കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ കുടുംബത്തെ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് നിര്‍ബന്ധമായും വിലക്കുമെന്ന് അബുദാബി താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും. അബുദാബി താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ നാസര്‍ അല്‍ മിന്‍ഹലിയാണ് ഇത് വ്യക്തമാക്കിയത്. 2000 ദിര്‍ഹത്തില്‍ കുറഞ്ഞ മാസ ശമ്പളം ലഭിക്കുന്ന 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും.
പാചകക്കാര്‍, ഗ്രോസറി സെയില്സ്മാന്, പ്ലംബര്‍, വെല്‍ഡര്‍, മെക്കാനിക്ക്, ബാര്‍ബര്‍, ലോണ്ട്രി തൊഴിലാളികള്‍, റസ്റ്റോറന്റ് ജീവനക്കാര്‍, ഇലക്ട്രീഷ്യന്, സെക്യൂരിറ്റി തൊഴിലാളികള്‍, ഓഫീസ് ബോയ്, ലേബര്‍, പെയിന്റര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ പെടും.
യു. എ. ഇ. നിയമ പ്രകാരം 4000 ദിര്‍ഹം മാസ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്.
കുടുംബത്തെ കൊണ്ടു വന്ന് ഇവിടെ താമസിപ്പിക്കാനും, മറ്റ് ചെലവുകള്‍ക്കും കുറഞ്ഞ വരുമാനക്കാരുടെ ശമ്പളം മതിയാവില്ല എന്നത് കൊണ്ടാണ് അധികൃതര്‍ കര്‍ശന തീരുമാനം എടുത്തിരിക്കുന്നത്. അല്ലാത്ത പക്ഷം വിസ നിയമ ലംഘകരുടെ എണ്ണം വര്‍ധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
വിസ നിയമ ലംഘനം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അബുദാബി താമസ കുടിയേറ്റ വകുപ്പ് വിലക്ക് നിര്‍ബന്ധമായും നടപ്പിലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് 2007 നവംബറില്‍ അവസാനിച്ചത് മുതല്‍ ഇതു വരെ 25,513 വിസ നിയമ ലംഘകര്‍ പിടിക്ക പ്പെട്ടിട്ടു ണ്ടെന്ന് നാസര്‍ അല്‍ മിന്‍ഹലി വ്യക്തമാക്കി.
-