കൊലാലമ്പൂര്‍ : നിയന്ത്രണാതീതമായി പെരുകുന്ന ഡെങ്കിപ്പനിയെ നേരിടാന്‍ ഒരു നവീന തന്ത്രം പയറ്റാന്‍ ഒരുങ്ങുകയാണ് മലേഷ്യ. ഈഡിസ് ഈജിപ്റ്റി വര്‍ഗ്ഗത്തിലെ പെണ്‍ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവയെ നേരിടാന്‍ ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഈഡിസ് ഈജിപ്റ്റി വര്‍ഗ്ഗത്തിലെ ആണ്‍ കൊതുകുകളെ ഉപയോഗിക്കുവാനാണ് പുതിയ പദ്ധതി. ഈ ആണ്‍ കൊതുകുകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആയുസ് വളരെ കുറവാണ് എന്നതാണ് ഇവയുടെ പ്രത്യേകത. അങ്ങനെ അല്‍പ നാളുകള്‍ കൊണ്ട് കൊതുകുകളുടെ പുതിയ തലമുറ നശിക്കും എന്നാണ് കണക്ക് കൂട്ടല്‍.
ഈ വര്‍ഷം ഡെങ്കിപ്പനി മൂലമുള്ള മരണത്തില്‍ 53 ശതമാനം വര്‍ദ്ധനവാണ് മലേഷ്യയില്‍ രേഖപ്പെടുത്തിയത്.
ആദ്യ ഘട്ടത്തില്‍, ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട മൂവായിരം ആണ്‍ കൊതുകുകളെയാണ് പുറത്തിറക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രി അറിയിച്ചു.
എന്നാല്‍ ജനിതക പരിവര്‍ത്തനം ചെയ്യപ്പെട്ട കൊതുകുകള്‍ ഉണ്ടാക്കിയേക്കാവുന്ന വിപത്തുകളെ പറ്റി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കകള്‍ ഉണ്ട്. ഇനിയും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതും അറിയപ്പെടാത്ത അപകടങ്ങള്‍ പതിയിരിക്കുന്നതുമായ ഒരു സാങ്കേതിക വിദ്യയാണ് ജനിതക പരിവര്‍ത്തനം എന്നിരിക്കെ അനേക വര്‍ഷങ്ങളുടെ നിരീക്ഷണവും പഠനവും ഇല്ലാതെ ഇത്തരം കൊതുകുകളെ തുറന്നു വിടുന്നത് അത്യന്തം ആപല്‍ക്കരം ആയിരിക്കും എന്ന് ഇവര്‍ വെളിപ്പെടുത്തി. മാത്രമല്ല ഈ കൊതുകുകളുടെ ലാര്‍വകള്‍ “ടെട്രാസൈക്ലിന്‍” എന്ന ആന്റിബയോട്ടിക്കിന്റെ സാന്നിധ്യത്തില്‍ നശിക്കുകയില്ല എന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മൃഗങ്ങളിലും മനുഷ്യരിലും സര്‍വ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒരു ആന്റിബയോട്ടിക് ആണ് “ടെട്രാസൈക്ലിന്‍” എന്നത് ഈ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.