ദുബായിലെ ബസുകളില്‍ ഡ്രൈവര്‍മാര്‍ കാശ് വാങ്ങി ടിക്കറ്റ് നല്‍കുന്ന സംവിധാനം നിര്‍ത്തലാക്കുന്നു. ജൂണ്‍ മുതല്‍ ഇ-ബസ് കാര്‍ഡുകള്‍ മാത്രം സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.
ദുബായിലെ ബസുകളില്‍ ജൂണ്‍ മുതല്‍ കാശ് കൊടുത്ത് ടിക്കറ്റെടുക്കേണ്ടി വരില്ല. കേള്‍ക്കുമ്പോള്‍ യാത്ര സൗജന്യമാണെന്ന് കരുതരുത്. ഡ്രൈവറുടെ കൈയില്‍ കാശ് കൊടുത്ത് ടിക്കറ്റെടുക്കുന്ന സംവിധാനം മാറ്റുകയാണ് അധികൃതര്‍. അടുത്ത മാസം മുതല്‍ പുതുതായി പുറത്തിറക്കിയ ഇ-ബസ് കാര്‍ഡുകള്‍ മാത്രം സ്വീകരിക്കാനാണ് നീക്കം.
10 യാത്രയ്ക്ക് ഉപയോഗിക്കാവുന്ന ഇ-ബസ് കാര്‍ഡുകളാണ് അധികൃതര്‍ പുറത്തിറക്കിയിരിക്കുന്നത്. കാര്‍ഡിന് 18 ദിര്‍ഹമാണ് നല്‍കേണ്ടത്.
ഓരോ യാത്രയ്ക്കും രണ്ട് ദിര്‍ഹം തന്നെയായിരിക്കും ചാര്‍ജ്. ബസില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് ഫെയര്‍ കളക്റ്റിംഗ് മെഷീന് മുകളില്‍ ഇ-ബസ് കാര്‍ഡ് കാണിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി ചാര്‍ജ് കുറയും.
പഴയ ഇ-ഗോ കാര്‍ഡുകള്‍ ജൂണ്‍ 10 മുതല്‍ സ്വീകരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബസിലെ എല്ലാ വാതിലുകളിലും രണ്ട് ഓട്ടോമാറ്റിക് ഫെയര്‍ കളക്റ്റിംഗ് മെഷീനുകള്‍ വീതം സ്ഥാപിക്കും. അതുകൊണ്ട് തന്നെ നിലവിലെ രീതിയില്‍ നിന്ന് മാറി യാത്രക്കാര്‍ക്ക് ഏത് വാതില്‍ വഴിയും ബസിനകത്ത് കയറാം. കാര്‍ഡ് മെഷീന് മുകളില്‍ കാണിക്കുമ്പോള്‍ ഇനി എത്ര യാത്രകൂടി ഈ കാര്‍ഡ് ഉപയോഗിച്ച് ചെയ്യാമെന്ന് സ്ക്രീനില്‍ തെളിയും. പുതിയ സംവിധാനത്തില്‍ ടിക്കറ്റ് ഉണ്ടാവില്ല.
പുതിയ സംവിധാനം തങ്ങളുടെ ജോലി കൂടുതല്‍ എളുപ്പമാക്കുമെന്ന് ബസ് ഡ്രൈവര്‍മാര്‍ പറയുന്നു.
ഒരു കാര്‍ഡ് ഉപയോഗിച്ച് ഒന്നിലധികം പേര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ കഴിയില്ല. അതായത് ഒരേ റൂട്ടില്‍ ഒന്നിലധികം പേര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ ഓരോരുത്തരും ഇ ബസ് കാര്‍ഡ് എടുത്തിരിക്കണം.
ആദ്യഘട്ടത്തില്‍ ഇ-ബസ് കാര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ തന്നെ വിതരണം ചെയ്യും. എല്ലാ ബസ് സ്റ്റേഷനുകളില്‍ നിന്നും ഈ കാര്‍ഡുകള്‍ വാങ്ങാം. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, പെട്രോള്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ഇ-ബസ് കാര്‍ഡുകള്‍ അധികം വൈകാതെ തന്നെ ലഭിച്ച് തുടങ്ങും. ഇ ബസ് കാര്‍ഡുകള്‍ ലഭിക്കുന്ന വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കാനും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി ആലോചിക്കുന്നുണ്ട്.
-