ഇന്നലെ ഒരു ലോക ജല ദിനവും കൂടി കടന്നു പോയി. എന്നാല്‍ മറ്റു പല ദിനങ്ങളും ഒത്തിരി ആഘോഷിക്കുന്ന നമ്മള്‍ ഇങ്ങനെ ഒരു ദിനം വന്നു പോയത് അറിഞ്ഞത് പോലുമില്ല. ഇതൊക്കെ വലിയ പരിസ്ഥിതി സ്നേഹികള്‍ക്ക് വേണ്ടിയുള്ളതല്ലേ , നമ്മുക്ക് ഇതില്‍ എന്തു കാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്ഷ്യം.
മനുഷ്യന്റെ മാത്രമല്ല ലോകത്തിലെ എല്ലാ ജീവ ജാലങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ് ജലം. അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടി വെള്ളത്തിന് വേണ്ടിയായിരിക്കും എന്ന് പറയപ്പെടുന്നു. കുടി വെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വില വരുന്ന ഒരു കാലത്തേക്ക് ആണ് നമ്മള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടി വെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായി ക്കൊണ്ടിരിക്കുകയാണ്. മഹാ നദികള്‍ ഇന്ന് മാലിന്യ കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസ വസ്തുക്കളാലും ഖര മാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജല ദിനത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകള്‍ ഇവയെല്ലാമാണ്.
എന്നാല്‍ ഏതൊരു സാധാരണക്കാരനും തന്റെ പ്രവര്‍ത്തന മേഖലകളില്‍ ജല സംരക്ഷണം നടപ്പിലാക്കാന്‍ കഴിയും. നമ്മുടെ ദൈനംദിന പ്രവര്‍ത്തികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണം എന്ന് മാത്രം. രാവിലെ എഴുന്നേറ്റ പടി നമ്മള്‍, വെള്ളം നിര്‍ലോഭം തുറന്നു വിട്ടു കൊണ്ട് പല്ല് തേക്കുന്നു. വലത് കൈയ്യില്‍ ബ്രഷ് പിടിക്കുമ്പോള്‍ പുറകിലേക്ക് മടക്കി വച്ചിരിക്കുന്ന ആ ഇടതു കൈ ഒന്ന് പൈപ്പില്‍ കൊടുക്കൂ. ആവശ്യം വരുമ്പോള്‍ മാത്രം വെള്ളം വരട്ടെ. ഷേവ് ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. പണ്ട് നമ്മുടെ കക്കൂസുകള്‍ ഇന്ത്യന്‍ രീതിയില്‍ ഉള്ളവയായിരുന്നു. വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ യുറോപ്യന്‍ രീതിയില്‍ പുറകിലത്തെ വലിയ ടാങ്കില്‍ നിറച്ചിരിക്കുന്ന വെള്ളം മുഴുവനും ഉപയോഗിച്ചു കൊള്ളണം എന്നാണ് വ്യവസ്ഥ. പോരാത്തതിന് ഈ ടാങ്കുകളില്‍ കാലക്രമേണ ചോര്‍ച്ചയും ഉണ്ടാകുന്നു. പലപ്പോഴും നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. ഓ ഒന്നോ രണ്ടോ തുള്ളിയല്ലേ, സാരമില്ല എന്ന് വിചാരിക്കും. എന്നാല്‍ സാരമുണ്ട്. ഒരു മിനിട്ടില്‍ 5 തുള്ളി പോയാല്‍ പോലും ഒരു ദിവസം നമ്മള്‍ 2 ലിറ്ററില്‍ അധികം വെള്ളം അവിടെ കളയുന്നുണ്ട്. ചോരുന്ന പൈപ്പുകളും ടാങ്കുകളും ടാപ്പുകളും എത്രയും പെട്ടന്ന് ശരിയാക്കുന്നതില്‍ വീഴ്ച വരുത്തുവാന്‍ പാടില്ല.
നമ്മളില്‍ ഒട്ടു മിക്കവരുടെയും കുളിമുറികളില്‍ ഇപ്പോള്‍ ഷവര്‍ സംവിധാനം ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയിലൂടെയുള്ള വെള്ള ചെലവ് പഴയ പോലെ ബക്കറ്റില്‍ വെള്ളം നിറച്ചു വച്ച് കുളിക്കുന്നതിന്റെ ഇരട്ടിയില്‍ അധികം ആണ്. ആഡംബര ചിഹ്നമായ ബാത്ത് ടബ്ബുകളുടെ കാര്യം പിന്നെ പറയണോ?
ഇനി ഷവറില്‍ കുളിക്കണം എന്ന് നിര്‍ബന്ധം ഉള്ളവര്‍, കൂലങ്കഷമായ ചിന്തകളും പാട്ട് സാധകവും ഒന്നും തുറന്നിട്ട ഷവറിനു കീഴെ നിന്ന് വേണ്ട. 5 മിനിറ്റ്. അതാണ് ആരും തെറ്റ് പറയാത്ത ഒരു കുളിക്ക് വേണ്ട സമയം. ഇപ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാവുന്ന സംവിധാനങ്ങള്‍ ഉള്ള ഷവറുകള്‍ വിപണിയില്‍ ഉണ്ട്.
അടുക്കളയില്‍ പാത്രം കഴുകുമ്പോള്‍ ആണ് ഏറ്റവും അധികം വെള്ളം ചെലവാകുന്നത്. പണ്ട് ഒക്കെ കഴിച്ച പാത്രം അടുക്കളയില്‍ കൊണ്ട് വയ്ക്കുമ്പോള്‍ അമ്മ പറയുമായിരുന്നു, അതില്‍ വെള്ളം ഒഴിച്ചിടാന്‍. അമ്മയ്ക്ക് കഴുകാന്‍ എളുപ്പത്തിനു വേണ്ടിയായിരിക്കും അത് എന്ന് അന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വയം പാത്രം കഴുകുമ്പോള്‍ മനസിലാക്കാം, ഭക്ഷണ അവശിഷ്ടങ്ങള്‍ ഉണങ്ങി പിടിച്ചിരിക്കുന്ന ഒരു പാത്രം കഴുകാന്‍ പ്രയത്നത്തേക്കാള്‍ ഉപരി വെള്ളവും കൂടുതല്‍ വേണം. അറിഞ്ഞോ അറിയാതെയോ ഉള്ള നമ്മുടെ കൊച്ചു കൊച്ച് അശ്രദ്ധകള്‍ കാരണം നമ്മള്‍ ജലം പാഴാക്കണോ?
വാഷിംഗ് മെഷീനില്‍ തുണി അധികം ഇല്ലേലും മുഴുവന്‍ വെള്ളം നിറച്ചു കഴുകുക, ചട്ടിയില്‍ നില്‍ക്കുന്ന ചെടികള്‍ക്ക് പിന്നെയും പിന്നെയും വെള്ളം ഒഴിക്കുക, ഹോസിലൂടെ വെള്ളം ചീറ്റിച്ച് കാര്‍ കഴുകുക എന്നിവ ഒക്കെ വെള്ളം പാഴാക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ആണ്. ഇനി ഈ പറഞ്ഞ കാര്‍ കഴുകുന്നതിന് ഒരു ബക്കറ്റില്‍ വെള്ളവും ഒരു കഷണം സ്പോന്ജും ഉപയോഗിച്ച് നോക്കു. കാര്‍ കൂടുതല്‍ വൃത്തിയും ആകും വെള്ള ചെലവ് നാലില്‍ ഒന്നും ആകും.
മറ്റു പല സ്ഥലങ്ങളെയും അപേക്ഷിച്ചു നോക്കുമ്പോള്‍, വളരെ അധികം മഴ ലഭിക്കുന്ന ഒരു കാലാവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. എന്നാല്‍ മഴ വെള്ള സംഭരണം എന്ന ആശയം എത്ര വീടുകളില്‍ പ്രാവര്‍ത്തിക മാക്കിയിട്ടുണ്ട്? മഴ വെള്ളം വലിയ ചെരുവങ്ങളിലും ബക്കറ്റുകളിലും മറ്റും പിടിച്ചു വച്ചാല്‍ തന്നെ നമ്മുടെ പല ഗാര്‍ഹികാ വശ്യങ്ങള്‍ക്കും അത് പ്രയോജന പ്പെടുത്താന്‍ സാധിക്കും. ഇങ്ങനെ വളരെ നിസ്സാരമെന്നു നമ്മള്‍ കരുതുന്ന പല മാര്‍ഗ്ഗങ്ങളിലൂടെയും വളരെ മഹത്തായ ഒരു സംരംഭമായ ജല സംരക്ഷണത്തില്‍ നമ്മുക്ക് പങ്കാളികള്‍ ആകുവാന്‍ കഴിയും.
ജലം ലോകത്തിന്റെ പൊതു പൈതൃകമാണ്. ജല സംരക്ഷണവും ജല മിത വ്യയവും പാലിച്ചാല്‍ മാത്രമേ നമ്മുക്ക് ഈ പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് അടുത്ത തലമുറക്ക് കൈ മാറേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: campaigns, important-days, water