ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുള്ള സ് പോണ്‍സര്‍ സംവിധാനം ഇല്ലാതാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബഹ്റിന് ഓഗസ്റ്റ് മുതല്‍ ഈ സംവിധാനം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
സ് പോണ്‍സര്‍ഷിപ്പ് സംവിധാനം ഓഗസ്റ്റ് ഒന്ന് മുതല്‍ ഒഴിവാക്കുമെന്ന് മെയിലാണ് ബഹ്റിന് പ്രഖ്യാപിച്ചത്.
ഇതോടെ വിദേശ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ മറ്റ് തൊഴിലുകളിലേക്ക് മാറാനുള്ള അവസരമാണ് ലഭ്യമാവുക. ബഹ്റിന് തൊഴില്‍ മന്ത്രി മജീദ് അല്‍ അലാവിയുടെ പ്രഖ്യാപനത്തെ ആഹ്ലാദത്തോടെയാണ് വിദേശ തൊഴിലാളികള്‍ വരവേറ്റത്.
ഗള്‍ഫ് രാജ്യങ്ങളിലെല്ലാം നിലവിലുള്ള ഈ സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഇല്ലാതാക്കണമെന്ന ആവശ്യം ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്ന് തുടങ്ങിയിരിക്കുന്നു.
സ്പോണ്‍സര്‍ഷിപ്പ് സംവിധാനം യു.എ.ഇയും ഒഴിവാക്കണമെന്ന് ദുബായ് പോലീസ് ചീഫ് ആയ ലഫ്റ്റന്റ് ജനറല്‍ ദാഹി ഖല്ഫാന് തമീം ആവശ്യപ്പെട്ടു. സ്പോണ്‍സറായ യു.എ.ഇ പൗരന്മാര്ക്ക് ഈ സംവിധാനം ബുധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഓരോ തൊഴിലാളിയുടേയും പ്രശ്നങ്ങളില്‍ ഇടപെടേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ക്ക് പൊതുവായ താമസ സൗകര്യം ഒരുക്കുന്നതിന് പകരം അവര്‍ക്ക് പൊതുവായ ശമ്പളം നല്‍കുകയും താമസ സൗകര്യം സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം നല്‍കുകയും ചെയ്യണമെന്നും ദാഹി ഖല്ഫാന് പറഞ്ഞു.
സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഇല്ലാതാക്കണമെന്ന് കുവൈറ്റില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പുതിയ തൊഴില്‍ നിയമത്തില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ എടുത്ത് മാറ്റുന്നതിന് എം.പിമാര്‍ മുന്‍കൈ എടുക്കണമെന്ന് കുവൈറ്റിലെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് പ്രതിനിധി തവിയത്ത് അല്‍ ഹാറൂനാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഏതായാലും വിവിധ രാജ്യങ്ങളില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഇല്ലാതാക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ വിദേശ തൊഴിലാളികള്‍ ഇത് ഭാവിയില്‍ നടപ്പിലാവുമെന്ന പ്രതീക്ഷയിലാണ്.
-