ചീരകള്‍ പലതരം ഉണ്ട്. പെരുംചീര, വേലിചീര, കുപ്പചീര, മുള്ളന്‍ചീര, ചുവന്ന ചീര, സാമ്പാര്‍ ചീര. ഇത്രയുമേ എനിക്ക് അറിയൂ. എന്റെ വീട്ടില്‍ ധാരാളം ചീര ഉണ്ടായിരുന്നു. ഇതില്‍ കൂടുതലും വേലി ചീരയും ചുവന്ന ചീരയും ആയിരുന്നു. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികള്‍ വീട്ടില്‍ സ്വതവേ ഉപയോഗിക്കുന്നത് കുറവാണ്. അതിനാല്‍ ഈ ചീരകളൊക്കെ മാറി മാറി ഊണ് മേശയില്‍ സ്ഥാനം പിടിച്ചിരുന്നു. സ്വാദ് കൂടുതല്‍ വേലി ചീരയ്ക്കാണ് എന്നാണ് എന്റെ അഭിപ്രായം.
ചീരയുടെ കൂടെ മുട്ട, പരിപ്പ്, ചക്കക്കുരു എന്നിവയൊക്കെ ചേര്‍ത്ത് വ്യത്യസ്തമാക്കം. ഏതായാലും താഴെ പറയുന്ന ചീര തോരന്‍ ഒരു സിമ്പിള്‍ തോരന്‍ ആണ്. ചുവന്ന ചീര തോരന്‍ :-)
ചേരുവകള്‍
ചീര – അര കിലോ
തേങ്ങ ചിരവിയത് – ഒരു കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് – മൂന്ന്
സവാള ചെറുതായി അരിഞ്ഞത് – രണ്ട്
ചുവന്നുള്ളി – 4 എണ്ണം
വെളുത്തുള്ളി – 3 അല്ലി
മുളക്പൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കടുക് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
ചീര ചെറുതായി അരിഞ്ഞെടുക്കുക. എണ്ണ ചൂടാക്കി കടുക് വറക്കുക. ഇതിലേക്ക് കറിവേപ്പില, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. പൊടികള്‍ മൂത്തു കഴിയുമ്പോള്‍ ചെറുതായി ഒന്ന് ചതച്ച തേങ്ങയും അരിഞ്ഞ സവാളയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ചീരയിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി മൂടി വച്ച് വേവിക്കുക. പാകത്തിന് ചീര വെന്തുകഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം.