അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല ഉയര്‍ന്നു. യു. എ. ഇ യിലെ കലാസ്വാ ദകര്‍ക്ക് വീണ്ടും ആ പഴയ നാടകാനുഭവങ്ങള്‍ അയവിറക്കാന്‍ അവസര മൊരുക്കി കഴിഞ്ഞ വര്‍ഷം മുതലാണ് മികച്ച സൃഷ്ടികള്‍ മാറ്റുരക്കുന്ന നാടകോത്സവം കെ. എസ്. സി യില്‍ പുനരാരംഭിച്ചത്.
ഉല്‍ഘാടന ദിനമായ ഇന്ന് വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമായ സദസ്സില്‍ പ്രശസ്ത സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍, നാടക പ്രവര്‍ത്തകയും നടിയുമായ സന്ധ്യാ രാജേന്ദ്രന്, നാടക പ്രവര്ത്തകന് പപ്പ മുറിയാത്തോട്, മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്, അഹല്യാ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി എന്നിവര്‍ സന്നിഹിതരായിരുന്നു.
വിവിധ മേഖലകളില്‍ നിന്നും ലഭിച്ച പ്രോത്സാഹനവും ജന സമ്മതിയും കണക്കി ലെടുത്ത് ഇപ്രാവശ്യം വിപുലമായ രീതിയിലാണ് ഉത്സവം ഒരുക്കിട്ടുള്ളത് എന്ന് കഴിഞ്ഞ ദിവസം സെന്ററില്‍ വിളിച്ചു ചേര്‍ത്തിരുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
അഹല്യ എക്സ്ചേഞ്ച് ബ്യൂറോ മുഖ്യ പ്രായോജകരായി എത്തുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം കെ.എസ്.സി പ്രസിഡന്ട് കെ. ബി. മുരളി, അഹല്യ ജനറല്‍ മാനേജര്‍ വി. എസ്. തമ്പിക്ക് നല്കി നിര്‍വഹിച്ചു.
വിവിധ എമിറേറ്റുകളില്‍ നിന്നുമായി ലഭിച്ച പത്ത് നാടകങ്ങളില്‍ നിന്നും അവതരണ യോഗ്യമായി തെരഞ്ഞെടുത്ത ഏഴു നാടകങ്ങളാണ് രണ്ടാഴ്ചയോളം നീണ്ടു നില്ക്കുന്ന ഈ നാടകോ ത്സവത്തില്‍ അരങ്ങിലെ ത്തുന്നത്.
ഉദ്ഘാടന ദിവസമായ ഇന്ന് (ഡിസംബര്‍ 14 തിങ്കള്‍) വി. ആര്. സുരേന്ദ്രന് രചിച്ച് വക്കം ഷക്കീര്‍ സംവിധാനം ചെയ്ത് അല്ബോഷിയാ അവതരിപ്പിക്കുന്ന ‘പ്രവാസി’ എന്ന നാടകത്തോടെ നാടകോത്സവത്തിന് ആരംഭം കുറിച്ചു.
മറ്റു നാടകങ്ങള്‍ ഇപ്രകാരമാണ്:
ഡിസം. 17 (വ്യാഴം) – സാജിദ് കൊടിഞ്ഞി രചനയും സംവിധാനവും ചെയ്ത അലൈന്‍ നാടകക്കൂട്ടം ഒരുക്കുന്ന ‘ഭൂമി മരുഭൂമി’
ഡിസം. 18 (വെള്ളി) – സുവീരന് രചനയും സംവിധാനവും ചെയ്ത തിയ്യേറ്റര്‍ ദുബായ് ഒരുക്കുന്ന ‘യെര്‍മ’
ഡിസം. 19 (ശനി) – എന്‍. പ്രഭാകരന് രചനയും സ്റ്റാന്‍ലി സംവിധാനവും ചെയ്ത അബുദാബി ശക്തി തിയ്യറ്റെഴ്സിന്റെ ‘പുലി ജന്മം’
ഡിസം. 21 (തിങ്കള്‍) – സി. എസ്. മുരളീ ബാബു രചനയും വിനോദ് പട്ടുവം സംവിധാനവും ചെയ്ത കല അബുദാബിയുടെ ‘കൃഷ്ണനാട്ടം’
ഡിസം. 23 (ബുധന്‍) – സതീഷ് കെ. സതീഷ് രചനയും സംവിധാനവും നിര്‍വഹിച്ച് അബുദാബി നാടക സൌഹൃദം ഒരുക്കുന്ന ‘അവള്’
ഡിസം. 25 (വെള്ളി) – കഴിമ്പ്രം വിജയന് രചിച്ച് സലിം ചേറ്റുവ സംവിധാനം ചെയ്ത സംസ്കാര ദുബായ് ഒരുക്കുന്ന ‘ചരിത്രം അറിയാത്ത ചരിത്രം’
മികച്ച നാടകത്തിനു ഒന്നും രണ്ടും സമ്മാനങ്ങള്‍ കൂടാതെ സംവിധായകന്, നടന്, സഹ നടന്, നടി, സഹ നടി, ബാല താരം, പശ്ചാത്തല സംഗീതം, ഗായകന്, ഗായിക, എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഡിസം. 26 ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ വിധി പ്രഖ്യാപനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.
വളരെ നീണ്ട കാലത്തിനു ശേഷം, ഇതു പോലൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയ കേരളാ സോഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പിന്നണിയില്‍ നില്ക്കാന് സാധിച്ചതില്‍ അഭിമാനം ഉണ്ടെന്ന് അഹല്യാ ജന. മാനേജര്‍ തമ്പി പറഞ്ഞു.
കേരളത്തിലെ പ്രമുഖരായ നാടക പ്രവര്‍ത്തകര്‍ വിധി കര്‍ത്താക്കളായി എത്തുന്നു എന്നതും ഒരു സവിശേഷതയാണ്. 1991 ലുണ്ടായ ഷാര്‍ജ നാടക ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന നാടക മത്സരങ്ങള്‍ വീണ്ടും ആരംഭിച്ച് അബുദാബിയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ ഒരു നാഴിക ക്കല്ലായി മാറുകയാണ് കേരളാ സോഷ്യല്‍ സെന്റര്‍. ജന. സിക്രട്ടറി ലായിനാ മുഹമ്മദ്, കലാ വിഭാഗം സിക്രട്ടറി ടി. എം. സലിം, സാഹിത്യ വിഭാഗം സിക്രട്ടറി മാമ്മന്‍ കെ. രാജന്, ഇവന്റ് കോഡിനേറ്റര്‍ മധു പറവൂര്‍ എന്നിവരും സന്നിഹി തരായിരുന്നു. കലാ വിഭാഗം സിക്രട്ടറി സിയാദ് കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-