പെപ്പര്‍ ചിക്കന്‍

February 8th, 2012

pepper chicken-epathram

എല്ലായ്പ്പോഴും ചിക്കന്‍ വയ്ക്കുമ്പോ ഒരേ സ്വാദ്. ഒരു വ്യത്യസ്തത ഇല്ല.. :( പെപ്പര്‍ ചിക്കന്‍ പലപ്പോഴും ഹോട്ടലില്‍ നിന്നും കഴിച്ചിട്ടുണ്ട്. ഇത് വരെ വച്ച് നോക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ആദ്യമായിട്ട് പെപ്പര്‍ ചിക്കന്‍ ട്രൈ ചെയ്തു. പല റെസിപ്പികള്‍ റെഫര്‍ ചെയ്തു. എന്റേതായ ചില മാറ്റങ്ങള്‍ ഒക്കെ വരുത്തി. വച്ച് കഴിഞ്ഞപ്പോള്‍ വളരെ ഇഷ്ടമായി. വളരെ ഈസിയായി വയ്ക്കാം.. കേരള പൊറോട്ട ഉണ്ടാക്കി അതിന്റെ കൂടെ കഴിച്ചു.. :-)

ചേരുവകള്‍

ചിക്കന്‍ – അര കിലോ
സവാള – രണ്ടു വലുത്
ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍
പച്ചമുളക് കീറിയത് – മൂന്ന്‍ എണ്ണം
തക്കാളി – ഒരു വലുത്
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക്പൊടി – രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു ടീസ്പൂണ്‍
എണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങള്‍ ആയി മുറിക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ നേര്‍മ്മയായി അരിഞ്ഞ സവാള ഇട്ടു വഴറ്റുക. സവാള ഒന്ന് വഴന്നു കഴിയുമ്പോള്‍, അതിലേക്കു ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് എന്നിവ ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങളും ഉപ്പും ചേര്‍ത്ത് ഇളക്കുക. അഞ്ചു മിനുറ്റ് മൂടി വച്ച് വേവിക്കുക. ഇതിലേക്ക് മല്ലിപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി അര കപ്പ്‌ വെള്ളവും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ചിക്കന്‍ പാതി വേവ് ആകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും, കറിവേപ്പിലയും, ഗരംമസാലയും ചേര്‍ത്ത് ഇളക്കുക. ഗ്രേവി പാകത്തിന് കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക. വേണമെങ്കില്‍ അല്‍പ്പം മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം. പൊറോട്ട, ചപ്പാത്തി, ചോറ് എന്നിവയുടെ കൂടെ നല്ലതാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

വെജിറ്റബിള്‍ ഉപ്പുമാവ്‌

February 6th, 2012

vegetable-upma-epathram
ഉപ്പുമാവോ??? അമ്മയ്ക്ക് ഇതല്ലാതെ വേറെ ഒന്നും ഉണ്ടാക്കാനില്ലേ??? ഇത് വായിക്കുന്ന നിങ്ങളില്‍ പലരും ചെറുപ്പത്തില്‍ എങ്കിലും ഉപ്പുമാവിനെ കുറിച്ച് ഇങ്ങനെ ഒന്ന് പുച്ഛത്തോടെ സംസാരിക്കാതിരുന്നിട്ടുണ്ടാവില്ല. :-) സത്യം പറയാമല്ലോ ഉപ്പുമാവ് എനിക്കും ഇഷ്ടമല്ല. ഹോസ്റ്റലില്‍ ജീവിച്ചിട്ടുള്ള ആര്‍ക്കും ഉപ്പുമാവ് ഇഷ്ടമായിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ ഹോസ്റ്റലിലെ ആ വരണ്ട ഉപ്പുമാവും നീണ്ട പയര്‍ കറിയും കണ്ടു എത്ര ദിവസം നെടുവീര്‍പ്പിട്ടിട്ടുണ്ട്!! എന്നാല്‍ ഉപ്പുമാവ്‌ വളരെ ഇഷ്ടമുള്ള ഒരുപാട് പേരെയും എനിക്ക് അറിയാം. എന്റെ നേരെ ഇളയ അനിയത്തി ടിന ഒരു ഉപ്പുമാവ്‌ ഫാന്‍ ആണ്. അവള്‍ക്കു ഉപ്പുമാവ് കഴിക്കാന്‍ പഴം, പഞ്ചസാര, കറി എന്നിവ ഒന്നും വേണ്ടാ എന്നുള്ളതാണ് അത്ഭുതം. ഇവിടെ ഞങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഉപ്പുമാവ് ആയിരിക്കും. ഏതു ഭക്ഷണത്തിലും അല്പം പച്ചക്കറികള്‍ ചേര്‍ത്താല്‍ എനിക്ക് സന്തോഷമാണ് എന്ന് ഞാന്‍ ഇതിനു മുന്‍പ്‌ ഏതോ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്റെ ശത്രുവായ ഉപ്പുമാവിനെയും ഞാന്‍ അല്പം പച്ചക്കറികള്‍ ചേര്‍ത്ത് മെരുക്കിയെടുത്തു എന്ന് വേണമെങ്കില്‍ പറയാം.

ചേരുവകള്‍

റവ വറുത്തത്ത് – 1 കപ്പ്‌
സവാള – 1 വലുത് ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത്
കാരറ്റ്‌ – ഒരു ചെറുത്‌ ചെറുതായി അരിഞ്ഞത്
ബീന്‍സ്‌ – 3-4 എണ്ണം ചെറുതായി അരിഞ്ഞത്
ഫ്രഷ്‌ ഗ്രീന്‍പീസ്- കാല്‍ കപ്പ്
നിലക്കടല – കാല്‍ കപ്പ്
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 2 കപ്പ്‌
എണ്ണ – 2 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
നെയ്യ്‌ – ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്‌ പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്‌, ബീന്‍സ്‌, ഫ്രഷ്‌ ഗ്രീന്‍പീസ്, നിലക്കടല, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പച്ചക്കറികള്‍ ചെറുതായി വഴന്നു കഴിയുമ്പോള്‍ 2 കപ്പ് വെള്ളം, നെയ്യ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വെള്ളം തിളയ്ക്കുന്നതു വരെ മൂടി വയ്ക്കുക. വെള്ളം തിളച്ചു കൊണ്ടിരിക്കുമ്പോള്‍ തീ നന്നായി കുറച്ചു വച്ച്, പതിയെ റവ ചേര്‍ത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

ഗ്രില്ഡ് ഫിഷ്‌

February 1st, 2012

grilled-fish-epathram
നല്ല നെയ്മീന്‍ കിട്ടുമ്പോ, കുടംപുളി ഒക്കെ ഇട്ടു നല്ല ‘തറവാടി മീന്‍കറി’ വയ്ക്കുന്നതിനു പകരം എരിവും പുളിയും ഇല്ലാത്ത ഗ്രില്ഡ് ഫിഷ്‌ തന്നെ ഉണ്ടാക്കണോ?? :-) ഫിഷ്‌ ഗ്രില്‍ ചെയ്യാം എന്ന് പറയുമ്പോള്‍ വീട്ടുകാരുടെ റെസ്പോണ്‍സ് ഇങ്ങനെയാണ്.. അവരെ തെറ്റ് പറയാന്‍ പറ്റില്ല.. ഇതിനു മുന്‍പൊക്കെ ബാര്‍ബിക്ക്യു പാര്‍ട്ടികള്‍ക്ക് പോയി ഞങ്ങള്‍ ചുട്ട മല്‍സ്യം കഴിച്ചിട്ടുണ്ട്. അങ്ങ് കഴിക്കാം എന്നല്ലാതെ അതിനു പറയത്തക്ക രുചി ഉള്ളതായി തോന്നിയിരുന്നില്ല. എന്തായാലും വനിതയുടെ ഏതോ ഒരു ലക്കത്തില്‍ ഗ്രില്ഡ് ഫിഷ്‌ റെസിപ്പി കണ്ടു. പിന്നത്തെ പ്രാവശ്യം നെയ്മീന്‍ വാങ്ങിയപ്പോള്‍ വെറും 3-4 പീസ്‌ ഞാന്‍ മാറ്റി വച്ചു. ഗ്രില്ഡ് ഫിഷ്‌ ഒന്ന് ചെയ്തു നോക്കാം എന്ന് വച്ചു. റെസിപ്പി എന്റെ ഇഷ്ടത്തിനു ഞാന്‍ ഒന്ന് മോഡിഫൈ ചെയ്തിട്ടുണ്ട്. എനിക്ക് വീട്ടില്‍ ഗ്രില്‍ ചെയ്യാനുള്ള സംവിധാനം ഇല്ല. ഈ റെസിപ്പി അനുസരിച്ച് ഗ്യാസില്‍ ഉണ്ടാക്കാം. അത് കണ്ടപ്പോ എന്റെ ആഗ്രഹം കലശലായി. സാധാരണ ഗ്രില്‍ ഫിഷില്‍ എണ്ണ ചേര്‍ക്കാറില്ല. ഗ്യാസില്‍ ഉണ്ടാക്കുന്നത്‌ കാരണം അല്പം എണ്ണ ചേര്‍ക്കാതെ പറ്റില്ല.  അങ്ങനെ ആയതുകൊണ്ട് ഇനി ഇതിനെ ഗ്രില്ഡ് ഫിഷ്‌ എന്ന് വിളിക്കാന്‍ നിങ്ങള്ക്ക് വിഷമം ഉണ്ടെങ്കില്‍ വേറെ എന്തെങ്കിലും വിളിക്കാം.. :-) എന്തായാലും ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഒട്ടുമുക്കാലും കഴിച്ചത് എന്റെ കുഞ്ഞിപ്പെണ്ണ് ഹയാ ആണ്… :-) എല്ലാവരും അവള്‍ടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ചു തിന്നേണ്ടി വന്നു… വളരെ സിമ്പിള്‍ ആയ ഈ ഗ്രില്ഡ് ഫിഷ്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കു..

ചേരുവകള്‍

മുള്ളില്ലാത്ത മല്‍സ്യം – 250 ഗ്രാം (കിംഗ്‌ ഫിഷ്‌, ഹമ്മൂര്‍ എന്നിവയാണ് നല്ലത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടീസ്പൂണ്‍
കുരുമുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങാ നീര് – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ചെറുതായി അരിഞ്ഞത് – അര കപ്പ്
ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി 3 ഇഞ്ചു കഷണങ്ങളായി കനം കുറഞ്ഞു മുറിക്കുക. ഇതിലേക്ക് എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു മണിക്കൂര്‍ നേരത്തേക്ക് ഇത് ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു നോണ്‍ സ്റ്റിക് പാന്‍ ചൂടാക്കി അതിലേക്കു അര ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ചു ചുറ്റിക്കുക. അത് ചൂടാകുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ പാനില്‍ നിരത്തുക. തീ വളരെ കുറച്ചു വച്ചു പാത്രം മൂടി വയ്ക്കുക. ഇരു വശവും മൊരിഞ്ഞ് കഴിയുമ്പോള്‍ വാങ്ങാം. പുഴുങ്ങിയ പച്ചക്കറികള്‍ (ഉരുളകിഴങ്ങ്, ബീന്‍സ്‌, കാരറ്റ്‌, ബ്രോക്കൊളി) ഫ്രഞ്ച് ഫ്രൈസ് എന്നിവയ്ക്കൊപ്പം വിളമ്പാം.

- ലിജി അരുണ്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

മുട്ടക്കറി

January 28th, 2012

eggcurry-epathram
മുട്ട ഏതു പരുവത്തിലാക്കിയാലും എനിക്ക് ഇഷ്ടമാണ്. മുട്ട റോസ്റ്റ്‌ ഉണ്ടാക്കുന്ന വിധം നേരത്തെ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. ഈ മുട്ടക്കറി എന്റെ റെസിപ്പി അല്ല. കുസാറ്റില്‍ എന്റെ സീനിയര്‍ ആയി പഠിച്ച ദിവ്യായുടെ റെസിപ്പി ആണ് ഇത്. കക്ഷിയുടെ സ്വന്തം കണ്ടുപിടുത്തമാണ് ഇത്. എന്തായാലും വളരെ സ്വാദിഷ്ടമായ ഒരു കറിയാണ്.

ചേരുവകള്‍

മുട്ട പുഴുങ്ങി നെടുകെ മുറിച്ചത് – 4 എണ്ണം
സവാള – 2 ഇടത്തരം നേര്‍മ്മയായി അരിഞ്ഞത്
മുളക്പൊടി – 2 ടീസ്പൂണ്‍ നികക്കെ
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി –  1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
തേങ്ങാ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വഴറ്റുക. ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ പൊടികള്‍ എല്ലാം ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. തീ ഓഫ്‌ ആക്കുക. ഇത് തണുത്തു കഴിയുമ്പോള്‍, തേങ്ങാ ചുരണ്ടിയത് ചേര്‍ത്ത് മിക്സിയില്‍ അരച്ച് എടുക്കുക. സവാള വഴറ്റിയ അതെ പാനിലേക്ക് അരപ്പ് ചേര്‍ത്ത് കുറച്ചു നേരം വഴറ്റുക. എണ്ണ തെളിഞ്ഞു വരണം. അല്‍പ്പം വെള്ളം ചേര്‍ത്ത് ഒന്ന് കൂടെ തിളപ്പിക്കുക. ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മുട്ടയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. 5 മിനുറ്റ് കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.
അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം.

അയച്ചു തന്നത് – ദിവ്യാ പ്രമോദ്‌

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

പോര്‍ക്ക്‌ റോസ്റ്റ്‌

January 24th, 2012

pork roast-epathram

പോര്‍ക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അയ്യേ എന്ന് പറയുന്ന ഒരുപാട് പേരെ എനിക്കറിയാം. എന്നാലും സത്യം പറയാമല്ലോ, ഇത്രേം സ്വാദുള്ള മറ്റൊരു മാംസാഹാരം ഉണ്ടാവില്ല. എന്റെ സ്വന്തം നാടായ വാഴക്കുളത്തു നല്ല ബീഫും പോര്‍ക്കും കിട്ടും. പണ്ടൊക്കെ വീട്ടില്‍ പോര്‍ക്ക് വയ്ക്കുമ്പോള്‍ അതിലെ നെയ്‌കഷ്ണങ്ങള്‍ കഴിക്കാനാണ് എല്ലാവര്ക്കും താല്‍പ്പര്യം.. അതിനു വല്ലാത്ത ഒരു സ്വാദ് തോന്നിയിരുന്നു. പോര്‍ക്കിന്റെ സവിശേഷതയും അത് തന്നെയാണെന്ന് തോന്നുന്നു. പോര്‍ക്ക്‌ അറബി നാടുകളില്‍ പലയിടത്തും നിഷിദ്ധമാണ്. എങ്കിലും ദുബായില്‍ നല്ല പോര്‍ക്ക് കിട്ടും.

ഓഫീസില്‍ എനിക്ക് ധാരാളം ഫിലിപ്പിനോ സുഹൃത്തുക്കള്‍ ഉണ്ട്. ഫിലിപ്പീന്സുകാര്‍ക്കാണെങ്കില്‍ പോര്‍ക്ക്‌ ദേശീയ ഭക്ഷണമാണ്. അവര്‍ തയ്യാറാക്കുന്ന പോര്‍ക്ക്‌ നമ്മള്‍ മലയാളികള്‍ക്ക് പിടിച്ചെന്നു വരില്ല. എരിവും പുളിയും ഇല്ലാ. അത് തന്നെ കാരണം. എങ്കിലും പോര്‍ക്കില്‍ തേങ്ങാപ്പാലും, നിറയെ പച്ചമുളകും, ഇഞ്ചിയും ഒക്കെ ചേര്‍ത്ത അവരുടെ ഒരു കറി ഞാന്‍ ഒരിക്കല്‍ കഴിക്കുകയുണ്ടായി. ബീക്കോള്‍ എക്സ്പ്രെസ്സ് എന്നാണു അതിന്റെ പേര്. പേര് കേട്ടാല്‍ ഇന്റര്‍ സ്റ്റേറ്റ് ഓടിക്കൊണ്ടിരിക്കുന്ന പോര്‍ക്ക്‌ ആണെന്ന് തോന്നും അല്ലെ? :-) എന്നാല്‍ ഫിലിപ്പിന്‍സിലെ ഒരു പ്രവിശ്യയാണ് ബീക്കോള്‍. അവിടുത്തെ സ്പെഷ്യല്‍ ഐറ്റം ആണ് ഇത്..

ഓക്കേ.. ഓക്കേ.. അതൊക്കെ അവിടെ നില്‍ക്കട്ടെ.. ഏതായാലും ഞാന്‍ വല്യ പോര്‍ക്ക്‌ എക്സ്പേര്‍ട്ട് അല്ല.(നല്ല ചാന്‍സ് കിട്ടിയില്ല, അല്ലെങ്കില്‍ ഞാന്‍ കാണിച്ചു തന്നേനെ.. :-)) ഈ റെസിപ്പി നമ്മുടെ എഡിറ്റര്‍ സാറിന്റെ സുഹൃത്ത്‌ മൂര്‍ത്തിയുടെതാണ്. മൂര്‍ത്തി എന്ന പേര് കേള്‍ക്കുമ്പോള്‍, പട്ടര്‍ക്ക് പോര്‍ക്ക് വഴങ്ങുമോ എന്ന് നിങ്ങളില്‍ പലരും ചിന്തിക്കാം. എന്നാല്‍ അത്ഭുതപ്പെടേണ്ട.. കക്ഷി ഒന്നാന്തരം ഒരു നോണ്‍ വെജ് കുക്കാണ്. ഈ പോര്‍ക്ക്‌ റോസ്റ്റ്‌ കഴിക്കുമ്പോള്‍ അത് പിടികിട്ടും. :-)

പോര്‍ക്ക്‌ – കിലോ
വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
ഇഞ്ചി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് ചതച്ചത് – 15 എണ്ണം
മഞ്ഞള്‍പ്പൊടി – 3 ടീസ്പൂണ്‍
മുളക്പൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
കുരുമുളക്പൊടി – 2 ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി നെടുകെ അരിഞ്ഞത് – 3 കപ്പ്‌
തേങ്ങാക്കൊത്ത് – ഒരു പിടി
കറിവേപ്പില – ഒരു പിടി
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പോര്‍ക്ക് കഴുകി വൃത്തിയാക്കി, ഒരിഞ്ചു കഷ്ണങ്ങള്‍ ആയി മുറിയ്ക്കുക. എല്ലാ കഷണങ്ങളിലും തോലും ഇറച്ചിയും ഉണ്ടാവണം. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചതും, രണ്ടു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് ഇളക്കി 45 മിനിറ്റ് അടച്ചു വച്ച് വേവിക്കുക.

മുളക്പൊടി, മല്ലിപ്പൊടി, കുരുമുളക്പൊടി എന്നിവയും ബാക്കിയുള്ള ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു പാന്‍ ചൂടാക്കി അതില്‍ ഒന്ന് വറുത്തെടുക്കുക. പോര്‍ക്ക് വെന്തു കഴിയുമ്പോള്‍ ഈ മസാലയും, തേങ്ങാക്കൊത്തും, കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ പത്തു മിനുറ്റ് വേവിക്കുക.

മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി നന്നായി വഴറ്റി എടുക്കുക. ഇത് പോര്‍ക്കിലേക്ക് ചേര്‍ത്ത് ഇളക്കുക. പോര്‍ക്ക്‌ റോസ്റ്റ്‌ റെഡി ചോറ്, ചപ്പാത്തി, നെയ്ചോര്‍ എന്നിവയുടെ കൂടെ കഴിക്കാം.

അയച്ചു തന്നത് – അനന്തശയനം തിരു മൂര്‍ത്തി
ഫോട്ടോ – ജിഷി സാമുവേല്‍

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 12« First...23456...10...Last »

« Previous Page« Previous « മത്തങ്ങാ മെഴുക്കുപുരട്ടി
Next »Next Page » മുട്ടക്കറി »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine