കപ്പയും മീനും!! ഹോ കപ്പയെ കുറിച്ച് ഓര്‍ത്താല്‍ തന്നെ കപ്പലോടും, വായില്‍ :-) പണ്ടൊക്കെ കപ്പ ചെണ്ട മുറിയന്‍ പുഴുങ്ങിയത് മിക്കപ്പോഴും വൈകുന്നേരം സ്കൂള്‍ വിട്ടു വരുമ്പോള്‍ കഴിക്കാന്‍ ഉണ്ടാകുമായിരുന്നു. ചെണ്ട മുറിയന്‍ എന്ന പ്രയോഗം ആദ്യമായി കേള്‍ക്കുന്നവര്‍ ഉണ്ടാകും അല്ലെ? :-) ചെണ്ട ഇരിക്കുന്ന പോലെ കപ്പ മുറിക്കുന്നു എന്നേയുള്ളൂ. ഇതിനു കാന്താരി മുളകും ചെറിയ ഉള്ളീം വെളിച്ചെണ്ണയും ചേര്‍ത്ത ഒരടിപൊളി ചമ്മന്തിയുണ്ട്. എന്താ സ്വാദ്!! ഇനി കപ്പ പുഴുങ്ങുക എന്ന് വച്ചാല്‍, അതിനു മീന്‍ കറിയോ ഇറച്ചിക്കറിയോ വേണം. വീട്ടില്‍ എല്ലാവര്ക്കും അത് നിര്‍ബന്ധമായിരുന്നു. ഏതായാലും ദുബായില്‍ നല്ല ഫ്രഷ് കപ്പ കിട്ടും. ശ്രീലങ്കന്‍ കപ്പയും ഇന്ത്യന്‍ കപ്പയും കിട്ടും. :-) ഇടയ്ക്കു ഒരു ചെയ്ഞ്ചിനു കപ്പ പുഴുങ്ങിയതും ചിക്കന്‍ കറിയും ആയിക്കോട്ടെ.
ചേരുവകള്‍
കപ്പ – 1 കിലോ
പച്ചമുളക് – 2 എണ്ണം
ചെറിയ ഉള്ളി – 2 എണ്ണം
തേങ്ങാ – 3 ടേബിള്‍സ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 2 അല്ലി
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില – 1 തണ്ട്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ വൃത്തിയാക്കി ഒരിഞ്ചു കഷ്ണങ്ങള്‍ ആയി നുറുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് വേകുവാന്‍ വയ്ക്കുക. വേകാറാകുമ്പോള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. പാകത്തിന് വെന്തു കഴിയുമ്പോള്‍ വെള്ളം വാര്‍ന്നു കളയുക. പച്ചമുളക്, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി എന്നിവ മിക്സിയില്‍ നല്ലവണ്ണം അരയ്ക്കുക. ഇതിലേക്ക് തേങ്ങാ ചേര്‍ത്ത് ഒന്ന് ചതച്ചു എടുക്കുക. ഈ അരപ്പും, കറിവേപ്പിലയും കൂടി വെന്ത കപ്പയിലേക്ക് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പാത്രം മൂടി വച്ച് രണ്ടു മിനുട്ട് ചെറുതീയില്‍ വേവിക്കുക. കപ്പ റെഡി. :-)