ഓരോ തുള്ളിയും സൂക്ഷിച്ച്

March 23rd, 2011

water-conservation-epathram

ഇന്നലെ ഒരു ലോക ജല ദിനവും കൂടി കടന്നു പോയി. എന്നാല്‍ മറ്റു പല ദിനങ്ങളും ഒത്തിരി ആഘോഷിക്കുന്ന നമ്മള്‍  ഇങ്ങനെ ഒരു ദിനം വന്നു പോയത് അറിഞ്ഞത് പോലുമില്ല. ഇതൊക്കെ വലിയ പരിസ്ഥിതി സ്നേഹികള്‍ക്ക് വേണ്ടിയുള്ളതല്ലേ , നമ്മുക്ക് ഇതില്‍ എന്തു കാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്ഷ്യം.

മനുഷ്യന്റെ മാത്രമല്ല ലോകത്തിലെ എല്ലാ ജീവ ജാലങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ്‌ ജലം. അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടി വെള്ളത്തിന് വേണ്ടിയായിരിക്കും എന്ന് പറയപ്പെടുന്നു. കുടി വെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വില വരുന്ന ഒരു കാലത്തേക്ക് ആണ് നമ്മള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടി വെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായി ക്കൊണ്ടിരിക്കുകയാണ്. മഹാ നദികള്‍ ഇന്ന് മാലിന്യ കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസ വസ്തുക്കളാലും ഖര മാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജല ദിനത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകള്‍ ഇവയെല്ലാമാണ്.

എന്നാല്‍ ഏതൊരു സാധാരണക്കാരനും തന്റെ പ്രവര്‍ത്തന മേഖലകളില്‍ ജല സംരക്ഷണം നടപ്പിലാക്കാന്‍ കഴിയും. നമ്മുടെ ദൈനംദിന പ്രവര്‍ത്തികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണം എന്ന് മാത്രം. രാവിലെ എഴുന്നേറ്റ പടി നമ്മള്‍, വെള്ളം നിര്‍ലോഭം തുറന്നു വിട്ടു കൊണ്ട് പല്ല് തേക്കുന്നു. വലത് കൈയ്യില്‍ ബ്രഷ് പിടിക്കുമ്പോള്‍ പുറകിലേക്ക് മടക്കി വച്ചിരിക്കുന്ന ആ ഇടതു കൈ ഒന്ന് പൈപ്പില്‍ കൊടുക്കൂ. ആവശ്യം വരുമ്പോള്‍ മാത്രം വെള്ളം വരട്ടെ. ഷേവ്‌ ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. പണ്ട് നമ്മുടെ കക്കൂസുകള്‍ ഇന്ത്യന്‍ രീതിയില്‍ ഉള്ളവയായിരുന്നു. വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ യുറോപ്യന്‍ രീതിയില്‍ പുറകിലത്തെ വലിയ ടാങ്കില്‍ നിറച്ചിരിക്കുന്ന വെള്ളം മുഴുവനും ഉപയോഗിച്ചു കൊള്ളണം എന്നാണ് വ്യവസ്ഥ. പോരാത്തതിന് ഈ ടാങ്കുകളില്‍ കാലക്രമേണ ചോര്‍ച്ചയും ഉണ്ടാകുന്നു. പലപ്പോഴും നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. ഓ ഒന്നോ രണ്ടോ തുള്ളിയല്ലേ, സാരമില്ല എന്ന് വിചാരിക്കും. എന്നാല്‍ സാരമുണ്ട്‌. ഒരു മിനിട്ടില്‍ 5 തുള്ളി പോയാല്‍ പോലും ഒരു ദിവസം നമ്മള്‍ 2 ലിറ്ററില്‍ അധികം വെള്ളം അവിടെ കളയുന്നുണ്ട്. ചോരുന്ന പൈപ്പുകളും ടാങ്കുകളും ടാപ്പുകളും എത്രയും പെട്ടന്ന് ശരിയാക്കുന്നതില്‍ വീഴ്ച വരുത്തുവാന്‍ പാടില്ല.

നമ്മളില്‍ ഒട്ടു മിക്കവരുടെയും കുളിമുറികളില്‍ ഇപ്പോള്‍ ഷവര്‍ സംവിധാനം ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയിലൂടെയുള്ള വെള്ള ചെലവ്‌ പഴയ പോലെ ബക്കറ്റില്‍ വെള്ളം നിറച്ചു വച്ച് കുളിക്കുന്നതിന്റെ ഇരട്ടിയില്‍ അധികം ആണ്.  ആഡംബര ചിഹ്നമായ ബാത്ത് ടബ്ബുകളുടെ കാര്യം പിന്നെ പറയണോ?

ഇനി ഷവറില്‍ കുളിക്കണം എന്ന് നിര്‍ബന്ധം ഉള്ളവര്‍, കൂലങ്കഷമായ ചിന്തകളും പാട്ട് സാധകവും ഒന്നും തുറന്നിട്ട ഷവറിനു കീഴെ നിന്ന് വേണ്ട. 5 മിനിറ്റ്‌. അതാണ്‌ ആരും തെറ്റ് പറയാത്ത ഒരു കുളിക്ക് വേണ്ട സമയം. ഇപ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാവുന്ന സംവിധാനങ്ങള്‍ ഉള്ള ഷവറുകള്‍ വിപണിയില്‍ ഉണ്ട്.

അടുക്കളയില്‍ പാത്രം കഴുകുമ്പോള്‍ ആണ് ഏറ്റവും അധികം വെള്ളം ചെലവാകുന്നത്. പണ്ട് ഒക്കെ കഴിച്ച പാത്രം അടുക്കളയില്‍ കൊണ്ട് വയ്ക്കുമ്പോള്‍ അമ്മ പറയുമായിരുന്നു, അതില്‍ വെള്ളം ഒഴിച്ചിടാന്‍. അമ്മയ്ക്ക് കഴുകാന്‍ എളുപ്പത്തിനു വേണ്ടിയായിരിക്കും അത് എന്ന് അന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വയം പാത്രം കഴുകുമ്പോള്‍ മനസിലാക്കാം, ഭക്ഷണ അവശിഷ്ടങ്ങള്‍ ഉണങ്ങി പിടിച്ചിരിക്കുന്ന ഒരു പാത്രം കഴുകാന്‍ പ്രയത്നത്തേക്കാള്‍ ഉപരി വെള്ളവും കൂടുതല്‍ വേണം. അറിഞ്ഞോ അറിയാതെയോ ഉള്ള നമ്മുടെ കൊച്ചു കൊച്ച് അശ്രദ്ധകള്‍ കാരണം നമ്മള്‍ ജലം പാഴാക്കണോ?

വാഷിംഗ്‌ മെഷീനില്‍ തുണി അധികം ഇല്ലേലും മുഴുവന്‍ വെള്ളം നിറച്ചു കഴുകുക, ചട്ടിയില്‍ നില്‍ക്കുന്ന ചെടികള്‍ക്ക് പിന്നെയും പിന്നെയും വെള്ളം ഒഴിക്കുക, ഹോസിലൂടെ വെള്ളം ചീറ്റിച്ച് കാര്‍ കഴുകുക എന്നിവ ഒക്കെ വെള്ളം പാഴാക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ആണ്. ഇനി ഈ പറഞ്ഞ കാര്‍ കഴുകുന്നതിന് ഒരു ബക്കറ്റില്‍ വെള്ളവും ഒരു കഷണം സ്പോന്ജും ഉപയോഗിച്ച് നോക്കു. കാര്‍ കൂടുതല്‍ വൃത്തിയും ആകും വെള്ള ചെലവ് നാലില്‍ ഒന്നും ആകും.

മറ്റു പല സ്ഥലങ്ങളെയും അപേക്ഷിച്ചു നോക്കുമ്പോള്‍, വളരെ അധികം മഴ ലഭിക്കുന്ന ഒരു കാലാവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. എന്നാല്‍ മഴ വെള്ള സംഭരണം എന്ന ആശയം എത്ര വീടുകളില്‍ പ്രാവര്‍ത്തിക മാക്കിയിട്ടുണ്ട്? മഴ വെള്ളം വലിയ ചെരുവങ്ങളിലും ബക്കറ്റുകളിലും മറ്റും പിടിച്ചു വച്ചാല്‍ തന്നെ നമ്മുടെ പല ഗാര്‍ഹികാ വശ്യങ്ങള്‍ക്കും അത് പ്രയോജന പ്പെടുത്താന്‍ സാധിക്കും. ഇങ്ങനെ വളരെ നിസ്സാരമെന്നു നമ്മള്‍ കരുതുന്ന പല മാര്‍ഗ്ഗങ്ങളിലൂടെയും വളരെ മഹത്തായ ഒരു സംരംഭമായ  ജല സംരക്ഷണത്തില്‍ നമ്മുക്ക് പങ്കാളികള്‍ ആകുവാന്‍ കഴിയും.

ജലം ലോകത്തിന്റെ പൊതു പൈതൃകമാണ്. ജല സംരക്ഷണവും ജല മിത വ്യയവും പാലിച്ചാല്‍ മാത്രമേ നമ്മുക്ക് ഈ പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് അടുത്ത തലമുറക്ക്‌ കൈ മാറേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ലാച്ചിമട ബില്‍ നിയമമാകുന്നു

February 23rd, 2011

drink-cocacola-epathram

തിരുവനന്തപുരം : കൊക്കക്കോള കമ്പനി വരുത്തി വെച്ച പരിസ്ഥിതി നാശത്തിന് കമ്പനിയെ കൊണ്ട് തന്നെ പരിഹാരം ചെയ്യിക്കുവാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്ലാച്ചിമട ബില്‍ സബ്ജക്റ്റ്‌ കമ്മിറ്റിയുടെ പരിഗണനയ്ക്കായി കേരള നിയമസഭ അയച്ചു. കൊക്കക്കോള കമ്പനിയുടെ പ്ലാച്ചിമടയിലെ ബോട്ടലിംഗ് പ്ലാന്റിനെതിരെ പരാതി സമര്‍പ്പിക്കാന്‍ ഒരു പ്രത്യേക ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്താന്‍ ഈ ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.

“പ്ലാച്ചിമട കൊക്കക്കോള വിക്ടിംസ് റിലീഫ്‌ ആന്‍ഡ്‌ കോമ്പന്‍സേഷന്‍ ക്ലെയിംസ് സ്പെഷ്യല്‍ ട്രിബ്യൂണല്‍ ബില്‍ 2011” എന്ന പേരിലുള്ള ഈ ബില്ല് സബ്ജക്റ്റ്‌ കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇന്ന് സഭയില്‍ തിരിച്ചെത്തുന്നതോടെ ഇത് നിയമമാകും.

കേരള നിയമ നിര്‍മ്മാണ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് പ്രസ്തുത ബില്‍ എന്നാണു ബില്‍ സഭയില്‍ അവതരിപ്പിച്ച ജല വിഭവ വകുപ്പ്‌ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ പറഞ്ഞത്‌. പാലക്കാട്ടെ പ്ലാച്ചിമട ഗ്രാമത്തില്‍ കൊക്കക്കോള കമ്പനി വരുത്തി വച്ച പരിസ്ഥിതി നാശത്തിനു കമ്പനിയെ കൊണ്ട് തന്നെ വില നല്‍കുവാന്‍ ബാദ്ധ്യസ്ഥരാക്കുന്ന നിയമ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ് എന്നും മന്ത്രി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബിനോയ്‌ വിശ്വത്തിന്റെ പ്രസ്താവന ആശാവഹം

May 29th, 2010

binoy-viswamദുബായ്‌ : അതിരപ്പിള്ളി പദ്ധതിക്ക് തുരങ്കം വെച്ചത് കൂടെത്തന്നെ ഉള്ളവരാണ് എന്ന മന്ത്രി എ. കെ. ബാലന്റെ പ്രസ്താവനയ്ക്കെതിരെ വനം മന്ത്രി ബിനോയ്‌ വിശ്വം നടത്തിയ പ്രസ്താവന പ്രതീക്ഷ ഉണര്‍ത്തുന്നു. വികസനത്തിന്റെ പേരില്‍ വനം നശിപ്പിക്കുമ്പോള്‍ അതിനെ എതിര്‍ക്കാതിരിക്കാന്‍ ആവില്ല എന്നും ഇത്തരം വികസനം കൊണ്ടുണ്ടാവുന്ന പരിസ്ഥിതി നഷ്ടം കാലം തെളിയിക്കുമെന്നും മന്ത്രി എ. കെ. ബാലന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായി മന്ത്രി ബിനോയ്‌ വിശ്വം പറഞ്ഞിരുന്നു.

മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ പ്രസ്താവനയെ പ്പറ്റി e പത്രം പരിസ്ഥിതി സംഘം “പച്ച” ദുബായില്‍ ചര്‍ച്ച നടത്തി. അതിരപ്പിള്ളി പദ്ധതി വന്നാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്ടത്തെ പ്പറ്റി ബോധ്യമുള്ള ഒരു മന്ത്രിയെങ്കിലും കേരളത്തില്‍ ഉള്ളത് ആശ്വാസകരമാണ് എന്ന് യോഗം വിലയിരുത്തി. ഈ വിഷയത്തില്‍ മന്ത്രി ബിനോയ്‌ വിശ്വത്തിന് e പത്രം പരിസ്ഥിതി സംഘം “പച്ച” പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജല യുദ്ധങ്ങള്‍ക്ക് പിന്നാലെ ജല തീവ്രവാദവും

April 14th, 2010

blue-goldവരുംകാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടി ആകുമെന്ന പ്രവചനത്തെ പറ്റി നാം ഒരു പാടു ചര്‍ച്ച ചെയ്തതാണ്. ഇപ്പോഴിതാ തീവ്രവാദത്തിനും ജലം ഒരു വിഷയമാകുന്ന അവസ്ഥ വന്നിരിക്കുന്നു. വെള്ളത്തിന്റെ വിപണി വളരുന്നതോടൊപ്പം ആകുലതയും വളരുന്നുണ്ട്. സാമ്രാജ്യത്വ ശക്തികളുടെ ഇംഗിതത്തിനു വഴങ്ങി, ഒട്ടു മിക്ക മൂന്നാം ലോക രാജ്യങ്ങളും വഴി വിട്ട വികസനവും ജല മലിനീകരണവും തുടരുകയാണ്. ഇതിന്റെ തിക്ത ഫലം പല രാജ്യങ്ങളും അനുഭവിക്കുന്നുമുണ്ട്. ലോകത്തിനു തന്നെ ഭീഷണിയായി തീവ്രവാദം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ജല തര്‍ക്കങ്ങള്‍ തീവ്രവാദ സംഘടനകള്‍ ഏറ്റെടുത്താല്‍ ഉണ്ടാകുന്ന അവസ്ഥ ഭീകരമായിരിക്കും.

ജല ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അസംതൃപ്തരായ ജനങ്ങള്‍ക്കു മേല്‍ തങ്ങളുടെ ആവശ്യങ്ങള്‍ തിരുകി കയറ്റാന്‍ തീവ്രവാദ സംഘങ്ങള്‍ക്ക് എളുപ്പം കഴിയും. പ്രത്യേകിച്ച് സ്വാതന്ത്ര്യം ലഭിച്ച് അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യയിലെ കുടി വെള്ള ക്ഷാമം ദിനം പ്രതി വര്ദ്ധിച്ചു വരുമ്പോള്‍, ജല പദ്ധതികള്‍ക്കായി ആയിരങ്ങളെ കുടി ഇറക്കുമ്പോള്‍, പുനരധിവാസം വെറും കടലാസു പ്രഖ്യാപനം മാത്രമാകുമ്പോള്‍, ജനങ്ങള്‍ക്കി ടയിലേക്ക് ജലമെന്ന വിഷയം ഉയര്ത്തി ക്കാട്ടി ജല തര്‍ക്കങ്ങള്‍ മൂര്‍ച്ഛിപ്പിക്കാന്‍ തീവ്രവാദ സംഘടനകള്‍ക്ക് എളുപ്പത്തില്‍ കഴിയും. ഈ അവസ്ഥയെ കണ്ടില്ലെന്നു നടിച്ചാല്‍ നമുക്കുണ്ടാവുന്ന നഷ്ടം വളരെ വലുതായിരിക്കും.

ഇപ്പോള്‍ തന്നെ ലഷ്കറ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ്‌ സെയ്ദ്‌ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നു. ജനകീയ വിഷയങ്ങളെ എടുത്ത്‌ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് ഇവര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ജല തര്‍ക്കത്തെ പുതിയ ജല തീവ്രവാദ മാക്കാനാണ് സെയ്ദിന്റെ ശ്രമം. വരും കാലയുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന ഓര്‍മ്മപ്പെടു ത്തലിനു മീതെ ജല തീവ്രവാദവും ഉണ്ടാക്കുമെന്ന ധ്വനി ഹാഫിസ്‌ സെയ്ദിന്റെ വാക്കുകളില്‍ ഒളിച്ചിരിക്കുന്നുണ്ട്.

ജല തീവ്രവാദമെന്ന ആശയം ഇവര്‍ ഉയര്ത്തി കൊണ്ടു വരുന്നതിനു പിന്നില്‍ ആഗോള തലത്തിലുള്ള ഒരു അജണ്ട ഒളിച്ചിരിക്കുന്നുണ്ട്. അത് ജലത്തിന്റെ വിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. 250 രാജ്യങ്ങള്‍ താണ്ടി വിവിധ നദികള്‍ ഒഴുകി കൊണ്ടിരിക്കുന്നുണ്ട്. അപ്പോള്‍ ജല തര്‍ക്കങ്ങള്‍ മുറുകിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഊഹിക്കാമല്ലോ. ആണവായുധം തീവ്രവാദികളുടെ കൈകളില്‍ എത്തിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പോലെ തന്നെയാണ് ജല തര്‍ക്കങ്ങള്‍ ഇവര്‍ ഏറ്റെടുത്താലും ഉണ്ടാകുക. ഒന്ന് നശീകരണ ആയുധമാണെങ്കില്‍ ജലം ജനത്തെ തമ്മില്‍ തല്ലിക്കാന്‍ പറ്റിയ വിഷയമാണ്. അത് തീവ്രവാദികള്‍ വേണ്ട വിധത്തില്‍ പ്രയോഗിച്ചാല്‍?

ജീവന്റെ നിലനില്‍പ്പിന് ജലം അത്യാവശ്യമാണ്. വരും കാലം വെള്ളത്തെ സ്വര്‍ണ്ണത്തേക്കാള്‍ വിലമതിക്കും. അതിനാലാണ് പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയുമായ മോഡ് ബാര്‍ലെ വെള്ളത്തെ “ബ്ലൂ ഗോള്‍ഡ്‌ ”എന്ന് വിശേഷിപ്പിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ഏറ്റവും വലിയ കക്കൂസ് ക്യൂവുമായി ലോക ജല ദിനം

March 22nd, 2010

world-water-dayമാര്‍ച്ച്‌ 22 ലോക ജല ദിനമായി ലോകമെമ്പാടും ഇന്റര്‍നെറ്റിലും ആചരിക്കുന്നു. ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന ഈ ദിനത്തില്‍ ശുദ്ധ ജലത്തിന്റെ പ്രാധാന്യത്തെ പറ്റിയും ജലം സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റിയും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. “ആരോഗ്യമുള്ള ലോകത്തിനായി ശുദ്ധ ജലം” എന്ന വിഷയമാണ് 2010ലെ ലോക ജല ദിനത്തിന്റെ മുഖ്യ വിഷയമായി ഐക്യ രാഷ്ട സഭ തെരഞ്ഞെടുത്തത്. ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 1.1 ബില്യണ്‍ ജനങ്ങള്‍ക്ക് കുടിക്കുവാന്‍ ശുദ്ധ ജലം ലഭ്യമല്ല. ജല ദൌര്‍ലഭ്യം മൂലം പ്രതിദിനം 4000 കുട്ടികള്‍ മരണപ്പെടുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള ജലം പോലും ലഭിക്കാതെ കഷ്ട്ടപ്പെടുന്ന പതിനായിരങ്ങളുടെ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിച്ചു വിടാനായി ലോക വ്യാപകമായി ലോക ജല ദിനത്തിന്റെ ഭാഗമായി കക്കൂസ് ക്യൂ വുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ കക്കൂസ് ക്യൂവില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനു ആളുകള്‍ പങ്കെടുക്കും. ഈ ക്യൂ ഗിന്നസ്‌ ബുക്കിലും ഇടം പിടിക്കും എന്ന് കരുതപ്പെടുന്നു. ഈ ക്യൂവില്‍ നിങ്ങള്‍ക്ക്‌ സ്ഥാനം പിടിക്കാന്‍ ആയില്ലെങ്കിലും അടുത്ത മാസം വാഷിംഗ്ടണില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കുന്ന ഹരജിയില്‍ നിങ്ങള്‍ക്കും ഭാഗമാകാം. ഇതിനായി നിങ്ങള്‍ക്ക്‌ ഓണ്‍ലൈന്‍ കക്കൂസ് ക്യൂവില്‍ നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്യാനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. ഓണ്‍ലൈന്‍ ക്യൂവില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ ലോക നേതാക്കളെ ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായി സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഭീമ ഹരജിയില്‍ ചേര്‍ക്കുന്നതാണ്.


The World’s Longest Toilet Queue

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 5« First...345

« Previous Page« Previous « ലോക വനവല്‍ക്കരണ ദിനം
Next »Next Page » വെളിച്ചത്തിനായി ഇരുട്ട് – എര്‍ത്ത്‌ അവറില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും പങ്കെടുക്കും »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010