അബുദാബി ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, കഴിഞ്ഞ ജൂലായ് മുതല്‍ നഗര വാസികള്‍ക്ക് നല്കി വന്നിരുന്ന സൌജന്യ ബസ്സ് യാത്രാ സൌകര്യം പതിനഞ്ചാം തിയ്യതിയോടെ നിര്‍ത്തലാക്കി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ഓരോ യാത്രക്കും ഒരു ദിര്‍ഹം വീതം ഈടാക്കി തുടങ്ങി. സ്ഥിരം യാത്രക്കായി 40 ദിര്‍ഹം വിലയുള്ള ‘ഒജ്റ’ സീസണ് ടിക്കറ്റുകള്‍ ലഭ്യമാണ്. ഒരു മാസം യാത്ര ചെയ്യാവുന്ന ഈ ടിക്കറ്റ് നഗരത്തിലെ പ്രമുഖ ഷോപ്പിങ്ങ് മാളുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഒജ്റ കിയോസ്കുകളിലും കിട്ടുന്നുണ്ട്. ഇതു കൂടാതെ ഒരു ദിവസത്തെ യാത്രക്കായി മൂന്ന് ദിര്‍ഹം വിലയുള്ള ടിക്കറ്റുകളും ലഭിക്കുന്നുണ്ട്. മുതിര്‍ന്ന പൌരന്മാര്ക്കും വികലാംഗര്‍ക്കും ഫ്രീ പാസ്സ് ലഭിക്കും എന്നറിയുന്നു. ഇപ്പോള്‍ നിലവിലുള്ള റൂട്ടുകള്‍ കൂടാതെ ഉടനെ തന്നെ പുതിയ ബസ്സുകള്‍ സര്‍വ്വീസ് തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-