വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാറില്‍ നിരാഹാരം അനുഷ്ഠിക്കുന്നവരെ അഭിവാദ്യം ചെയ്യാനായി പ്രമുഖ പരിസ്ഥിതി – സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ സമരപന്തലില്‍ എത്തി. മേധയുടെ സന്ദര്‍ശനം സമരപന്തലില്‍ ആവേശം പകര്‍ന്നു. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രശ്‌നപരിഹാരമാകണം കേന്ദ്രസര്‍ക്കാര്‍ മുല്ലപ്പെരിയാറില്‍ നടത്തേണ്ടതെന്നും, അതിനുള്ള ശ്രമങ്ങള്‍ തുടരണമെന്നും, വ്യക്തമായ നിലപാടിന് ഇനി വൈകരുത് എന്നും മേധ പട്കര്‍ പറഞ്ഞു. കേരളത്തിന്‍റെ സുരക്ഷക്കും തമിഴ്നാടിന് വെള്ളത്തിനുമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടെ തീരൂ. ജീവന്‍ രക്ഷിക്കാനുള്ള ചര്‍ച്ചയില്‍നിന്ന് തമിഴ്നാട് വിട്ടുനില്‍ക്കരുത്. സുപ്രീംകോടതിക്കോ ജസ്റ്റിസ് ആനന്ദ് കമ്മിറ്റിക്കോ പരിഹാരം കാണാവുന്ന സാഹചര്യം സൃഷ്ടിക്കാന്‍ നിയമ യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങാതിരിക്കുന്നത് നല്ലതാണെന്നും, രാഷ്ട്രീയ നിലപാടുകളും മറ്റ് താല്‍പ്പര്യങ്ങളും മാറ്റിവെച്ച് ഇരു സംസ്ഥാനങ്ങളും ഒരുമിച്ചിരിക്കേണ്ട ഘട്ടമാണിതെന്നും മേധാ പറഞ്ഞു. സി.ആര്‍. നീലകണ്ഠന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. നാഷനല്‍ അലയന്‍സ് പീപ്പിള്‍സ് മൂവ്മെന്‍റ് സംസ്ഥാന കോ ഓഡിനേറ്റര്‍ ജിയോ ജോസും മേധയോടൊപ്പമുണ്ടായിരുന്നു. മേധയുടെ വരവ് പ്രതീക്ഷിച്ച് വന്‍ മാധ്യമപട തന്നെ എത്തിയിരുന്നു. എം. എല്‍. എമാരായ ഇ. എസ്. ബിജിമോള്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റ്യന്‍, പി. പ്രസാദ്, സി. പി. ഐ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന്‍, സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍ എന്നിവര്‍ മേധാ പട്കറെ സമരപ്പന്തലില്‍ സ്വീകരിച്ചു.
-