ചരിത്രത്തില്‍ ആദ്യമായി ടൊയോട്ട കാര്‍ കമ്പനി നഷ്ടം രേഖപ്പെടുത്തുന്നു. 1938ല്‍ ആരംഭിച്ച കമ്പനി 1941 മുതലാണ് തങ്ങളുടെ ലാഭ നഷ്ട കണക്കുകള്‍ വെളിപ്പെടുത്തി തുടങ്ങിയത്. അന്ന് മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ലാഭത്തിന്റെ കണക്കുകള്‍ പറഞ്ഞ കമ്പനി ഇതാദ്യമായി നഷ്ടത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തി. ആഗോള മാന്ദ്യം വാഹന വ്യവസായത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് എന്ന്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍ക്കുളള ആവശ്യം ആഗോള തലത്തില്‍ തന്നെ കുറഞ്ഞത് എല്ലാ വാഹന നിര്‍മ്മാതാക്കളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ജപ്പാന്റെ കറന്‍സിയായ യെന്‍ ന്റെ മൂല്യം താഴേക്ക് കൂപ്പ് കുത്തിയത് വിപണിക്ക് വന്‍ തിരിച്ചടിയായി. ടൊയോട്ട അടക്കം എല്ലാ വാഹന നിര്‍മ്മാതാക്കളും ഇതോടെ ചിലവുകള്‍ വെട്ടി കുറക്കുവാനും തങ്ങളുടെ തൊഴിലാളികളെ പിരിച്ചു വിടുവാനും നിര്‍ബന്ധിതരായി. കമ്പനിയുടെ പ്രസിഡന്റ് കറ്റ്സുകി വതനബെ യുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ ലോകം കടന്ന് പോകുന്ന സാമ്പത്തിക പ്രതിസന്ധി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു പ്രതിഭാസം ആണ്. ഇത് നൂറ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത് ആണ് എന്നും അദ്ദേഹം പറയുന്നു. മാര്‍ച്ച് 2009ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ബില്ല്യണ്‍ ഡോളറിലേറെ പ്രവര്‍ത്തന നഷ്ടമാണ് കമ്പനി കണക്കാക്കിയിരിക്കുന്നത്.