ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിന് ദുബായ് ശ്രമം തുടങ്ങി. ലോക സംഭവങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്കാന് യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ലോക തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പരിപാടികള്‍ രാജ്യത്ത് നടത്തുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുകയാണ് സമിതിയുടെ പ്രധാന ചുമതല.
2020 ഒളിമ്പിക്സിന് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഗവണ്മെന്റ്, സ്വകാര്യ മേഖലയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ദുബായ് 2020 എന്ന പേരിലാണ് ദുബായിയുടെ കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിടുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ലോകോത്തര പരിപാടികള്‍ക്ക് വേദിയൊരുക്കി രാജ്യത്തിന്റെ സാംസ്കാരിക, സാമ്പത്തിക വളര്‍ച്ചയും യശസ്സും ഉയര്‍ത്തുകയാണ് ലക്ഷ്യം. ദുബായിയുടെ പരിസ്ഥിതിയേയും സമൂഹത്തേയും ഭാവി തലമുറയ്ക്കായി പരുവപ്പെടുത്തുന്ന പദ്ധതികളാണ് ആവിഷ്ക്കരിക്കുക. കായികം, വിദ്യാഭ്യാസം, ബിസിനസ്, ശാസ്ത്രം, ടെക്നോളജി, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെല്ലാമുള്ള പുരോഗതി ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഒളിമ്പിക്സ് ഗെയിംസും വേള്‍ഡ് എക്സ് പോയും ദുബായില്‍ സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന ദുബായില്‍ ഇത്തരത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ എന്തും നേടിയെടുക്കാന്‍ കഴിയുമെന്ന് ഭരണാധികാരികള്‍ ഉറച്ച് വിശ്വസിക്കുന്നു. അതു തന്നെയാണ് അവര്‍ പൊതു ജനങ്ങളോടായി പറയുന്നതും.
-