യു.എ.ഇ പ്രഖ്യാപിച്ച മദ്ധ്യാഹ്ന വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. ഇതിനകം നിയമം ലംഘിച്ച 73 കമ്പനികളെ അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്.
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് നിര്‍ബന്ധ വിശ്രമം അനുവദിച്ചിരിക്കുന്നത്. ഈ മാസം ഒന്ന് മുതല്‍ തുടങ്ങിയ ഉച്ചവിശ്രമം ഓഗസ്റ്റ് അവസാനം വരെ തുടരണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികളെ കണ്ടത്താന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആദ്യ അഞ്ച് ദിവസങ്ങളില്‍ 73 കമ്പനികള്‍ പിടിയിലായി.
നിയമ ലംഘിച്ച ഏറ്റവും കമ്പനികള്‍ റാസല്‍ ഖൈമയില്‍ നിന്നാണ്. 25 കമ്പനികളാണ് ഇവിടെ ഉച്ചവിശ്രമം അനുവദിക്കാതെ നിയമം ലംഘിച്ചത്. അബുദാബിയിലെ 11 കമ്പനികളും ഷാര്‍ജയിലെ മൂന്ന് കമ്പനികളും അജ്മാനിലെ ഏഴ് കമ്പനികളും ഉമ്മുല്‍ ഖുവൈനില്‍ ഒരു കമ്പനിയും നിയമ ലംഘനത്തിന് പിടിയിലായി. 18 കമ്പനികള്‍ ദുബായിലും എട്ട് കമ്പനികള്‍ ഫുജൈറയിലും ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ കമ്പനികള്‍ക്കെല്ലാം 10,000 ദിര്‍ഹം വീതം പിഴ ശിക്ഷ നല്‍കി.
തൊഴില്‍ മന്ത്രാലയത്തിലെ ഇന്‍സ്പെക്ടര്‍മാരാണ് നിയമ ലംഘകരെ കണ്ടെത്താന്‍ രാജ്യത്ത് ആകമാനം പരിശോധന നടത്തുന്നത്. 12 സംഘങ്ങളായി 325 പ്രത്യേക വിഭാഗത്തെയാണ് പരിശോധന നടത്താനായി നിയോഗിച്ചിരിക്കുന്നത്. ചൂട് കൂടിയ ഈ സാഹചര്യത്തില്‍ യു.എ.ഇയിലെ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 20 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം സഹായകരമാകുന്നുണ്ട്.
-