കടലക്കറി

November 1st, 2011

kadala curry-epathram

പുട്ടും കടലക്കറിയുമാണ് സാധാരണ ‘കോമ്പിനേഷന്‍’. ഇന്ന് ഞങ്ങള്‍ക്ക് അപ്പവും കടല കറിയും ആയിരുന്നു. പല തരത്തില്‍ കടല കറി വെയ്ക്കാം. തെങ്ങ അരച്ചും, തക്കാളി ചേര്‍ത്തും ഒക്കെ .. ഇതാ മറ്റൊരു കടലക്കറി റെസിപി മമ്മിയുടെ വക. :-)

ചേരുവകള്‍

കടല – ഒരു കപ്പ്‌  കുറഞ്ഞത് 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതു
സവാള  – ഒരു വലുത് കനം കുറച്ച് അരിഞ്ഞത്
വെളുത്തുള്ളി – 6 അല്ലി (ചതച്ചത് )
ഇഞ്ചി – ഒരിഞ്ചു കഷ്ണം  (ചതച്ചത് )
മുളകുപൊടി – അര റ്റീസ്പൂണ്‍
മല്ലിപൊടി – അര റ്റീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര റ്റിസ്പൂണ്‍
ഗരംമസാലപ്പൊടി – അര റ്റിസ്പൂണ്‍
പച്ചമുളക് – 2 എണ്ണം
വറ്റല്‍മുളക് – 2 എണ്ണം
കടുക് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിനു
കറിവേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം

കുക്കറില്‍  കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും ആ‍വശ്യത്തിന് വെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 15 മിനിട്ട് വേവിക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി  ആവശ്യത്തിനു എണ്ണ ഒഴിക്കുക. ഇതിലേക്ക് സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. ബ്രൌണ്‍ നിറം ആകുമ്പോള്‍ മുളകുപൊടി, മല്ലിപൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് പൊടികള്‍ മൂക്കുന്നത് വരെ വഴറ്റുക. തീ ഓഫ്‌ ചെയ്യുക. ഇത് തണുത്തു കഴിയുമ്പോള്‍ മിക്സിയില്‍ നന്നായി അരക്കുക. വേവിച്ചു വച്ചിരുക്കുന്ന കടല ഒരു ടേബിള്‍സ്പൂണ്‍ ഇതിലേക്ക് ചേര്‍ത്ത് ഒന്ന് കൂടി അരക്കുക.

പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് 2 വറ്റല്‍മുളക്, പച്ചമുളക്‌, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. വേവിച്ചു വച്ചിരിക്കുന്ന കടലയും അരച്ചു വച്ച മസാലയും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് 2-3 മിനുറ്റ് തിളപ്പിക്കുക. കടലക്കറി റെഡി.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാലപ്പം

November 1st, 2011

palappam-epathram

കേരളീയരുടെ സ്വന്തം വിഭവമെന്നു അഭിമാനിക്കാവുന്ന ഒന്നാണ് പാലപ്പം. ഒരു ക്രിസ്ത്യന്‍ വിഭവമാണ് എന്ന് പറയാം. പാലപ്പവും മട്ടണ്‍ സ്ട്യുവും ക്രിസ്ത്യന്‍ കല്യാണ വിരുന്നുകളുടെ ഒരു അഭിഭാജ്യ ഘടകമാണ്. ഇനി മട്ടണ്‍ സ്ട്യു ഇല്ലെങ്കിലും മുട്ട കറി, കടലക്കറി, പീസ്‌ കറി ഇവയൊക്കെ ഉണ്ടെങ്കില്‍ നമ്മുക്ക് വീട്ടില്‍ ബ്രേക്ക്‌ഫാസ്റ്റ്‌ നു പറ്റിയ ഒരു ഐറ്റം ആണ് ഇത്.

നോക്കുമ്പോള്‍ വളരെ എളുപ്പമാണ് പാലപ്പം ഉണ്ടാക്കാന്‍. വളരെ കുറച്ചു ചേരുവകളെ ഒള്ളു. എന്നാല്‍ ഒരു ‘പെര്‍ഫെക്റ്റ്‌ ‘ പാലപ്പം ഉണ്ടാക്കാന്‍ എനിക്ക് ഇത് വരെ സാധിച്ചിട്ടില്ല. :-( എന്റെ അമ്മായിയമ്മയുടെ പാലപ്പ റെസിപ്പി ആണിത്. വളരെ സ്വാദിഷ്ടമായ പാലപ്പം ആണ് മമ്മി ഉണ്ടാക്കുന്നത്‌. മമ്മി ഉണ്ടാക്കുന്ന പാലപ്പം മൂക്കുമുട്ടെ കഴിക്കുക എന്നല്ലാതെ പാലപ്പം ഉണ്ടാക്കുന്ന കാര്യം ഓര്‍ത്താല്‍ ഞാന്‍ വിറയ്ക്കും. കാരണം എന്റെ ചില മുന്‍കാല പാചക അനുഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ പാലപ്പം എനിക്ക് അത്ര നല്ല ഓര്‍മ്മകള്‍ അല്ല തന്നിരിക്കുന്നത്. എന്നാല്‍ മമ്മി വന്നപ്പോള്‍ കഥ ആകെ മാറി. ഒരു എളുപ്പ റെസിപി കിട്ടി. ഇനി എനിക്കും ഈ റെസിപ്പി അനുസരിച്ച് അപ്പം ഉണ്ടാക്കി പഠിക്കണം. :-) ഒരുമിച്ചു തുടങ്ങാം നമ്മുക്ക് .. ഒന്ന് പരീക്ഷിക്കാം.

ചേരുവകള്‍

പച്ചരി- രണ്ടു കപ്പ്‌
യീസ്റ്റ്- കാല്‍ ടീസ്പൂണ്‍
പഞ്ചസാര- നാല് ടീസ്പൂണ്‍
ചോര്‍ – 5 ടേബിള്‍സ്പൂണ്‍
തേങ്ങ ചുരണ്ടിയത്- 4 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

പച്ചരി കഴുകി 6 മണിക്കൂര്‍ എങ്കിലും വെള്ളത്തിലിട്ടു നന്നായി കുതിര്‍ക്കുക.
അരി പാകത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക.(മിക്സിയില്‍ അരിക്ക് ഒപ്പത്തിനു വെള്ളം നില്‍ക്കണം) .അരി അരച്ചെടുത്ത് മാറ്റി വയ്ക്കുക. വെണ്ണ പോലെ അരയണം. തരിതരിപ്പ്‌ ഉണ്ടാവരുത്. തേങ്ങ അര ഗ്ലാസ്‌ വെള്ളം ചേര്‍ത്ത് അരക്കുക. ഇതിലേക്ക് ചോറും യീസ്റ്റും ചേര്‍ത്ത് വീണ്ടും അരച്ചെടുക്കുക. ഇത് പച്ചരി അരച്ചതിന്റെ കൂടെ ചേര്‍ത്ത് ഇളക്കി പാകത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് പുളിക്കാന്‍ വയ്ക്കുക. രാത്രിയില്‍ അരച്ചാല്‍ രാവിലെ ബ്രേക്ക്ഫാസ്റ്റിനു സമയം ആകുമ്പോള്‍ പുളിച്ചു കിട്ടും. ഏകദേശം 8-10 മണിക്കൂര്‍ എന്ന് കണക്കാക്കാം.

അപ്പം ചുടുന്നതിനു മുന്‍പ്‌ മാവ് ഒന്ന് ഇളക്കുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു വലിയ സ്പൂണ്‍ മാവ് ഒഴിച്ച് ഒന്നു ചുറ്റിച്ചു മൂടി വെക്കുക. അപ്പത്തിന്റെ അരികു വശം മൂത്ത് നടുവ് വെന്തു വരുമ്പോള്‍ ചട്ടിയില്‍ നിന്നും എടുക്കുക. ഇനി അപ്പച്ചട്ടി ഇല്ലെങ്കില്‍ മാവ് ദോശക്കല്ലില്‍ പരത്തി ഒഴിച്ച് മൂടി വച്ച് വേവിച്ചു ദാ താഴെ കാണുന്ന പോലെ അപ്പം ഉണ്ടാക്കാം.

appam-epathram

മേല്‍പ്പറഞ്ഞ അളവ് അനുസരിച്ച് ഏകദേശം 20 അപ്പം ഉണ്ടാക്കാം.

കടപ്പാട് : ആനിസ്‌ തോമസ്‌

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുമ്പളങ്ങാ മോര് കറി

October 26th, 2011

vellarikka-moru-curry-epathram

ഞാന്‍ എന്റെ തക്കാളി മോര് കറി പോസ്റ്റില്‍ പറഞ്ഞ പോലെ പലതരത്തില്‍ മോര് കറി ഉണ്ടാക്കാം. ഇതാ കുമ്പളങ്ങ ചേര്‍ത്ത് തേങ്ങാ അരച്ച് തനി നാടന്‍ സ്റ്റൈലില്‍ ഉള്ള ഒരു മോര് കറി.

ചേരുവകള്‍

കുമ്പളങ്ങ ചതുരത്തില്‍ മുറിച്ചത് – 200 ഗ്രാം
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
പച്ചമുളക് – 3 എണ്ണം
തേങ്ങ – അര മുറി
ജീരകം – അര ടീസ്പൂണ്‍
വെളുത്തുള്ളി – 2 അല്ലി
മോര് – ഒരു കപ്പ്
ഉലുവ – കാല്‍ ടീസ്പൂണ്‍
കടുക്‌ – അര ടീസ്പൂണ്‍
ചെറിയ ഉള്ളി – 4 എണ്ണം
വേപ്പില – 2 തണ്ട്
എണ്ണ – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുമ്പളങ്ങ ക്യൂബ്സ് ആയി മുറിച്ച് കാല്‍ ടീസ്പൂണ്‍ മഞ്ഞളും കാല്‍ ടീസ്പൂണ്‍ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും മൂന്നു പച്ചമുളക് കീറിയതും ഇട്ട് ഒരു കപ്പ് വെള്ളത്തില്‍ വേവിക്കുക. അരമുറി തേങ്ങ ചിരവിയത്, അര ടീസ്പൂണ്‍ ജീരകം, രണ്ടു അല്ലി വെളുത്തുള്ളി എന്നിവ ഒരു കപ്പ് വെള്ളത്തില്‍ അരച്ച് കുമ്പളങ്ങ വെന്താല്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. തേങ്ങ വേവുമ്പോള്‍ ഒരു കപ്പ് മോര് ചേര്‍ക്കുക. കുറഞ്ഞ തീയില്‍ 3 – 4 മിനിറ്റ്‌ ഇളക്കുക. തീ ഓഫ് ആക്കി കാല്‍ ടീസ്പൂണ്‍ ഉലുവ, അര ടീസ്പൂണ്‍ കടുക്‌, നാല് ചെറിയ ഉള്ളി, 2 തണ്ട് വേപ്പില എന്നിവ എണ്ണയില്‍ താളിച്ച് കറിയില്‍ ചേര്‍ക്കുക.

കുറിപ്പ്‌ : ജീരകത്തിന്റെ സ്വാദ്‌ ഇഷ്ടമുള്ളവര്‍ക്ക് അര ടീസ്പൂണിന് പകരം ഒരു ടീസ്പൂണ്‍ ജീരകം ചേര്‍ക്കാവുന്നതാണ്.

അയച്ചു തന്നത്  – പ്രീത

- ലിജി അരുണ്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

പനീര്‍ തക്കാളി മസാല

October 26th, 2011

paneer-masala-epathram

പനീര്‍ വിഭവം എന്ന് പറയുമ്പോള്‍ വെജിറ്റേറിയന്‍സിനു സ്പെഷ്യല്‍ ആയി ഉണ്ടാക്കുന്ന ഐറ്റം എന്നാണ് എന്റെ മനസ്സ് ആദ്യം പറയുക. നമ്മളൊക്കെ ഇറച്ചിയും മീനുമൊക്കെ കഴിക്കുമ്പോള്‍ ഇവയോട്  ‘NO’ പറയുന്നവര്‍ക്കും എന്തെങ്കിലും ഒരു സന്തോഷം വേണ്ടേ? :-) നിങ്ങള്‍ വെജിറ്റേറിയന്‍ ആണെങ്കില്‍ പനീര്‍ കഴിക്കുമ്പോള്‍ അങ്ങനെ ഒരു സന്തോഷം തോന്നാം. (നല്ല കറിയാണ് എങ്കില്‍ മാത്രം. :-), അല്ലെങ്കില്‍ പനീര്‍ കാണുമ്പോഴേ നിങ്ങള്‍ ഭക്ഷണം തന്നെ ഉപേക്ഷിച്ചു എന്ന് വരാം). താഴെ പറയുന്ന പനീര്‍ തക്കാളി മസാല എന്റെ സുഹൃത്ത് പ്രീതയുടെ സ്വന്തം റെസിപ്പി ആണ്. ഞാന്‍ കഴിച്ചിട്ടില്ല എങ്കിലും കഴിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നത് വളരെ സ്വാദിഷ്ടമായ ഒരു പനീര്‍ റെസിപ്പി ആണെന്നാണ്. ഏതായാലും നമ്മുക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ?? :-)

ചേരുവകള്‍

സവാള – മൂന്ന്
വെളുത്തുള്ളി – മൂന്ന് അല്ലി
ഇഞ്ചി – ഒരിഞ്ചു കഷ്ണം
തക്കാളി – രണ്ട്
ചിക്കന്‍ മസാല – ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
പനീര്‍ – അര കിലോ
കോണ്‍ ഫ്ളവര്‍ – അര ടേബിള്‍സ്പൂണ്‍
മല്ലിയില – രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി ഇഞ്ചി എന്നിവ ചതച്ചത് നാല് ടേബിള്‍സ്പൂണ്‍ എണ്ണയില്‍ വഴറ്റുക. സവാള ചെറുതായി അരിഞ്ഞു ചേര്‍ക്കുക. ഇത് നേരിയ ബ്രൌണ്‍ നിറമാകുമ്പോള്‍ ചിക്കന്‍ മസാല പൊടി, മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. പൊടികള്‍ ചൂടാവുമ്പോള്‍ തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. വെള്ളം ചേര്‍ക്കാതെ മൂടി വെച്ച് രണ്ടു മിനിറ്റ്‌ വേവിക്കുക. ചെറിയ കഷ്ണങ്ങള്‍ ആക്കിയ പനീര്‍ ഇതിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും അര ടീസ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ത്ത് രണ്ടു മിനിറ്റ്‌ വേവിക്കുക. ഇതില്‍ ഒരു കപ്പു ചൂട് വെള്ളം ചേര്‍ത്ത് ഇളക്കി തിളക്കുന്നത് വരെ വേവിക്കുക. അര ടേബിള്‍സ്പൂണ്‍ കോണ്‍ ഫ്ളവര്‍ അര കപ്പു പച്ചവെള്ളത്തില്‍ കലക്കി ചേര്‍ക്കുക. തിളച്ചതിനു ശേഷം രണ്ടു മിനിറ്റ്‌ ചെറു തീയില്‍ വേവിക്കുക. തീ ഓഫ് ആക്കി മല്ലിയില ഇലയും തണ്ടും കൂടി വളരെ ചെറുതായി മുറിച്ച് മുകളില്‍ വിതറുക. ചെറു ചൂടോടെ ചപ്പാത്തിക്കും അപ്പത്തിനും സൈഡ് ഡിഷ്‌ ആയി ഉപയോഗിക്കാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോയാ വെജിറ്റബിള്‍ മിക്സ്

October 25th, 2011

soyabean-epathram
സോയാ ഗ്രാന്യുള്‍സ് , സോയാമില്‍ക്ക്, സോയ ചങ്ക്‌സ്, സോയാപനീര്‍, സോയാ മില്‍ക്ക് – ഇങ്ങനെ സോയാബീന്‍ ഒരുപാട് തരത്തില്‍ നമ്മുടെ മുന്നില്‍ എത്തുന്നുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനു നല്ലതാണ് സോയാബീന്‍ ഉല്പന്നങ്ങള്‍. രുചിയും ഉണ്ട്.

വളരെ പോഷക സമൃദ്ധവും ചിക്കന്റെ രുചി നല്‍കുന്നതുമായ ഈ സോയാബീന്‍ കറി ചപ്പാത്തി , നെയ്‌ ചോറ് എന്നിവയ്ക്ക്  മികച്ച ഒരു കോമ്പിനേഷന്‍ ആണ്. മാംസാഹാരങ്ങള്‍ക്ക് ഒരു നല്ല പകരക്കാരന്‍ കൂടിയാണ്. ഒന്ന് ട്രൈ ചെയ്യൂ. :-)

ചേരുവകള്‍

സോയാബീന്‍ ഗ്രാന്യുള്‍സ് – 1  കപ്പ്
സവാള – 1വലുത്
തക്കാളി – 1വലുത്
ഉരുളകിഴങ്ങ് – 1
ഗ്രീന്‍പീസ് – അര കപ്പ്‌
ബീന്‍സ്‌  – 5 – 6 എണ്ണം
ഇഞ്ചി – 1 ഇഞ്ച്‌ കഷ്ണം
വെളുത്തുള്ളി – 5 – 6 അല്ലി
പച്ച മുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
ഗരം മസാല – 1 ടീസ്പൂണ്‍
മീറ്റ്‌ മസാല – 1 ടീസ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
മല്ലിയില – പൊടിയായി അരിഞ്ഞത് – അര കപ്പ്‌
എണ്ണ – 2-3 ടേബിള്‍സ്പൂണ്‍
ഉപ്പ്‌ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

2 കപ്പ്‌ വെള്ളം ചൂടാക്കി സോയാബീന്‍ അതില്‍ ഇട്ടു 10 മിനിറ്റ് വയ്ക്കുക. അതിനു ശേഷം നന്നായീ  കൈ കൊണ്ട് പിഴിഞ്ഞ് വെള്ളം നീക്കം ചെയ്യണം. ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറം ആകുന്നത്‌ വരെ വഴറ്റുക. ഇതിലേക്ക് ഗരം മസാല, മീറ്റ്‌ മസാല, മുളക് പൊടി എന്നിവ ചേര്‍ത്ത് 2 മിനിറ്റ് വഴറ്റുക. ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് അല്പം ഉടയുന്നത് വരെ ഇളക്കുക. ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഉരുളകിഴങ്ങ്, ബീന്‍സ്‌ എന്നിവയും ഗ്രീന്‍പീസും ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇത്  വേകുവാന്‍ വേണ്ട വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കണം. വെള്ളം വറ്റി പച്ചക്കറി വെന്തു കഴിയുമ്പോള്‍ സോയാബീന്‍ ചേര്‍ത്ത് ഇളക്കുക. 5 മിനിറ്റ് മൂടി വച്ച് വേവിക്കുക. അടിയില്‍ പിടിക്കാതെ നോക്കണം. മല്ലിയില ചേര്‍ത്തിളക്കി വാങ്ങാം.  ആവശ്യമെങ്കില്‍ അര ടീസ്പൂണ്‍ ഗരംമസാലയും കൂടി ചേര്‍ക്കാം.

കുറിപ്പ്‌: ഞാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീന്‍പീസ് ഫ്രോസണ്‍ ആണ്. അതിനാല്‍ ബാക്കി പച്ചക്കറികളുടെ കൂടെ വേകും. ഉണക്കിയ ഗ്രീന്‍പീസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ കുറഞ്ഞത് 6-8 മണിക്കൂറെങ്കിലും കുതിര്‍ത്തു കുക്കറില്‍ വേവിച്ചു കറിയില്‍ ചേര്‍ക്കുക. മേല്‍പ്പറഞ്ഞ പച്ചക്കറികള്‍ക്കു പുറമേ കാരറ്റ്‌, കോളിഫ്ലവര്‍ എന്നിവയും ചേര്‍ക്കാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 10 of 12« First...89101112

« Previous Page« Previous « ചീര തോരന്‍
Next »Next Page » പനീര്‍ തക്കാളി മസാല »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine