യു.എ.ഇയിലെ താമസക്കാരെക്കുറിച്ചും കെട്ടിടങ്ങളെക്കുറിച്ചുമുള്ള സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്ന സെന്‍സസ് അടുത്ത വര്‍ഷം ഏപ്രീലില്‍ നടക്കും. സാമ്പത്തിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടത്തുന്നത്.
ഏപ്രീല്‍ ആറ് മുതലാണ് യു.എ.ഇയിലെ താമസക്കാരെക്കുറിച്ചും കെട്ടിടങ്ങളെക്കുറിച്ചുമുള്ള സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നത്. ആറ് മുതല്‍ 19 വരെ നീളുന്ന ഈ സെന്‍സസിന് സാമ്പത്തിക മന്ത്രാലയം നേതൃത്വം നല്‍കും. 8000 ഉദ്യോഗസ്ഥരെയാണ് കണക്കുകള്‍ ശേഖരിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുക.
യു.എ.ഇയിലെ ആദ്യ സെന്‍സസ് 1975 ല്‍ നടന്ന ശേഷമുള്ള ഏറ്റവും വലിയ കണക്കെടുപ്പായിരിക്കും ഇത്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും കണക്കെടുപ്പ് നടത്തുകയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
യു.എ.ഇയില്‍ നടത്തുന്ന ആറാമത്തെ സെന്‍സസാണിത്. താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതൊടൊപ്പം തന്നെ കെട്ടിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഈ സെന്‍സസില്‍ രേഖപ്പെടുത്തും. 65 മില്യണ്‍ ദിര്‍ഹമാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
കണക്കെടുപ്പിനായി ഫീല്‍ഡില്‍ ഇറങ്ങുന്ന 8000 ജീവനക്കാരെ സഹായിക്കാനായി രണ്ടായിരത്തോളം മറ്റ് ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
-








