തിരുനെല്‍വേലി : കൂടംകുളം ആണവ നിലയം ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആവില്ല എന്ന് ബോദ്ധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഏര്‍പ്പാടാക്കിയത് അനുസരിച്ച് കൂടംകുളത്ത് എത്തിയ കേന്ദ്ര മന്ത്രി വി. നാരായണ സ്വാമിയെ സംസാരിക്കാന്‍ അനുവദിക്കാതെ ഗ്രാമ വാസികള്‍ ഒന്നടങ്കം “ആണവ നിലയം അടച്ചു പൂട്ടുക!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു തങ്ങളുടെ പ്രതിഷേധം മന്ത്രിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് “ആദ്യം ജനങ്ങളുടെ സുരക്ഷിതത്വം, പിന്നീട് മാത്രം ഊര്‍ജ്ജം” എന്ന് പ്രതികരിക്കാന്‍ മന്ത്രി നിര്‍ബന്ധിതനായി. ആണവ നിലയത്തിന്റെ പണി നിര്‍ത്തി വെയ്ക്കണമോ എന്ന കാര്യം പ്രധാനമന്ത്രി തീരുമാനിക്കും എന്ന് നാരായണ സ്വാമി അറിയിച്ചു.
നൂറു കണക്കിന് ഗ്രാമ വാസികള്‍ ആണവ നിലയത്തിന്റെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തി വെയ്ക്കണം എന്ന ആവശ്യവുമായി നിരാഹാര സമരത്തിലാണ്. തങ്ങളുടെ കുഞ്ഞുങ്ങള്‍ ആണവ വികിരണം മൂലം അംഗ വൈകല്യം ഉള്ളവരായി ജനിക്കണം എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഇവിടത്തെ സ്ത്രീകള്‍ പറയുന്നു. ആനവ് നിലയം പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ ഇവിടത്തെ കൊഞ്ച് അപ്രത്യക്ഷമായതായി മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു. ആണവ നിലയം പ്രവര്‍ത്തനം തുടങ്ങുന്നതോടെ തങ്ങളുടെ ജീവനോപാധി തന്നെ ഇല്ലാതാവും എന്നാണ് ഇവരുടെ ഭയം.