ന്യൂഡല്‍ഹി : കൂടംകുളം പദ്ധതിയ്ക്ക് എതിരെ നിലകൊള്ളുന്ന ഒരു സംഘം പ്രവര്‍ത്തകരും തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികളും സംഘം ചേര്‍ന്ന് ഇന്ന് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും. ഇരു സംഘങ്ങളും പ്രത്യേകമായി തങ്ങളുടെ ആവശ്യങ്ങള്‍ നിവെധനമായി പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കും. തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഈ ഇന്തോ റഷ്യന്‍ പദ്ധതി ഉപേക്ഷിക്കണം എന്നാ നിലപാടിലാണ് സ്ഥലത്തെ ആണവ വിരുദ്ധ പ്രവര്‍ത്തകര്‍. സുരക്ഷാ ആശങ്കകള്‍ പരിഹരിക്കപ്പെടും വരെ ആണവ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണം എന്ന് കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയത്തില്‍ സംസ്ഥാന നിയമ സഭയില്‍ പ്രമേയം പാസാക്കാം എന്നും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കാം എന്നുമുള്ള മുഖ്യമന്ത്രി ജയലളിതയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇതിനെതിരെ നിരാഹാര സമരം കിടന്ന നൂറു കണക്കിന് സ്ഥലവാസികള്‍ തങ്ങളുടെ നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.
- ജെ.എസ്.