ആഗ്ര : അനശ്വര പ്രണയത്തിന്റെ ജീവസ്സുറ്റ പ്രതീകമായി എന്നെന്നും നിലകൊള്ളുന്ന നമ്മുടെ താജ്മഹലിന്റെ അടിത്തറയ്ക്ക് ഭീഷണി ഉയരുന്നതായി സൂചന. പ്രണയത്തിനെന്ന പോലെ തന്നെ കെട്ടിടങ്ങള്‍ക്കും ചില അടിസ്ഥാന ഘടകങ്ങള്‍ ഒഴിച്ചുകൂടാന്‍ ആവാത്തതാണ് എന്ന യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടുത്തുന്നു ഇപ്പോള്‍ വെളിച്ചത്ത് വന്ന ചില കണ്ടെത്തലുകള്‍. താജ്മഹലിന്റെ കളിത്തോഴിയായ യമുനാ നദിയുടെ സാമീപ്യം നഷ്ടമായതാണ് താജ്മഹലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ആവുന്നത്.
പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിലനില്‍പ്പിന് തൊട്ടടുത്ത് കൂടെ ഒഴുകുന്ന യമുനാ നദി അത്യാവശ്യമാണ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. എന്നാല്‍ അടുത്ത കാലത്തായി ഇവിടെ നടത്തിയ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി താജ്മഹലിന്റെ ഭദ്രത ഭീഷണിയിലായി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യമുനാ നദിയുടെയും താജ്മഹലിന്റെയും ഇടയ്ക്കുള്ള പ്രദേശത്ത് ഒരു കൃത്രിമ പാര്‍ക്ക് നിര്‍മ്മിച്ചു. ഇതോടെ നദീജലത്തിന്റെ സാമീപ്യം നഷ്ടമായ താജ്മഹലിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചു തുടങ്ങി എന്നാണ് കണ്ടെത്തല്‍. ഈ പാര്‍ക്ക് എത്രയും പെട്ടെന്ന് ഇവിടെ നിന്നും പൊളിച്ചു മാറ്റി നദീജലം താജ്മഹലിന് ലഭ്യമാക്കണം എന്ന് ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ താജ്മഹല്‍ നിലംപതിക്കും എന്ന ചില വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് സുപ്രീം കോടതി സ്വമേധയാ പരാതിയായി ഫയലില്‍ സ്വീകരിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ഡി. കെ. ജെയിന്‍, എ. ആര്‍. ദേവ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര പരിസ്ഥിതി വനം വകുപ്പിനും, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും മായാവതി സര്‍ക്കാരിനും നോട്ടീസ് അയച്ചത്.
- ജെ.എസ്.
ലോക അല്‍ഭുതമായ താജ്മഹല്‍ സര്‍ക്കാര്‍ സംരക്ഷിക്കണം.