തക്കാളി ചമ്മന്തീന്നു പറയുമ്പോള്‍ അത് പല രീതിയില്‍ ഉണ്ടാക്കാം. ഇത് ഞാന്‍ സ്വയം കണ്ടു പിടിച്ച ഒരു റെസിപ്പി ആണ് . :-) കേട്ടറിഞ്ഞ തക്കാളി ചമ്മന്തി റെസിപികളില്‍ അല്പം മിനുക്കുപണികള്‍ നടത്തി അത്ര തന്നെ. ഇത് ദോശക്കും ഇഡ്ഡലിക്കും നല്ലതാണ്.
നമ്മള്‍ ഗള്‍ഫ് കാര്‍ വളരെ സൂക്ഷിച്ചല്ലേ തേങ്ങാ ചെലവാക്കൂ. 2 ദിര്‍ഹം കൊടുത്താല്‍ കിട്ടുന്ന തേങ്ങയുടെ അളവ് കണ്ടു പച്ചമലയാളിയായ ഞാന്‍ നെഞ്ചത്ത് കൈ വച്ച് പോകും. അപ്പൊ ദോശക്കു തേങ്ങാ ചമ്മന്തിക്ക് പകരം മറ്റു ചമ്മന്തികള്‍ കണ്ടു പിടിക്കേണ്ടത് ദോശയുടെയും നമ്മളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് :-) എന്തായാലും എന്റെ ഈ റെസിപ്പിയില്‍ അല്പം തേങ്ങാ ചേര്‍ക്കുന്നുണ്ട്. കൂടുതല്‍ സ്വാദ് അതാണല്ലോ പ്രധാനം. :-) ഇനി തേങ്ങാ ചേര്‍ക്കാതെയും ഇത് ഉണ്ടാക്കാം. എങ്ങനെ ഉണ്ടാക്കിയാലും നല്ല സ്വാദ് ഉണ്ടെന്നാണ് എന്റെ അഭിപ്രായം.
ചേരുവകള്‍
തക്കാളി -ഒരു വലുത്
സവാള-1ഇടത്തരം
വെളുത്തുള്ളി – 1 അല്ലി പൊടിയായി അരിഞ്ഞത്
ഇഞ്ചി – 1/2 ടീസ്പൂണ്‍ പൊടിയായി അരിഞ്ഞത്
തേങ്ങാ – 2 ടേബിള്‍സ്പൂണ്‍
മുളക് പൊടി-1 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ -3 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം:
എണ്ണ ചൂടാക്കി സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളക് പൊടിയും ഉപ്പും ചേര്‍ക്കുക. മുളക്പൊടി മൂത്തു കഴിയുമ്പോള്‍ തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റുക. തേങ്ങാ ചേര്‍ത്ത് ഇളക്കി ഉടനെ തന്നെ തീ ഓഫ് ചെയ്യുക. ഇത് തണുത്തതിനു ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ദോശയ്ക്കും ഇഡ്ഡലിയ്ക്കും നല്ലതാണ്.