ടോക്യോ : ചെർണോബിൽ ആണവ ദുരന്തത്തിനു ശേഷമുള്ള എറ്റവും വലിയ ആണവ ദുരന്തമായ ഫുക്കുഷിമ ആണവ ദുരന്തത്തിന് സാക്ഷ്യം വഹിച്ച ജപ്പാനിൽ ആണവ നിലയങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ രണ്ട് നിലയങ്ങളാണ് വീണ്ടും പ്രവർത്തിപ്പിക്കുക. എന്നാൽ ഇത് മറ്റു നിലയങ്ങൾ കൂടി തുറക്കുവാനുള്ള ആദ്യ പടിയാണ് എന്ന് കരുതപ്പെടുന്നു. വ്യാപകമായ പ്രതിഷേധം വക വെയ്ക്കാതെയാണ് അധികൃതർ ആണവ നിലയങ്ങൾ തുറക്കുവാനുള്ള അനുമതി നല്കിയത്.
എന്നാൽ ഫുക്കുഷിമ ദുരന്തത്തെ തുടർന്ന് രാജ്യം നേരിടുന്ന കടുത്ത ഊർജ്ജ ക്ഷാമത്തിന് താല്ക്കാലിക പ്രതിവിധി മാത്രമാണ് ഈ നടപടി എന്നാണ് അധികൃതർ പറയുന്നത്. പാരമ്പര്യേതര ഊർജ്ജ സ്രോതസുകളുടെ ഉപയോഗത്തിൽ വർദ്ധന വരുത്തി അണവ ഊർജ്ജത്തിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരിക തന്നെയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ജപ്പാൻ പ്രധാനമന്ത്രി യൊഷിഹിക്കോ നോഡ വ്യക്തമാക്കി.
ഫുക്കുഷിമ ആണവ ദുരന്തത്തെ തുടർന്ന് ജർമ്മനി അടക്കമുള്ള ചില യൂറോപ്യൻ രാജ്യങ്ങൾ ആണവ് ഊർജ്ജത്തിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നു. തങ്ങളുടെ എല്ലാ ആണവ നിലയങ്ങളും ജർമ്മനി പൂർണ്ണമായി പ്രവർത്തന രഹിതമാക്കുകയും ചെയ്തു. ആണവ ഊർജ്ജം സുരക്ഷിതമായ ഒരു ഊർജ്ജ സ്രോതസ്സല്ല എന്ന് തെളിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യ അടക്കമുള്ള പല മൂന്നാം ലോക രാജ്യങ്ങളിലും അമേരിക്കയും ഫ്രാൻസും പോലുള്ള രാജ്യങ്ങൾ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ മൽസരിക്കുകയാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nuclear