ഗള്‍ഫ് മാധ്യമത്തിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുകയും, കേരളത്തിന്റെ സമ്പല്‍ സമൃദ്ധിയില്‍ മഹത്തായ പങ്കാളിത്തം വഹിയ്ക്കുകയും ചെയ്ത പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ പ്രവാസ ജീവിതം നയിച്ച പത്തു പേരെ ആദരിയ്ക്കുന്നു. ഇതോടൊപ്പം കടല്‍ കടന്നു വന്ന ആദ്യ കാല പ്രവാസികളെ കൈ പിടിച്ച് കര കയറ്റിയ തദ്ദേശീയരായ പ്രമുഖ അറബികളില്‍ ജീവിച്ചിരിപ്പുള്ള ഏതാനും പേരെ അനുമോദിയ്ക്കുന്നുമുണ്ട്.
യു.എ.ഇ. യിലെ ഖോര്‍ ഫുക്കാനില്‍ ഡിസംബര്‍ 4 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6 മണിയ്ക്ക് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ “ഗള്‍ഫ് പ്രവാസത്തിന്റെ പാതി നൂറ്റാണ്ടും, ഗള്‍ഫ് മാധ്യമത്തിന്റെ പതിറ്റാണ്ടും” എന്ന തലക്കെട്ടില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ പ്രഖ്യാപന സമ്മേളനം നടക്കും.
ഉല്‍ഘാടനം ഖോര്‍ ഫുക്കാന്‍ ദീവാന്‍ അല്‍ അമീരി ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് സഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി നിര്‍വ്വഹിക്കും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി. കെ. ഹംസയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യും. ആദ്യ കാല പ്രവാസികളില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വ്യക്തികളുടെ പേര് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പ്രഖ്യാപിക്കും. പത്മശ്രീ യൂസുഫലി എം. എ. തദ്ദേശീയരെ ആദരിയ്ക്കും. കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദന്‍ മുഖ്യ പ്രഭാഷണം ചെയ്യും.
പ്രമുഖ ഗായകന്‍ അഫ്സല്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.


വളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നും കമ്പനിയെ പിന്‍വലിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ. യിലെ മലയാളി പ്രവാസികളുടെ രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്ന് രൂപം കൊണ്ട ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ നവംബര്‍ 3ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി, ആഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, റയില്‍വേ മന്ത്രി ഇ. അഹമ്മദ് എന്നീ മന്ത്രിമാരെയും കേരളത്തിലെ മറ്റ് എം. പി. മാരെയും നേരില്‍ കണ്ട് നിവേദനം നല്‍കി. പ്രശ്നത്തില്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി ഇടപെടാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കി.
ആറ് മാസത്തില്‍ കൂടുതല്‍ യു. എ. ഇ. ക്ക് പുറത്ത് താമസിക്കുന്നവരുടെ റസിഡന്‍റ് വിസ സ്വമേധയാ റദ്ദാകുമെന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിമാന ത്താവളത്തില്‍ പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ യു. എ. ഇ. യില്‍ തിരിച്ചെത്താം എന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാവുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജീവിത ചിലവുകള്‍ വര്‍ധിച്ചതോടെ കുടുംബത്തെ നാട്ടിലേക്ക് താല്‍ക്കാലികമായി തിരിച്ചയച്ച പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയായി.
ഷാര്‍ജ : തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ യു.എ.ഇ. ചാപ്റ്റര്‍ ഓണാഘോഷമായ “പൊന്നോണം 2009” ഷാര്‍ജയില്‍ ഒക്ടോബര്‍ 16ന് നടക്കും. ഷാര്‍ജ അറബ് കള്‍ച്ചറല്‍ ക്ലബ്ബില്‍ രാവിലെ 11:30ന് ഓണ സദ്യയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഓണ സദ്യയെ തുടര്‍ന്ന് നടക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ വ്യവസായ പ്രമുഖനും സണ്‍ ഗ്രൂപ്പ് ചെയര്‍ മാനുമായ സുന്ദര്‍ മേനോന്‍ മുഖ്യ അതിഥി ആയിരിക്കും. അക്കാഫ് പ്രസിഡണ്ട് പോള്‍ ടി. ജോസഫ്, ജന. സെക്രട്ടറി അജീഷ് നായര്‍ എന്നിവര്‍ക്ക് പുറമെ ശ്രീ കേരള വര്‍മ്മ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ പ്രസിഡണ്ടുമാരും വിശിഷ്ട അതിഥികളായി പങ്കെടുക്കും. 





