ഓക്കേ.. ഓക്കേ …സമ്മതിച്ചു.. നൂഡില്‍സ് അത്ര നല്ല ആഹാരം അല്ല.. പക്ഷെ വല്ലപ്പോഴും ഒന്ന് കഴിച്ചോട്ടെ.. പ്രത്യേകിച്ച് മാഗി നൂഡില്‍സ്.. അതിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്. മാഗി നൂഡില്‍സ് കാണുമ്പോ ഹോസ്റ്റല്‍ ജീവിതം ഓര്‍മ്മ വരും. വളരെ മോശം ഡിന്നര്‍ ഉള്ള രാത്രികളില്‍ എത്രയോ തവണ ആ കൊച്ചു മഞ്ഞ പാക്കറ്റ് ഞങ്ങള്‍ക്ക് സന്തോഷം തന്നിട്ടുണ്ട്. ഹോസ്റ്റല്‍ ഭക്ഷണത്തെയും വാര്‍ഡനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് നൂഡില്‍സ് ഒരു ചെറിയ പാത്രത്തില്‍ അടര്ത്തിയിടും, ആ ടേസ്റ്റ് മേക്കര്‍ ചേര്‍ത്ത് പാത്രം അടച്ചു വച്ച് അതിനകത്ത് വാര്‍ഡനാണ് എന്ന മട്ടില്‍ നന്നായി കുലുക്കും. :-) അപ്പൊ ആ പൊടി നൂടില്സില്‍ നല്ല വണ്ണം പിടിക്കും. പിന്നെ പാത്രം തുറന്നു ഒരു കപ്പ് തിളച്ച വെള്ളം അതിലേക്കു ചേര്‍ക്കും. ഇത് ഒരു അഞ്ചു മിനിറ്റ് അടച്ചു വയ്ക്കും. പിന്നെ പാത്രം തുറക്കുന്നതും കാലിയാകുന്നതും ഒരുമിച്ചാണ്. :-) ഒന്നോ രണ്ടോ വാ കഴിക്കാന്‍ കിട്ടും. അതില്‍ തൃപ്തിപ്പെട്ടുകൊള്ളണം. അങ്ങനെ ഒരു നൂഡില്‍സ് കഥ. പിന്നെ കല്യാണം ഒക്കെ കഴിച്ചു വലിയ കുക്കിംഗ് ഒക്കെ തുടങ്ങിയപ്പോള്‍ നൂഡില്സിനെ വല്യ മൈന്‍ഡ് ചെയ്തില്ല. പോഷക സമൃദ്ധമായ ആഹാരം ആണല്ലോ നമ്മുടെ ലക്‌ഷ്യം. :-) പക്ഷെ നൂഡില്സിനെ അങ്ങനെ അങ്ങ് ഉപേക്ഷിക്കാനും പറ്റില്ലല്ലോ. അപ്പൊ കുറച്ചു പച്ചക്കറികള്‍ ചേര്‍ത്ത് അതിനെ ഒന്ന് വിപുലീകരിച്ചു തയ്യാറാക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ നടത്തി വിജയിച്ച ഒന്നാണ് താഴെ പറയുന്നത്. ഇനി നിങ്ങള്‍ ഉണ്ടാക്കി കഴിച്ചു കഴിയുമ്പോള്‍, എപ്പോഴും ഉണ്ടാക്കണം എന്ന് തോന്നാം… :-) എന്നാല്‍ അത് വേണ്ട കേട്ടോ.. നൂഡില്‍സ് പായ്ക്കില്‍ ഉള്ള ടേസ്റ്റ് മേക്കര്‍ അത്ര നല്ല സംഗതി അല്ലാ.. വല്ലപ്പോഴും പിള്ളേര്‍ നൂഡില്‍സ് വേണം എന്ന് ആവശ്യപ്പെടുമ്പോള്‍ ഇങ്ങനെ കുറച്ചു പച്ചക്കറികള്‍ ഒക്കെയിട്ടു, പരിപോഷിപ്പിച്ചു കൊടുക്കാം എന്ന് മാത്രം..:-)
ചേരുവകള്‍
നൂഡില്‍സ് – 400 ഗ്രാം
സവാള – 1 വലുത്
തക്കാളി – 1 വലുത്
ബീന്‍സ് – 100 ഗ്രാം
കാരറ്റ് – 100 ഗ്രാം
ഇഞ്ചി – 1 ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – 2 അല്ലി പൊടിയായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
നൂഡില്‍സ് പായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്ന വിധം ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിച്ചു പകുതി ടേസ്റ്റ് മേക്കര്‍ ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ബാക്കിയുള്ള ടേസ്റ്റ് മേക്കര്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് ഇളക്കുക. തക്കാളി വെന്തു കഴിയുമ്പോള്‍ നീളത്തില്‍ നേര്‍മ്മയായി അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ഇത് വെന്തു കഴിയുമ്പോള്‍ നൂഡില്‍സ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 2 മിനിറ്റിനു ശേഷം തീ ഓഫാക്കുക. ടൊമാറ്റോ സോസ്, സോയ് സോസ് എന്നിവ ചേര്‍ത്ത് കഴിക്കാം.
കുറിപ്പ്: മുട്ട ഇഷ്ടമുള്ളവര്‍ക്ക് പച്ചക്കറികളുടെ കൂടെ ചിക്കി പൊരിച്ച മുട്ടയും ചേര്‍ക്കാം.
ടേസ്റ്റ് മേക്കര്‍ ഇല്ലാത്ത പ്ലെയിന്‍ നൂഡില്‍സ് ആണെങ്കില്‍ പച്ചക്കറികള്‍ വേവിക്കുമ്പോള്‍ അല്പം മുളകുപൊടിയും, സോയ് സോസും, ഗ്രീന്‍ ചില്ലി സോസും ചേര്‍ത്ത് വഴറ്റുക.