ആഗോള താപന വര്‍ദ്ധനവിനെ പറ്റി നിരവധി ചര്‍ച്ചകള്‍ ഉണ്ടാകുന്ന സമകാലിക അവസ്ഥയില്‍ ഈ ദിനത്തിന് അതിന്റേതായ പ്രസക്തിയുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ദുരന്തങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. പ്രകൃതിയെ മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന സത്യത്തെ മറന്നു കൊണ്ട് നാം പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയപ്പോളാണ് പ്രകൃതി കൂടുതല്‍ സംഹാര താണ്ഡവമാടിതുടങ്ങിയത് ഇതില്‍ നിന്നൊന്നും പഠിക്കാതെ വീണ്ടും വീണ്ടും നാം ഭൂമിയെ ക്രൂശിക്കുന്നു, അന്തരീക്ഷത്തിലേക്ക് വിഷപ്പുക തുറന്നു വിടുന്നു ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് പഴഞ്ചന്‍ റഷ്യന്‍ ആണവ വിദ്യയെ വാനോളം പുകഴ്ത്തി വലിയ വികസനമെന്ന പേരില്‍ ഒരു ജനതയെ അടിച്ചൊതുക്കി പുതിയ ആണവ നിലയം തുറക്കാന്‍ ഒരുങ്ങുന്നത്. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ ഇവിടെയും നിലനില്‍ക്കുന്നു. എന്നിട്ടും നാം പഠിക്കുന്നില്ലല്ലോ?
ഇടവപ്പാതി തിമിര്‍ത്തു പെയ്താലും വരളുന്ന കേരളം, ഹരിതാഭ മായ നമ്മുടെ കൊച്ചു കേരളം ഇനിയുള്ള നാളുകള്‍ ചുട്ടുപൊള്ളുന്ന മാസങ്ങള്‍ ആയിരിക്കും. കാറ്റും കൊടുങ്കാറ്റും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ മാറി മാറി താണ്ഡവം ആടികൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം പൊങ്ങച്ചം പറയുന്ന കൊച്ചു കേരളത്തില്‍ പോലും കാലാവസ്ഥ വ്യതിയാനത്തിന്റെ അലയൊലി ബാധിച്ചു തുടങ്ങിയിരിക്കുന്നു. പ്രകൃതിയിലേക്ക് മടങ്ങുകയല്ലാതെ നമുക്ക് മറ്റൊരു പോംവഴി ഇല്ല എന്ന സത്യത്തെ മൌലിക വാദമായി കാണുന്ന നമുക്കിടയില്‍ ഈ ദിനം ഒരോര്‍മ്മപ്പെടുത്തലാണ്. മാര്‍ച്ച് 23 ലോക കാലാവസ്ഥ ദിനം…
- ഫൈസല്‍ ബാവ