ബിരിയാണിയോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം വീട്ടില്‍ ബിരിയാണി എന്നും ‘സ്പെഷ്യല്‍’ ആയിരുന്നു ..വിശേഷാവസരങ്ങളില്‍ മാത്രം വയ്ക്കുന്ന ഒരു വിഭവം. അത് പിറന്നാള്‍ ആവാം, ക്രിസ്തുമസ്സ് ആവാം ഇനി ഇവ ഒന്നുമല്ലെങ്കില്‍ ഒരു ഹര്‍ത്താല്‍ ആയാലും മതി. എല്ലാവരും വീട്ടില്‍ ഉണ്ടാകുമല്ലോ. പലതരം ബിരിയാണി ഞാന്‍ കഴിച്ചിട്ടുണ്ട്. എങ്കിലും കൂട്ടത്തില് ഏറ്റവും എളുപ്പം തയ്യാറാക്കാവുന്നതും, രുചിയുള്ളതും പിന്നെയും പിന്നെയും കഴിക്കാന്‍ തോന്നുന്നതുമായ ബിരിയാണി തലശ്ശേരി ബിരിയാണിയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ ബിരിയാണി ഒഴിച്ച്, കണ്ണൂര്‍ ജില്ലയില്‍പ്പെട്ട തലശ്ശേരിയുമായി എനിക്ക് ഒരു ബന്ധവും ഇല്ല.
തലശ്ശേരി ബിരിയാണി ഒന്ന് പരീക്ഷിച്ചു നോക്കു, ഇനി മറ്റൊരു ബിരിയാണിയും നിങ്ങള്ക്ക് ഇഷ്ടമാവില്ല എന്ന് ഞാന്‍ ഉറപ്പു തരാം. ;-)
ചേരുവകള്‍
1. കോഴി ഇറച്ചി- ഒരു കിലോ
2. ബിരിയാണി അരി- 3 കപ്പ്
3. നെയ്യ്- 3 ടേബിള്‍ സ്പൂണ്‍
4. വെജിറ്റബിള്‍ ഓയില്‍ – 5 ടേബിള്‍ സ്പൂണ്‍
5. വെളുത്തുള്ളി- 8 വലിയ അല്ലി
6. പച്ചമുളക്- 12 എണ്ണം ( എരിവ് അനുസരിച്ച്)
7. ഇഞ്ചി- 2 ഇഞ്ച് കഷ്ണം
8. തക്കാളി- 3 വലുത്
9. സവാള- 5 വലുത്
10. പുതിനയില- 3 തണ്ട്
11. മല്ലിയില – ഒരു കപ്പ്
12. ഗരം മസാല- ഒന്നര ടേബിള്‍ സ്പൂണ്‍
13. കറുവപ്പട്ട- 6
14. ഏലയ്ക്ക- 10
15. തക്കോലം – 3
16. ഗ്രാമ്പൂ- 10 ഗ്രാം
17. കുരുമുളക് – ഒരു ടീസ്പൂണ്‍
18. ചെറുനാരങ്ങ- ഒരെണ്ണം
19. ഉപ്പ്- പാകത്തിന്
20. ഉണക്കമുന്തിരി- 20 ഗ്രാം
21. അണ്ടിപ്പരിപ്പ്- 25 ഗ്രാം
പാകം ചെയ്യുന്ന വിധം
മസാല തയ്യാറാക്കാന്‍: ഒരു നോണ്‍ സ്റ്റിക് പാത്രത്തില്‍ എണ്ണ ഒഴിച്ച് ചുടാക്കിയതിലേക്ക് ചെറുതായി അരിഞ്ഞ 4 സവാള ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ കഷ്ണങ്ങളാക്കിയ തക്കാളിയും ചേര്‍ത്തിളക്കുക. തക്കാളി നന്നായി വെന്തുടയുമ്പോള്‍ അതിലേക്ക് മല്ലിയിലയും പുതിനയും ചേര്‍ത്ത് ഇളക്കി കഷ്ണങ്ങളാക്കിയ കോഴിയിറച്ചി, ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് വേവിക്കുക. കോഴിയിറച്ചി മുക്കാലും വെന്തതിനുശേഷം അര ടേബിള്‍സ്പൂണ്‍ ഗരംമസാലപ്പൊടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കി മാറ്റിവെക്കുക.
റൈസ് തയ്യാറാക്കുന്ന വിധം: പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, തക്കോലം, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് ഒരു സവാള അരിഞ്ഞതു ചേര്‍ത്ത് വഴറ്റുക. കഴുകി വെള്ളം വാര്‍ന്ന അരി ഇതിലേക്ക് ഇട്ടു ഒന്ന് വറക്കുക. 6 കപ്പ് വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റി തീരുന്നത് വരെ വേവിക്കുക. അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയും റൈസും 2-3 ലയെര്‍ ആയി സെറ്റ് ചെയ്തു അര മണിക്കൂര്‍ ദം ചെയ്‌തെടുക്കുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സവാള എന്നിവ മുകളില്‍ വിതറി അലങ്കരിക്കുക.
കുറിപ്പ് : ഞാന്‍ ബിരിയാണി അരി ജീരകശാല ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളം വറ്റിച്ച് വേവിക്കുന്നതിനാല്‍ ഇത് കുഴഞ്ഞു പോകാതെ ഇരിക്കും.