മീനും മാങ്ങയും എന്ന് പറയുമ്പോള്‍ എനിക്ക് എന്റെ അമ്മവീട് ആണ് ഓര്‍മ്മ വരിക. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നില്‍ ആണ് എന്റെ മമ്മിയുടെ വീട്. അവിടെ മീന്‍ ഇല്ലാത്ത ഒരൊറ്റ ഉച്ചയൂണ് പോലും എനിക്ക് ഓര്‍മ്മയില്ല. വേനലവധി എന്ന് പറഞ്ഞാല്‍ പുളിങ്കുന്നില്‍ പോവാമല്ലോ എന്ന ഒറ്റ ചിന്തയാണ് അന്നൊക്കെ. വീടിനു ചുറ്റും ആറും, തോടും, വയല്‍ പരപ്പുകളുമാണ്. മീന്‍ സുലഭമായി ലഭിക്കും. കരിമീന്‍, വാള, ചേറു മീന്‍ എന്നിങ്ങനെ മീനുകളുടെ ലിസ്റ്റ് നീളും. ഇതൊന്നും പോരാഞ്ഞിട്ട് ഞങ്ങള്‍ കുട്ടികളുടെ വക ചൂണ്ടയിട്ടു പിടിച്ച ചെറു മീനുകളും കാണും. കസിന്‍സ് ഒക്കെ അവധിക്കു എത്തും. എല്ലാവരും കൂടി ചൂണ്ടയുമെടുത്തു രാവിലെ ഇറങ്ങുകയായി. പാടവക്കത്തും, തോടരുകിലും ഒക്കെ കൂട്ടം കൂടി ഇരുന്നു മീന്‍ പിടുത്തം തന്നെ വിനോദം. പള്ളത്തി, പരല്‍, ചെമ്പല്ലി.. ഇവരൊക്കെയാണ് ഞങ്ങളുടെ ചൂണ്ടയില്‍ പെടുന്നവര്‍. മീന്‍ പിടിച്ചു ഉടനെ തന്നെ ഓടി കൊണ്ട് പോയി അമ്മച്ചിയുടെ (മമ്മിയുടെ അമ്മ) കയ്യില്‍ കൊടുക്കും. അതിനെ അപ്പോള്‍ തന്നെ വെട്ടി വൃത്തിയാക്കി കറി വച്ച് ഉച്ചക്ക് ഊണ് മേശയില്‍ എത്തിച്ചിരുന്നു അമ്മച്ചി. മീന്‍ വറുത്തത്, പീര വച്ചത്, പുളിയിട്ടു വറ്റിച്ചത്, ഇനി ഇതൊന്നുമല്ലെങ്കില്‍ മുറ്റത്തെ മാവില്‍ നിന്നും ഒരു മാങ്ങാ പറിച്ചു മീന്‍ അങ്ങ് മാങ്ങാ ഇട്ടു വയ്ക്കും. ഇനി മാങ്ങയുടെ കാര്യം പറഞ്ഞാലോ, എന്തൊക്കെ വിധം മാങ്ങകള്‍ ആയിരുന്നു.. കിളിച്ചുണ്ടന്‍, നീലം, മൂവാണ്ടന്‍.. അപ്പൊ മീനും മാങ്ങയും എന്ന് പറഞ്ഞാല്‍ അന്ന് അത് സ്പെഷ്യല്‍ ആയിരുന്നില്ല. നമ്മുടെ ചുറ്റുവട്ടത്തു സുലഭമായി ലഭിക്കുന്ന സംഗതികള്‍ കൊണ്ടുള്ള ഒരു കറി. സുഖമുള്ള ഓര്‍മ്മകള്‍.
ഇവിടെ ദുബായില്‍ വന്നപ്പോ മീനും മാങ്ങയും ഒക്കെ വല്ലപ്പോഴും വയ്ക്കുന്ന സ്പെഷ്യല്‍ ഐറ്റംസ് ആയി. ഏതായാലും നല്ല നാടന്‍ രുചിയുള്ള ഒരു മീന്‍ കറി ആണ് ഇത്. ഇനി മീന്‍ മേടിക്കുമ്പോള്‍ ഇത് ഒന്ന് ട്രൈ ചെയ്യൂ. ഞാന്‍ ഇതില്‍ നെയ്മീന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
ചേരുവകള്‍
മീന്‍ – 1 കിലോ (കഷ്ണം മീനുകള്‍ കൂടുതല്‍ നന്നായിരിക്കും)
മാങ്ങ (നല്ല പുളിയുള്ളത്) – 1 വലുത് വലിയ നീളന്‍ കഷ്ണങ്ങള്‍ ആയി അരിയുക.
ഇഞ്ചി – 1 ഇഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം നെടുകെ കീറിയത്
ചെറിയ ഉള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില – 2 തണ്ട്
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 11/2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
തേങ്ങാ – ഒരു മുറി
വെളിച്ചെണ്ണ – 1ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
തേങ്ങാ അരച്ച് ഒന്നും രണ്ടും പാല്‍ ഓരോ വലിയ ഗ്ലാസ് വീതം എടുക്കുക. മാങ്ങാ, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ഒരു മണ്‍ചട്ടിയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കി, മീന്‍ കഷ്ണങ്ങള്‍ ഇട്ടു അടുപ്പത്തു വയ്ക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കുക. ഉലുവയും കടുകും കറിവേപ്പിലയും അല്പം ചെറിയ ഉള്ളിയും വെളിച്ചെണ്ണയില്‍ മൂപ്പിച്ച് മുകളില്‍ ഒഴിക്കുക.