മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗ് ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി കൈരളി പുരസ്കാരം പ്രശസ്ത എഴുത്തുകാരന്‍ സക്കറിയക്ക് സമ്മാനിച്ചു. നവംബര്‍ 18, 19 തിയതികളില്‍ മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ വെച്ചു നടന്ന കേരളോത്സവം മലയാള സമ്മേളനത്തില്‍ വെച്ചാണ് പ്രസ്തുത പുരസ്കാരം സക്കറിയക്ക് സമ്മാനിച്ചത്. ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാരം ലഭിച്ച പി. മണികണ്ഠനെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. യു.എ.ഇ. യില്‍ നിന്നും പ്രത്യേക ക്ഷണിതാവായി മലയാള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പി. മണികണ്ഠനു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗ് സ്നേഹോപഹാരം നല്‍കിയാണ് ആദരിച്ചത്.
സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ “ബുദ്ധിജീവികള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാവുമോ” എന്ന വിഷയത്തില്‍ സംവാദം നടന്നു. സക്കറിയ, പി. മണികണ്ഠന്‍, എന്‍. ടി. ബാലചന്ദ്രന്‍ എന്നിവര്‍ സംവാദ വിഷയം അവതരിപ്പിച്ചു. രണ്ടാം ദിവസം രാവിലെ 10:30 ക്ക് ആരംഭിച്ച ചര്‍ച്ച ഉച്ചയ്ക്ക് 2 മണി വരെ നീണ്ടു നിന്നു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ സക്കറിയക്ക് പുരസ്കാരം സമ്മാനിക്കുകയും പി. മണികണ്ഠനെ ആദരിക്കുകയും ചെയ്തു.
തെയ്യം, കുട്ടികളുടെ സംഘം അവതരിപ്പിച്ച ഗാനാലാപനം, കവിതാ പാരായണം, മോഹിനിയാട്ടം ഭരതനാട്ട്യം എന്നിവയും അരങ്ങേറി.