ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസ് അധികൃതര്‍ എന്നിവരുടെ അനാസ്ഥയ്ക്ക് എതിരെ ദുബായില്‍ പാട്ടു പാടി പ്രതിഷേധം. അറബിക് ഗാനങ്ങള്‍ പാടുന്ന കെ. പി. ജയനും മകള്‍ തുളസിയുമാണ് ഈ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
അറബിക് ഗാനങ്ങള്‍ പാടി പ്രസിദ്ധനായ ആളാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദുബായില്‍ താമസിക്കുന്ന കെ. പി. ജയന്‍. ഇദ്ദേഹത്തിനും മകള്‍ക്കും കുവൈറ്റില്‍ ഒരു പൊതു പരിപാടിയില്‍ പാടാന്‍ ഇക്കഴിഞ്ഞ 15 ന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാത്തത് കൊണ്ട് മാത്രം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും മാനസികവും സാമ്പത്തികവുമായി തങ്ങള്‍ക്ക് നഷ്ടമുണ്ടായതായും ജയന്‍ പറഞ്ഞു.
ഇപ്പോള്‍ മദ്രാസില്‍ സംഗീതം പഠിക്കുന്ന തുളസി കോഴിക്കോടാണ് പാസ് പോര്‍ട്ട് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയത്. ദുബായില്‍ പഠിക്കുകയും വളരുകയും ചെയ്ത തുളസിയോട് റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസില്‍ നിന്ന് ആവശ്യപ്പെടുക യായിരുന്നുവത്രെ. 17 വര്‍ഷമായി ദുബായില്‍ റസിഡന്‍റായ മകള്‍ക്ക് റേഷന്‍ കാര്‍ഡോ നാട്ടിലെ മറ്റ് രേഖകളോ ഇല്ല എന്ന് പറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറല്ലായിരുന്നുവെന്ന് ജയന്‍ ആരോപിക്കുന്നു.
അവസാനം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഇത് സംബന്ധിച്ച് കത്തയക്കു കയാണെങ്കില്‍ പാസ് പോര്‍ട്ട് നല്‍കാമെന്ന് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് സമ്മതിച്ചു. എന്നാല്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഈ കത്തിനായി നിരവധി ദിവസങ്ങള്‍ കയറി ഇറങ്ങിയെങ്കിലും കത്തയക്കാം എന്ന മറുപടി അല്ലാതെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയന്‍ ആരോപിക്കുന്നു.
അതു കൊണ്ട് തന്നെ തുളസിയുടെ പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ വൈകിയെന്നും കുവൈറ്റിലെ പരിപാടിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു.
ഇനി മറ്റൊരാള്‍ക്കും തങ്ങളുടെ അനുഭവം ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് പാട്ടു പാടി ഈ അഛനും മകളും പ്രതിഷേധിച്ചത്.