പാലക് മട്ടണ്‍

March 23rd, 2012

palak-mutton-epathram
എന്തിന്റെ കൂടെ ആണെങ്കിലും അല്‍പ്പം ഇറച്ചിയോ മീനോ ഉണ്ടെങ്കില്‍ അത് അകത്താക്കാന്‍ വിഷമമില്ല എന്നാണു അരുണിന്റെ അഭിപ്രായം. പാലക് മാര്‍കെറ്റില്‍ നിന്നും വാങ്ങുമ്പോള്‍ തന്നെ ആള്‍ക്ക് പേടിയാണ്.. :-) സാധാരണ പാലക് ദാല്‍ ആണ് വയ്ക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഒരു ചെയ്ഞ്ചിന് അല്പം മട്ടണ്‍ കൂടി എടുത്തു. പാലക് മട്ടണ്‍ എന്ന ഒരു ആശയം തലയില്‍ കയറിയിട്ടുണ്ട്. എന്റെ ഓഫീസിലെ ഒരു ഹൈദരാബാദുകാരന്‍ ഇയ്യിടെ കല്യാണം കഴിച്ചു. ഭര്‍ത്താവിനു പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കുക എന്നതാണ് കക്ഷിയുടെ ഭാര്യയുടെ പ്രാധാന പരിപാടി. പുള്ളിയുടെ ലഞ്ച് ബോക്സില്‍ ആണ് ഈ ഐറ്റം ആദ്യമായി കണ്ടത്. അന്നേ ഉറപ്പിച്ചു, അടുത്ത തവണ പാലക് എടുക്കുമ്പോള്‍ ഇത് തന്നെ ഉണ്ടാക്കണം. ഏതായാലും നന്നായിരുന്നു. രുചികരവും അതില്‍ കൂടുതല്‍ പാലക് ഉള്ളില്‍ ചെന്നല്ലോ എന്ന സമാധാനവും കിട്ടി. :-)

ചേരുവകള്‍

പാലക് – ഒരു കെട്ട്
മട്ടണ്‍ – അര കിലോ ചെറിയ കഷ്ണങ്ങള്‍ ആക്കിയത്
സവാള – 2 ഇടത്തരം നേര്‍മ്മയായി അരിഞ്ഞത്
തക്കാളി – 2 ഇടത്തരം ചെറുതായി അരിഞ്ഞത്
ഇഞ്ചി ചതച്ചത് – ഒരു റ്റീ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -ഒരു റ്റീ സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
മല്ലിപ്പൊടി – ഒരു റ്റീ സ്പൂണ്‍
മുളക് പൊടി – ഒരു റ്റീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 റ്റീ സ്പൂണ്‍
ഗരം മസാല – ഒരു റ്റീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ- 2 റ്റേബിള്‍ സ്പൂണ്‍
മല്ലിയില – ഒരു പിടി

പാചകരീതി

മട്ടണ്‍ കഴുകി വൃത്തിയാക്കി വെള്ളം വാര്‍ന്നു കളയുക. ഇത് ഒരു സവാളയും ഒരു തക്കാളിയും അരിഞ്ഞതും, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, മല്ലിപ്പൊടി, മുളക് പൊടി, ഗരം മസാല പൊടി, പാകത്തിന് ഉപ്പ് എന്നിവയും ചേര്‍ത്ത് ഏകദേശം 10 മിനിറ്റ് കുക്കറില്‍ വേവിക്കുക. കുക്കര്‍ തുറക്കുമ്പോള്‍ നന്നായി ഇളക്കി യോജിപ്പിക്കുക.

പാലക് കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഒരു സവാള അരിഞ്ഞത്, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, നെടുകെ പിളര്‍ന്ന പച്ചമുളക് എന്നിവ വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. തക്കാളി ഉടഞ്ഞു കഴിയുമ്പോള്‍ ബാക്കിയുള്ള പൊടികള്‍ എല്ലാം ചേര്‍ത്ത് മൂപ്പിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പാലക് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വച്ച് 5 മിനുറ്റ് വേവിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ഗ്രേവിയോടു കൂടെ ചേര്‍ക്കുക. നന്നായി ഇളക്കി 5 മിനിറ്റ് കൂടി ചെറുതീയില്‍ വയ്ക്കുക. വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഇളക്കുക. ചപ്പാത്തിക്കും ചോറിനും നല്ലതാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on പാലക് മട്ടണ്‍

പീസ്‌ പുലാവ്

March 20th, 2012

peas pulao- epathram

എന്തൊക്കെ പറഞ്ഞാലും ശരി, സംഗതി നോണ്‍ വെജ് ആണെങ്കില്‍ മാത്രമേ വീട്ടുകാര്‍ക്ക് ഒരു ത്രില്‍ ഒള്ളു. ഓഫീസില്‍ നിന്ന് വന്നപ്പോഴേ ഞാന്‍ അനൌണ്‍സ് ചെയ്തു. ഇന്ന് ഡിന്നറിനു ഒരു ഗസ്റ്റ് ഉണ്ട്. ഞാന്‍ വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാക്കാന്‍ പോകുന്നു എന്ന്. :-) എല്ലാര്‍ക്കും സന്തോഷം. എന്നാല്‍ അടുത്ത നിമിഷം അത് തീര്‍ന്നു. ഐറ്റം കേട്ടപ്പോഴേ, അയ്യേ.. പീസ്‌ പുലാവോ?? മറ്റൊന്നും കണ്ടില്ലേ..!!! അരുണിന്റെ പ്രതികരണം. :-) തെറ്റ് പറയാന്‍ പറ്റില്ല. നോണ്‍ വെജ് ഇല്ലെങ്കില്‍ സംഗതി ഉഷാറാവില്ല എന്ന പക്ഷക്കാരനാണ് കക്ഷി. ഓക്കേ.. അങ്ങനെയെങ്കില്‍ കഴിഞ്ഞ ദിവസത്തെ ചിക്കന്‍ കറി ഇരിപ്പുണ്ട്. അത് കൂട്ടി അഡ്ജസ്റ്റ് ചെയ്യാം.. എന്നായി ഞാന്‍. മനസില്ലാമനസ്സോടെ അരുണ്‍ സമ്മതിച്ചു. അങ്ങനെ പീസ്‌ പുലാവ് റെഡി. അതും വളരെ എളുപ്പം പണി കഴിഞ്ഞു. ഡിന്നര്‍ കഴിഞ്ഞപ്പോള്‍ ഉണ്ട് അതാ അരുണ്‍ പറയുന്നു, നല്ല പുലാവ് ആയിരുന്നു. ഒരുപാട് കഴിച്ചു.. എഴുന്നേല്‍ക്കാന്‍ വയ്യ:-) ഇതില്‍ പരം ഒരു സന്തോഷം ഉണ്ടോ?

ബസ്മതി -2 കപ്പ്
സവാള – 1 എണ്ണം നേര്‍മ്മയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
പച്ചമുളക് – 1 എണ്ണം നെടുകെ പിളര്ന്നത്
ഗ്രീന്‍പീസ് -അര കപ്പ് (ഫ്രോസണ്‍ അല്ലെങ്കില്‍ ഫ്രഷ്‌)
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
ഗ്രാമ്പു -3
കറുവാപ്പട്ട -3 കഷണം
ഏലക്ക -2
ഉപ്പ് -പാകത്തിന്
മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

അരി കഴുകി ഊറ്റി എടുക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ പട്ട,ഗ്രാമ്പു,ഏലക്ക എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിന്റെ കൂടെ അരിയിട്ട് വറുക്കുക. ഇതിലേക്ക് ഗ്രീന്‍ പീസ്‌ ചേര്‍ക്കുക. 4 കപ്പ് തിളച്ച വെള്ളവും ഉപ്പും ചേര്‍ത്ത് അരി വേവിക്കുക. പാത്രം അടച്ചു വെച്ച് വേവിക്കണം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെള്ളം വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി വാങ്ങുക. ചിക്കന്‍ കറി, മട്ടണ്‍ റോസ്റ്റ്‌ എന്നിവയ്ക്കൊപ്പം വിളമ്പാം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആലു-മേത്തി-ഗാജര്‍

February 24th, 2012

alu-methi-gajar-epathram
പേര് വായിച്ചപ്പോ തന്നെ ഒന്ന് ഡല്‍ഹി വരെ പോയി വന്ന പോലെ തോന്നുന്നുണ്ടാവും അല്ലെ?? സ്വാഭാവികം!! എന്നും ഈ പച്ചമലയാള കറികള്‍ കഴിക്കുന്ന നമ്മുക്ക് ഒരു ചേഞ്ച്‌ വേണമല്ലോ.. മാത്രവുമല്ല ആരോഗ്യപരമായ കാര്യങ്ങള്‍ എവിടെ കണ്ടാലും കൈ കടത്തുന്ന ആളാണ്‌ ഞാന്‍.. ;-) മേത്തിയ്ക്ക് കയ്പ്പുണ്ടെങ്കിലും അതിന്റെ ഗുണഗണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് കോരിത്തരിക്കും.. ;-) ഉലുവയും ഉലുവയുടെ ഇലയും രക്തത്തിലേ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കുന്നതിനും കൊളസ്ട്രോള്‍ രോഗികളില്‍ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും സഹായിക്കും. പച്ചിലകള്‍ ദിനചര്യയില്‍ ഉള്‍‌പ്പെടുത്തുന്നത് വിളര്‍ച്ച തടയുന്നതിനു നല്ലതാണ്.പിന്നെ മറ്റൊരു കാര്യം ഞാന്‍ കണ്ടു പിടിച്ചു. കാരറ്റ്‌ ചേര്‍ത്താല്‍ ഉലുവാ ഇലയുടെ കയ്പ്പ് നന്നായി കുറയും. ഉലുവ നന്നാക്കുന്നത് അല്‍പ്പം മെനക്കെട് പിടിച്ച പണിയാണ്. പക്ഷെ പോഷണം!!! അപ്പൊ അങ്ങനെ വെറുതെ വിടണ്ട.. ഇടയ്ക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ….

ചേരുവകള്‍

ചേരുവകള്‍

ഉരുളക്കിഴങ്ങ് – 2 എണ്ണം ഇടത്തരം കഷ്ണങ്ങള്‍ ആയി നുറുക്കിയത്
കാരറ്റ് –  1എണ്ണം ഇടത്തരം കഷ്ണങ്ങള്‍ ആയി നുറുക്കിയത്
ഉലുവയില -2 കെട്ട്
സവാള – 2 എണ്ണം നേര്‍മ്മയായി അരിഞ്ഞത്
വെളുത്തുള്ളി ചതച്ചത്  – ഒരു ടീസ്പൂണ്‍
ഇഞ്ചി ചതച്ചത്  – ഒരു ടീസ്പൂണ്‍
പച്ചമുളക് – 2 എണ്ണം നെടുകെ കീറിയത്
ഉപ്പ് – ആവശ്യത്തിന്
ജീരകം – ഒരു ടീസ്പൂണ്‍
പെരുംജീരകം  – കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
ഗരംമസാലപ്പൊടി – കാല്‍ ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം

കിഴങ്ങും കാരറ്റും അല്‍പ്പം വെള്ളം, ഉപ്പ്, മുളക്പൊടി എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിച്ചു എടുക്കുക. ഉലുവയില കഴുകി വൃത്തിയാക്കി തണ്ടോടു കൂടി ചെറുതായി അരിഞ്ഞു എടുക്കുക. ഒരു പാന്‍ ചൂട് ആകുമ്പോള്‍  2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ചു ചൂടാക്കുക. ജീരകവും പെരുംജീരകവും ഇടുക. ഇവ പൊട്ടി കഴിയുമ്പോള്‍  സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉലുവയിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. മൂടി വച്ച് വേവിക്കുക. ഇല കടുംപച്ച നിറം ആകുന്നതാണ് പാകം.  ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കിഴങ്ങ് – കാരറ്റ്‌ ചേര്‍ത്ത് നന്നായി ഇളക്കുക. മല്ലിയില ചേര്‍ത്ത് വാങ്ങാം. ചപ്പാത്തി ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാം.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തൈര് സാദം

February 21st, 2012

curd-rice-epathram
ചില ദിവസം ഭയങ്കര മടിയാണ് എന്തെങ്കിലും ഉണ്ടാക്കാന്‍… എന്തെങ്കിലും കള്ള പണികള്‍ കാണിച്ചു ഡിന്നര്‍ തട്ടിക്കൂട്ടും. അങ്ങനെ ഉള്ള ദിവസങ്ങളില്‍ ഉണ്ടാക്കാന്‍ പറ്റിയ ഒരു ഐറ്റം ആണ് തൈര് സാദം… അച്ചാറും പപ്പടവും ഉണ്ടെങ്കില്‍ അടിപൊളി.. വയറിനും മനസ്സിനും സുഖം. മാത്രവുമല്ല നിങ്ങള്‍ ഹെവി ആയി ലഞ്ച് കഴിച്ചതിന്റെ കുറ്റബോധം ഉള്ള ദിവസങ്ങളില്‍ തൈര് സാദം ട്രൈ ചെയ്തു നോക്കൂ.. മനസമാധാനത്തോടെ കിടന്നുറങ്ങാം..:-)

ഇത് എന്റെ കസിന്‍ കുന്ഷിയുടെ റെസിപി ആണ്. റോസ് മേരി എന്നാണ് കക്ഷിയുടെ പേര്. അത് പിന്നീട് കുഞ്ഞു മേരിയും, കുഞ്ഞു മേരി കുന്ഷിയുമായി.. :-) ആളു നല്ലൊരു കുക്ക് ആണ്. ഫേസ്ബുക്കില്‍ തൈര് സാദത്തിന്റെ പടം കണ്ടപ്പോഴേ എനിക്ക് കൊതി പിടിച്ചു. ഉടനെ തന്നെ റെസിപ്പി കൈക്കലാക്കി..

ചേരുവകള്‍

ബസ്മതി അരി – ഒരു കപ്പ്‌
അധികം പുളി ഇല്ലാത്ത തൈര് – ഒരു കപ്പ്‌ (ആവശ്യാനുസരണം)
ഇഞ്ചി – അര ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്
പച്ചമുളക് – 1എണ്ണം നെടുകെ പിളര്‍ന്നത്
ചെറിയ ഉള്ളി – 4 എണ്ണം
കടുക് – ഒരു ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വറ്റല്‍മുളക് – 2 എണ്ണം
വെളിച്ചെണ്ണ – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി. ഉപ്പ് ചേര്‍ത്ത് വേവിച്ചു വാര്‍ത്തെടുക്കുക. അല്പം അധികം വേവ് ആകുന്നതു നന്ന്. ചോറ് അല്‍പ്പം തണുത്തു കഴിയുമ്പോള്‍ എടുത്തു വച്ചിരിക്കുന്ന തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കി, കടുക് പൊട്ടിക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, വറ്റല്‍മുളക്, കറിവേപ്പില, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇത് ചോറിലെയ്ക്ക് ചേര്‍ത്ത് ഇളക്കുക. ചെറുചൂടോടെ കറികള്‍ കൂട്ടിയോ, അല്ലെങ്കില്‍ അച്ചാര്‍, പപ്പടം എന്നിവ കൂട്ടിയോ കഴിക്കാം.

- ലിജി അരുണ്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

കേരള പൊറോട്ട

February 12th, 2012

porota8-epathram

ചേരുവകള്‍

മൈദാ – കപ്പ്‌
ഗോതമ്പുപൊടി – അര കപ്പ്
ബെയ്ക്കിംഗ് സോഡാ – അര ടീസ്പൂണ്‍
പാല്‍ – അര ഗ്ലാസ്‌
മുട്ട – ഒരെണ്ണം
ഉപ്പ് – ആവശ്യത്തിന്
ഡാല്ട/എണ്ണ – ടേബിള്‍സ്പൂണ്‍
ചൂട് വെള്ളം – ആവശ്യത്തിന്
പഞ്ചസാര – ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മൈദാ, ബെയ്ക്കിംഗ് സോഡാ, ഗോതമ്പുപൊടി എന്നിവ നന്നായി യോജിപ്പിക്കുക. മറ്റൊരു പാത്രത്തില്‍ മുട്ട അടിച്ചു, അതിലേക്കു പാല്‍, പഞ്ചസാര, ഉപ്പ്, എണ്ണ എന്നിവ ഇളക്കി യോജിപ്പിക്കുക. ഇത് മൈദയിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക. വെള്ളം ഒഴിച്ച് കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ ഉരുട്ടി വയ്ക്കുക. ഇത് ഒരു നനഞ്ഞ തുണി കൊണ്ട്ട് മൂടി നാല് മണിക്കൂര്‍ വയ്ക്കുക.
porota2-epathram
മാവ് പത്തു ഉരുളകള്‍ ആയി പകുത്തു മാറ്റിവയ്ക്കുക.

porota3-epathram

ഒരു സ്ലാബില്‍ എണ്ണ തടവി ഓരോ ഉരുളയും പറ്റുന്നത്ര നേര്‍മ്മയായി പരത്തുക.

porota5-epathram

ഇതിലേക്ക് എണ്ണ തടവി ഞൊറിഞ്ഞു എടുക്കുക.

ഇത് വീണ്ടും ചുരുട്ടി വെയ്ക്കുക.

porota7-epathram

porota4-epathram

ഓരോ ഉരുളയും പരത്തി എടുക്കുക. ഒരു പാന്‍ ചൂടാക്കി, അല്പം എണ്ണ ഒഴിച്ച് പൊറോട്ട രണ്ടു വശവും മൊരിച്ച് എടുക്കുക. അല്പം തണുക്കുമ്പോള്‍ രണ്ടു മൂന്നെണ്ണം ഒരുമിച്ചു എടുത്തു കൈ കൊണ്ട് തട്ടി ലയെര്‍ ആക്കുക.

porota1-epathram

ചിക്കെന്‍ കറി, ബീഫ്‌ ഫ്രൈ എന്നിവയുടെ കൂടെ കഴിക്കാം.

- ലിജി അരുണ്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

Page 3 of 1212345...10...Last »

« Previous Page« Previous « പെപ്പര്‍ ചിക്കന്‍
Next »Next Page » തൈര് സാദം »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine