു ഡിന്നര്‍ ഐറ്റം ആണ്. പക്ഷെ പെട്ടന്ന് ഒരു വൈകുന്നേരം വന്നു ഉണ്ടാക്കാന്‍ പറ്റില്ല. കാരണം ഉണക്ക രാജ്മ ആണെങ്കില്‍ ഒരുപാട് നേരം കുതിര്‍ക്കേണ്ടി വരും. എന്നാല്‍ ഇവിടെ ദുബായില്‍ കാന്‍ഡ് രാജ്മ കിട്ടും. അത് വേവിച്ചതാണ്. അതാണെങ്കില്‍ പിന്നെ കുതിര്‍ക്കുന്ന ടെന്‍ഷന്‍ ഒന്നും വേണ്ടാ. :-) ഞാന്‍ എന്നാല്‍ ഇത് വാങ്ങാറില്ല. രാജ്മ വയ്ക്കേണ്ട ദിവസം രാവിലെ തന്നെ അത് വെള്ളത്തില്‍ ഇടും. :-) വൈകുന്നേരം വരുമ്പോള്‍ രാജ്മ കുക്കറില്‍ വേവാന്‍ വച്ചിട്ട് ബാക്കിയുള്ള ചേരുവകള്‍ അരിഞ്ഞെടുക്കും. അപ്പോള്‍ അര മണിക്കൂറിനുള്ളില്‍ നമ്മുടെ രാജ്മ മസാല തയ്യാറാകും. :-)
ചേരുവകള്‍
രാജ്മ ബീന്‍സ് രണ്ട് കപ്പ്
സവാള അരിഞ്ഞത് – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
തക്കാളി – മൂന്ന് നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് നെടുകെ കീറിയത് – 4 എണ്ണം
ഗരംമസാല – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
മുളക്പൊടി – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില അരിഞ്ഞത് ഒരു പിടി
വെള്ളം – മൂന്ന് കപ്പ്
എണ്ണ – കാല്‍ കപ്പ്
രാജ്മ ബീന്‍സ് കഴുകി വൃത്തിയാക്കി കുറഞ്ഞത് എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ത്തു എടുക്കുക. ഇത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ 20 മിനിറ്റ് വേവിക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ വഴറ്റുക. ഇവ നന്നായി വഴന്നു കഴിയുമ്പോള്‍ മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി ഉടയുന്നത് വരെ വഴറ്റുക. വേവിച്ചു വച്ചിരിക്കുന്ന രാജ്മ ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഗ്രേവി കൂടുതല്‍ വേണമെങ്കില്‍ അല്പം തിളച്ച വെള്ളം ഒഴിക്കാം. ആവശ്യത്തിന് കുറുകിവരുമ്പോള്‍ മല്ലിയില ചേര്‍ത്ത് ഇളക്കി വാങ്ങാം. ചപ്പാത്തിക്കും ചോറിനും കഴിക്കാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dinner, side dishes, vegetarian, ഡല്‍ഹി