ഫൈസല്‍, ദുബായ്
അറബ് ജനതയുടെ ജീവിതത്തോട് ഏറെ അടുത്ത് നില്ക്കുന്നവയാണ് ഒട്ടകങ്ങള്‍. ഒട്ടകപ്പാല് കറന്നെടുക്കുന്നത് എങ്ങിനെയെന്ന് അറിയാമോ? ഒട്ടകത്തിന്റെ മുന്‍ മടക്കി കെട്ടിയ ശേഷമാണ് അതിനെ കറക്കുക
ദുബായ് റുവയ്യയിലെ ഒട്ടകഫാമില്‍ ആയിരക്കണക്കിന് ഒട്ടകങ്ങളാണ് ഉള്ളത്. ലോകത്തിലെ ഏക ഒട്ടക ഡയറി ഫാമാണിത്. അതായത് പാലിനായി മാത്രം ഒട്ടകങ്ങളെ വളര്‍ത്തുന്ന ഇടം.
സുഡാനില്‍ നിന്നുള്ളവരാണ് ഇവിടെ ഒട്ടകങ്ങളെ പരിചരിക്കുന്നവരില്‍ അധികവും. ക്യാമറയുമായി ഇവിടെ എത്തിയപ്പോള്‍ സുഡാന് സ്വദേശിയായ ബഅന്നക അഹമ്മദ് ഞങ്ങള്‍ക്ക് ഒട്ടകത്തെ കറക്കുന്നത് എങ്ങിനെയെന്ന് കാണിച്ചു തന്നു.
ഇങ്ങനെ മുന്കാല് മടക്കി കെട്ടി ഇവയെ കറക്കാന്‍ കാരണമുണ്ട്. നടന്നു കൊണ്ടിരിക്കുന്ന ഒട്ടകങ്ങളെ പിടിച്ച് നിര്‍ത്താനുള്ള വിദ്യയാണിത്. പാല് കറക്കാന്‍ ബുധിമുട്ടുണ്ടോ എന്ന ചോദ്യത്തിന് സുഡാനികള്‍ക്ക് ഇതൊന്നും ഒരു ബുധിമുട്ടല്ലെന്ന് ചിരിച്ച് കൊണ്ടായിരുന്നു ബഅന്നകയുടെ മറുപടി.
ഇദ്ദേഹം കറന്നെടുത്ത ഒട്ടകപ്പാല് ഒരു ഒട്ടക കുട്ടിക്ക് തന്നെ കുടിക്കാന്‍ കൊടുക്കുകയും ചെയ്തു.
നേരിയ ഉപ്പു രുചിയുള്ള ഒട്ടകപ്പാലില്‍ ഫാറ്റും പ്രോട്ടീനും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി.യാല്‍ സമ്പുഷ്ടമായ ഇത് പാല് അലര്‍ജിയുള്ളവര്‍ക്ക് പോലും കുടക്കാമെന്ന് എര്ഗുണ് ദെമിര്‍ എന്ന ഒട്ടകപ്പാല് വിദഗ്ധന്‍ പറയുന്നു.
ഒരു ഒട്ടകത്തില്‍ നിന്ന് 20 മുതല്‍ 25 ലിറ്റര്‍ വരെ പാല് ഒരു ദിവസം ലഭിക്കും. വെള്ളം കുടിക്കാതെ ദിവസവും 20 ലിറ്റര്‍ പാല് വീതം 10 ദിവസം വരെ ചുരത്താന്‍ ഒട്ടകത്തിന് സാധിക്കുമത്രെ.
-