കൊച്ചി : ലോകത്തിലെ ആദ്യത്തെ സൌരോര്‍ജ്ജ ഓടുകള്‍ വികസിപ്പിച്ചു കൊണ്ട് കേരളത്തിലെ ഒരു സംഘം ഗവേഷകര്‍ പ്രകൃതി സൌഹൃദ ഊര്‍ജ്ജ ഉല്‍പ്പാദന രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കൊച്ചിയിലെ അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസിലെ 40 ഓളം വരുന്ന ഗവേഷകരുടെ സംഘമാണ് നൂതനമായ ഈ സൌരോര്‍ജ്ജ പാനല്‍ വികസിപ്പിച്ചെടുത്തത്. ശാന്തി നായര്‍, വിനോദ് ഗോപാല്‍ എന്നീ ഗവേഷകരുടെ നേതൃത്വത്തില്‍ വികസിപ്പിച്ച ഈ സൌരോര്‍ജ്ജ ഓടുകളുടെ പ്രത്യേകത ഇതില്‍ തന്നെ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയും എന്നതാണ്.
സാധാരണ സൌരോര്‍ജ്ജ പാനലുകള്‍ സൗരോര്‍ജ്ജം വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യുകയും അവയെ സംഭരണ ബാറ്ററികളില്‍ പിന്നീടുള്ള ആവശ്യത്തിനായി സംഭരിക്കുകയും ചെയ്യുമ്പോള്‍ അമൃത സ്മാര്‍ട്ട് എന്ന പേരില്‍ ഇവര്‍ വികസിപ്പിച്ച സൌരോര്‍ജ്ജ ഓടുകളില്‍ തന്നെ ഊര്‍ജ്ജ സംഭരണത്തിനും ഉള്ള സംവിധാനമുണ്ട്. ഇതിനാല്‍ വിലകൂടിയ ബാറ്ററികളുടെ ആവശ്യം ഒഴിവാക്കാനാകും. 4 മണിക്കൂര്‍ സൂര്യ പ്രകാശം ഏല്ക്കുന്ന ഈ സൌരോര്‍ജ്ജ ഓടുകള്‍ക്ക് ലാപ്ടോപ്പുകള് ചാര്‍ജ് ചെയ്യാനും രണ്ടു മണിക്കൂര്‍ കൊണ്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും കഴിയും. ഏഴു ദിവസം വരെ ഇവയ്ക്ക് ഊര്‍ജ്ജം സംഭരിച്ചു വെയ്ക്കുവാനുള്ള കഴിവുമുണ്ട്. 200 ഗ്രാം ഭാരമുള്ള ഇവ ഒരു വര്‍ഷത്തിനകം വിപണിയില്‍ എത്തിക്കാനാകും എന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
ഏറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സംഘടിപ്പിച്ച നാനോ സോളാര്‍ 2012 എന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഈ നേട്ടം അനാവരണം ചെയ്യപ്പെട്ടത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: electricity, green-initiatives, power, solar