മത്തങ്ങാ മെഴുക്കുപുരട്ടി

January 21st, 2012

mathanga-mezhukkupuratti-epathram
മത്തങ്ങാ കൊണ്ട് ഞാന്‍ ഒരേയൊരു ഐറ്റം മാത്രമേ ഇത് വരെ പരീക്ഷിച്ചിട്ടുള്ളൂ.. മത്തങ്ങാ വന്‍പയര്‍ എരിശ്ശേരി..അതും അമ്മായിയമ്മ റെസിപ്പി ആണ്.. എന്റെ സ്വന്തം വീട്ടില്‍ മത്തങ്ങയുടെ ഏര്‍പ്പാട് ഇല്ല. അതിനു മധുരം ആണത്രേ.. ഏതായാലും ദുബായില്‍ ഞങ്ങള്‍ക്ക് ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഒരു കറിയാണ് എരിശ്ശേരി. മത്തങ്ങാ എടുത്താല്‍ ഉറപ്പിക്കാം അന്ന് എരിശ്ശേരി ആണ് എന്ന്.. കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ചപ്പോള്‍ മമ്മിയോട് ചോദിച്ചു ഇന്ന് എന്താ ലഞ്ചിനു പച്ചക്കറി എന്ന്.. മമ്മി പറയുന്നു ഏതോ പഴയ കറി ഇരിപ്പുണ്ട്, അത് വച്ച് അഡ്ജസ്റ്റ് ചെയ്യണം, അല്ലെങ്കില്‍ പിന്നെ ഇരിക്കുന്നത് മത്തങ്ങാ ആണ്. അതിനാണ് എങ്കില്‍ പയര്‍ വെള്ളത്തില്‍ ഇട്ടിട്ടില്ല താനും.. ആഹാ.. മത്തങ്ങയെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. പയറിന്റെ കൂട്ടില്ലാതെ ഉണ്ടാക്കാന്‍ പറ്റില്ല എന്ന അഹങ്കാരം ഇന്ന് തീര്‍ക്കാം. ഉടനടി ഒരു റെസിപ്പി അങ്ങ് ഫോണില്‍ കൂടെ ഡിസ്കസ് ചെയ്തു. മത്തങ്ങാ മെഴുക്കുപുരട്ടി.. :-) മത്തങ്ങാ മെഴുക്കുപുരട്ടിയോ ?? ഞാന്‍ ഇത് വരെ കേട്ടിട്ടേ ഇല്ലാ.. മമ്മി കൈ മലത്തുന്നു..:-) ഒന്ന് വച്ച് നോക്ക് മമ്മി.. ഇതിഷ്ടാകും..ഉറപ്പ്‌… എന്റെ ഉറപ്പിന്മേല്‍ മമ്മി അതുണ്ടാക്കി. വൈകുന്നേരം എത്തിയപ്പോള്‍ അതാ കോമ്പ്ലിമെന്റ്സ്.. മെഴുക്കുപുരട്ടി സൂപ്പര്‍..:)

mathanga-mezhukkupuratti-with rice-epathram
ചേരുവകള്‍

മത്തങ്ങാ – അര ഇഞ്ചു നീളത്തില്‍ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 2 കപ്പ്
ചുവന്നുള്ളി – 12 എണ്ണം
വെളുത്തുള്ളി – 6-7 അല്ലി
വറ്റല്‍ മുളക് – 8 എണ്ണം
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2-3 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചതച്ചു എടുക്കുക. അരയരുത്. ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കി ചതച്ച കൂട്ട് അതിലേക്കു ചേര്‍ത്ത് ഇളക്കുക. നന്നായി വഴന്നു കഴിയുമ്പോള്‍ മത്തങ്ങാ അരിഞ്ഞതും ഉപ്പും ബാക്കിയുള്ള കറിവേപ്പിലയും, ഒരു ടേബിള്‍സ്പൂണ്‍ വെള്ളവും കൂടി ചേര്‍ത്ത് നന്നായി ഇളക്കി, അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക. മത്തങ്ങാ വെന്തു കഴിഞ്ഞാല്‍ പാത്രം തുറന്നു വച്ച് ഇടയ്ക്ക് ഇളക്കി കൊടുത്തു 5 മിനുട്ട് കൂടി വരട്ടി എടുക്കുക. മെഴുക്കുപുരട്ടി റെഡി. കഞ്ഞിക്കും ചോറിനും ചപ്പാത്തിക്കും നല്ലതാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ചൂരക്കറി

January 3rd, 2012


tuna-curry-epathram

എന്റെ വീട്ടില്‍ അധികം മേടിക്കാത്ത ഒരു മീനാണ് ചൂര. അതിന്റെ കറുപ്പ് നിറം കാണുമ്പോ മേടിക്കാന്‍ തോന്നാറില്ല. എന്നാല്‍ വളരെ അധികം പോഷക ഗുണമുള്ള ഒരു മീനാണ് ചൂര. വെള്ള ചൂര കിട്ടും, അത് കൊണ്ട് ഈ കറി ഒന്ന് ട്രൈ ചെയ്തു നോക്ക്…

ചെറിയ കഷണങ്ങളാക്കിയ ചൂര അരക്കിലോ
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
കാശ്മീരി മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് മൂന്ന് ടീസ്പൂണ്‍
കുടംപുളി രണ്ട്
ഉലുവപ്പൊടി കാല്‍ ടീസ്പൂണ്‍

അരകപ്പ് ഉപ്പുവെള്ളത്തില്‍ കുടംപുളി കുതിര്‍ത്തുവെയ്ക്കുക. മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും കുഴമ്പാക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഒരു കതിര്‍പ്പ് കറിവേപ്പിലയിടുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. അരിഞ്ഞ ചെറിയ ഉള്ളി ചേര്‍ത്ത് ബ്രൗണ്‍ നിറമാവും വരെ വറുക്കുക. മുളക്-മഞ്ഞള്‍ പേസ്റ്റ് ചേര്‍ത്ത് എണ്ണ തെളിയുംവരെ ഇളക്കുക. അരക്കപ്പ് വെള്ളവും കുടംപുളി ജ്യുസും ചേര്‍ക്കണം. ഒരു മിനുട്ട് തിളപ്പിച്ചശേഷം മീന്‍കഷ്ണങ്ങള്‍ ചേര്‍ക്കാം. ശേഷം ഉലുവപ്പൊടി ചേര്‍ത്ത് പത്തുമിനുട്ട് ചെറുതീയില്‍ വേവിക്കണം. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാം. അടുപ്പില്‍ നിന്ന് വാങ്ങുന്നതിന് മുന്‍പ് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുക. കുറച്ച് നേരം അടച്ച് വെച്ചിട്ട് വേണം വാങ്ങാന്‍. മണ്‍ചട്ടിയില്‍ പാകം ചെയ്ത് ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കുമ്പോഴാണ് സ്വാദ്.

റെസിപ്പി അയച്ചു തന്നത് – കെ. പി. കുമാര്‍

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെയ്ച്ചോറ്

December 27th, 2011

ghee-rice-epathram
വീട്ടില്‍ പെട്ടന്നൊരു ഗസ്റ്റ് വന്നുവെന്ന് ഇരിക്കട്ടെ, എനിക്ക് ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ ഒരു ഐറ്റം ആണ് നെയ്ച്ചോറും ചിക്കന്‍ കറിയും. നൊടിയിടയില്‍ കാര്യം നടക്കും. :-) ഒരു പരിധി വിട്ടു മോശം ആകുകയും ഇല്ലാ. ഇനി ചിക്കന്‍ കറി ഇല്ലെങ്കില്‍ തന്നെ, പപ്പടം, സാലഡ്, അച്ചാര്‍ കൂട്ടി കഴിക്കുകയും ചെയ്യാം.. അധികം മെനക്കെടാതെ കാര്യം നടക്കും. നിങ്ങള്‍ ഉണ്ടാക്കുന്ന നെയ്‌ചോറില്‍ താഴെ പറയുന്ന ചില ചേരുവകളില്‍ ചിലത് ഉണ്ടാവില്ല. ഞാനും അങ്ങനെയാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ അല്പം ഇഞ്ചി വെളുത്തുള്ളി ചേര്‍ത്തപ്പോള്‍, നെയ്ച്ചോറ് ആകെ ഒന്ന് ഉഷാറായി. :-) സ്വാദ് കൂടിയിട്ടുണ്ട്. അടുത്ത തവണ നെയ്ച്ചോറ് ഉണ്ടാക്കുമ്പോള്‍ ഇതൊന്നു പരീക്ഷിച്ചു നോക്ക്.

ചേരുവകള്‍

ബസ്മതി അരി- 2 കപ്പ്‌
സവാള- 3 വലുത് നേര്‍മ്മയായി അരിഞ്ഞത്‌
ഇഞ്ചി പൊടിയായി അരിഞ്ഞത്‌ – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത്‌ – ഒരു ടീസ്പൂണ്‍
നെയ്‌ – 6 ടേബിള്‍സ്പൂണ്‍
ഗ്രാമ്പു-4 എണ്ണം
കറുവ പട്ട- 4 കഷ്ണം
ഏലയ്ക്ക- 4 എണ്ണം
കശുവണ്ടി – 2 ടേബിള്‍സ്പൂണ്‍
കിസ്മിസ്‌- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്‌- ആവശ്യത്തിനു
വെള്ളം – 4 കപ്പ്‌

പാചകം ചെയുന്ന വിധം

അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. ഒരു പാനില്‍ നെയ്‌ ഒഴിച്ച് ചൂടാകുമ്പോള്‍ കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക ഇവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ടു വഴറ്റുക. വഴന്നു കഴിയുമ്പോള്‍ അരി ഇട്ടു ഇളക്കുക. അരി ചെറുതായി ചെറുതീയില്‍ വറക്കുക. ഇതിലേക്ക് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് ചെറു തീയില്‍ വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല്‍ നെയ്ച്ചോര്‍ റെഡി. നെയ്യില്‍ വറുത്ത സവാള, കശുവണ്ടി, കിസ്മിസ്‌ എന്നിവ ചേര്‍ത്ത് അലങ്കരിക്കുക.

ചിക്കന്‍ കറി, മട്ടണ്‍ റോസ്റ്റ്‌, ബീഫ്‌ റോസ്റ്റ്‌ എന്നിവയ്ക്കൊപ്പം വിളമ്പാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മട്ടണ്‍ സ്ട്യു

December 18th, 2011

mutton stew-epathram
കഴിഞ്ഞ ആഴ്ച അരുണ്‍ന്റെ പിറന്നാളായിരുന്നു. അന്ന് ദിവസം മൂന്നു നേരവും സ്പെഷ്യല്‍ ഫുഡ്‌ തരാം എന്ന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. അതനുസരിച്ച് രാവിലത്തെ മെനു അപ്പവും മട്ടണ്‍ സ്ട്യുവും ആകാം എന്ന് തീരുമാനിച്ചു. അപ്പം മമ്മി ഉണ്ടാക്കും. സ്ട്യു എന്റെ വക..:-)

തലേദിവസം വൈകുന്നേരം തന്നെ ഞാന്‍ മട്ടണ്‍ ഒക്കെ മേടിച്ചു റെഡി ആയാണ് വീട്ടില്‍ എത്തിയത്. സ്ട്യു റെസിപ്പി ഒന്ന് മനസ്സില്‍ ഓര്‍ത്തെടുത്തു. സാധാരണ വയ്ക്കാറില്ലാത്ത ഒരു ഐറ്റം ആയത് കൊണ്ട് അല്പം റിവിഷന്‍ നടത്തേണ്ടി വന്നു. :-) എങ്കിലും അധികം ചേരുവകള്‍ ഇല്ലാത്തതു കൊണ്ട് ഓര്‍ത്തിരിക്കാന്‍ വിഷമം ഇല്ലാ.. :-)

പച്ചക്കറികള്‍ അരിയുന്ന താമസമേ ഉണ്ടായിരുന്നുള്ളൂ.. സ്ട്യു പെട്ടന്ന് തന്നെ തയ്യാറായി. ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം. :-)

ചേരുവകള്‍

മട്ടണ്‍ – അര കിലോ
സവാള – 4 വലുത് നേര്‍മ്മയായി നീളത്തില്‍ അരിഞ്ഞത്‌
ഇഞ്ചി – 2 ഇഞ്ച് കഷ്ണം പൊടിയായി അരിഞ്ഞത്‌
പച്ചമുളക് – 6 എണ്ണം നെടുകെ കീറിയത്
കുരുമുളക്പൊടി – 2 ടീസ്പൂണ്‍
ഉരുളക്കിഴങ്ങ്‌ – 2 എണ്ണം ഒരിഞ്ചു വലിപ്പത്തില്‍ ചെറിയ ചതുര കഷ്ണങ്ങള്‍
കാരറ്റ്‌ – 1 എണ്ണം ഒരിഞ്ചു വലിപ്പത്തില്‍ ചെറിയ ചതുര കഷ്ണങ്ങള്‍
കറിവേപ്പില – 2 തണ്ട്
കറുവപ്പട്ട- 6
ഏലയ്ക്ക- 10
തക്കോലം – 3
ഗ്രാമ്പൂ- 10 ഗ്രാം
കുരുമുളക് – ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ – 2 കപ്പ്‌ (അധികം കട്ടിയില്ലാത്തത്)
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 4 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മട്ടണ്‍ കഴുകി വൃത്തിയാക്കി, അര കപ്പ് വെള്ളം, ഉപ്പ്, കുരുമുളക്പൊടി, ഒരു സവാള അരിഞ്ഞത്‌, നാല് പച്ചമുളക്, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്‌ എന്നിവ ചേര്‍ത്ത് നന്നായി കൈ കൊണ്ട് തിരുമ്മുക. ഇത് ഇരുപതു മിനുറ്റ് വച്ചതിനു ശേഷം ഒരു പ്രഷര്‍ കുക്കറില്‍ 6-7 മിനുറ്റ് വേവിച്ചു എടുക്കുക. പ്രഷര്‍ പോയി കഴിയുമ്പോള്‍ ഇത് തുറന്നു, ഇതിലേക്ക് നുറുക്കി വച്ചിരിക്കുന്ന കിഴങ്ങും കാരറ്റും ഒരു സവാള അരിഞ്ഞതും ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് രണ്ടു വിസില്‍ വരുന്നത് വരെ വേവിക്കുക.

കറുവപ്പട്ട, ഏലയ്ക്ക, തക്കോലം, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഒന്ന് ചതച്ചു എടുക്കുക.(അധികം പൊടിയരുത്) മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്കു ചതച്ച മസാലകള്‍ ചേര്‍ത്ത് ഇളക്കുക. ഇത് പൊട്ടിക്കഴിയുമ്പോള്‍ ബാക്കിയുള്ള സവാള അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ചേര്‍ത്ത് ഇളക്കുക. 3-4 മിനുറ്റ് നന്നായി വരട്ടി എടുക്കുക. ഗ്രേവി നന്നായി കുറുകിവരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കി, ഒന്ന് ചൂടാകുമ്പോള്‍ വാങ്ങുക. മട്ടണ്‍ സ്ട്യു റെഡി. പാലപ്പം, ഇടിയപ്പം, പുട്ട്, ബ്രെഡ്‌, ചപ്പാത്തി, പത്തിരി എന്നിവയ്ക്കൊപ്പം കഴിക്കാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെമ്മീന്‍ റോസ്റ്റ്

December 16th, 2011

easy-prawns-roast1-epathram

ഇവിടെ ദൈറ ഫിഷ്‌ മാര്‍കെറ്റില്‍ നല്ല പ്രോണ്‍സ് കിട്ടും. പല വലുപ്പത്തിലും നിറത്തിലും ഉള്ളവ. വില അല്പം കൂടുതല്‍ ആണ്. എങ്കിലും വല്ലപ്പോഴും സ്പെഷ്യല്‍ ഐറ്റം ആയി പ്രോണ്‍സ് വാങ്ങാറുണ്ട്. കഴിഞ്ഞ ആഴ്ച അരുണിന്റെ മൂത്ത സിസ്റ്റര്‍ വിജി ചേച്ചി ആന്‍ഡ്‌ ഫാമിലി ദുബായ് സന്ദര്‍ശനത്തിന് വന്നിരുന്നു. അവര്‍ക്ക് സ്പെഷ്യല്‍ ആയി, ചെമ്മീന്‍ ഫ്രൈ ഉണ്ടായിരുന്നു. മമ്മിയുടെ വക. അതിന്റെ ബാക്കി അല്പം ചെമ്മീന്‍ ഫ്രീസറില്‍ ഇരിപ്പുണ്ടായിരുന്നു. അപ്പൊ ഈ ആഴ്ച അത് വച്ച് എന്റെ വക ഒരു സ്പെഷ്യല്‍.. ;-) വളരെ എളുപ്പത്തില്‍ ഒരു ചെമ്മീന്‍ റോസ്റ്റ്‌.

easy-prawns-roast2-epathram

ചേരുവകള്‍

വൃത്തിയാക്കിയ ചെമ്മീന്‍ -അര കിലോ
സവാള നീളത്തില്‍ അരിഞ്ഞത് – 4 വലുത്
തക്കാളി അരിഞ്ഞത് -3 എണ്ണം
ഇഞ്ചി ചതച്ചത് -1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -1 ടേബിള്‍സ്പൂണ്‍
മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
ഗരംമസാല -1 ടീസ്പൂണ്‍
പെരുംജീരകം പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇത് ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ചേര്‍ക്കുക. ഇത് നല്ല ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. പൊടികള്‍ എല്ലാം കൂടി അല്പം വെള്ളം ചേര്‍ത്ത് കുഴച്ചു പേസ്റ്റ് രൂപത്തിലാക്കുക. ഇത് സവാളയിലേക്ക് ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി ഇളക്കുക, തക്കാളി നന്നായി വെന്തുടയുമ്പോള്‍ ചെമ്മീന്‍, ഉപ്പ്, അല്പം വെള്ളം എന്നിവ ചേര്‍ത്ത് ഇളക്കി പത്തു മിനുറ്റ് വേവിച്ചു എടുക്കുക. വെള്ളം വറ്റി ചെമ്മീന്‍ നന്നായി വെന്തിരിക്കണം. വാങ്ങുന്നതിന് മുന്‍പ് അല്പം ഗരം മസാലയും കറിവേപ്പിലയും കൂടെ ചേര്‍ത്ത് ഇളക്കുക. ചോറിനും ചപ്പാത്തിക്കും നല്ല ഒരു സൈഡ് ഡിഷ്‌ ആണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

Page 3 of 41234

« Previous Page« Previous « പാവയ്ക്കാ മെഴുക്കുപുരട്ടി
Next »Next Page » മട്ടണ്‍ സ്ട്യു »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine