അധിനിവേശത്തിന്റെ നഷ്ടപരിഹാരം മുഴുവന്‍ ഒടുക്കാതെ ഇറാഖിനുമേലുള്ള ഉപരോധം പിന്‍വലിക്കരുതെന്ന് കുവൈറ്റ് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. രണ്ടു പതിറ്റാണ്ടു മുന്‍പ് നടത്തിയ അധിനിവേശത്തിന്റെ നഷ്ടപരിഹാരമായി 25.5 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ ഇറാഖ് തങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനുണ്ടെന്ന് കുവൈറ്റ് വിദേശകാര്യ അണ്ടര്‍സെക്രട്ടറി ഖാലിദ് അല്‍ ജറള്ള പറഞ്ഞു. കൂടാതെ 16 ബില്യന്‍ ഡോളര്‍ വായ്പാ തുക മടക്കിനല്‍കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. അധിനിവേശ സമയത്ത് കാണാതായവരെ കുറിച്ചും യുദ്ധത്തടവുകാരെ കുറിച്ചും രാജ്യത്ത് ഇറാഖ് നടത്തിയ കവര്‍ച്ചയെ കുറിച്ചുമുള്ള വിഷയങ്ങളിലും തീര്‍പ്പാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റ് അധിനിവേശത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്ന ഇറാഖിന്റെ അഭ്യര്‍ത്ഥന യു.എന്‍ പരിഗണിക്കാനിരിക്കെയാണ് കുവൈറ്റ് ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്.
-