ദുബായ് : ദുബായില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടം തകര്‍ന്നു വീണു. ദേര ദുബായിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് സമീപമുള്ള ആറ് നില കെട്ടിടമാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ തകര്‍ന്ന് വീണത്. ആളപായം ഉള്ളതായി റിപ്പോര്‍ട്ടില്ല. കെട്ടിടത്തില്‍ 23 തൊഴിലാളികളും ഒരു എഞ്ചിനീയറും ജോലിയില്‍ ഉണ്ടായിരുന്നു.
ശബ്ദം കേട്ടതിനെ തുടര്‍ന്ന് തൊഴിലാളികളെല്ലാം പുറത്ത് ഇറങ്ങിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. കെട്ടിടത്തിന്‍റെ പകുതി ഭാഗം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളുകളാരും കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിയിട്ടില്ല എന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തകര്‍ന്നു വീണ കെട്ടിടത്തിനടുത്തു നിന്ന് ഈ കാഴ്ച കണ്ട മുഹമ്മദ് അലി എന്ന ബ്ലോഗര്‍ ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത് മൂലം ഈ വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ ലോകമെമ്പാടും പരന്നു. ഇയാള്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആണിത്.